വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ രാജ്യവ്യാപകമായി വനിതാ മാര്‍ച്ച്. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകളെ മത്സരിക്കാന്‍ പ്രോത്സാഹിപ്പിച്ചും ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ചും നടന്ന റാലികളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
ട്രംപിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ റാലികളില്‍ പ്രതിഷേധമുയര്‍ന്നു. പവര്‍ ടു ദ പോള്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച മാര്‍ച്ച് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശക്തിയാര്‍ജിക്കുന്ന സ്ത്രീ സാന്നിദ്ധ്യത്തിന്റെ തെളിവായി മാറി.
രാഷ്ട്രീയത്തില്‍ സ്ത്രീ പങ്കാളിത്തം, പ്രത്യേകിച്ച് കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ സാന്നിദ്ധ്യം, ഉറപ്പാക്കുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ക്ലീവ്‌ലാന്‍ഡ്, റിച്ച്മണ്ട്, വെര്‍ജീനിയ, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, ഓസ്റ്റിന്‍, ടെക്‌സാസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പതിനായിരങ്ങള്‍ തെരുവിലിറങ്ങി.
ട്രംപിന്റെ നയങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. വര്‍ധിച്ച ലൈംഗിക ചൂഷണം, വേതനത്തിലെ ലിംഗവിവേചനം തുടങ്ങിയവയും മുദ്രാവാക്യങ്ങളായി മുഴങ്ങി.
വംശീയ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ ട്രംപ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളും ഉന്നയിക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം, ഹവായിയില്‍ നിന്നുള്ള തെരേസ ഷുക്ക് വിഭാവനം ചെയ്ത ട്രംപ് വിരുദ്ധ വനിതാ മാര്‍ച്ച് സമൂഹമാധ്യമങ്ങളിലൂടെ ആഗോള പിന്തുണ നേടുകയായിരുന്നു.
അതേസമയം, സ്ത്രീകള്‍ക്കു മാര്‍ച്ച് നടത്തുന്നതിന് അനുയോജ്യമായ സുന്ദരമായ കാലാവസ്ഥയാണു രാജ്യത്തെന്നു ട്വിറ്ററിലൂടെ ട്രംപ് പ്രതികരിച്ചു.