X

വ്രതശുദ്ധിയില്‍ ഉണരേണ്ട ജീവിതചിന്തകള്‍- പി. മുഹമ്മദ് കുട്ടശ്ശേരി

പി. മുഹമ്മദ് കുട്ടശ്ശേരി

വിശുദ്ധ റമസാനിലെ വ്രതശുദ്ധിയില്‍ ഓരോ മനുഷ്യനും അവനെപ്പറ്റി ചിന്തിക്കേണ്ടത് അനിവാര്യമാണ്. ഖുര്‍ആന്‍ സൂചിപ്പിക്കുംപോലെ നമുക്ക് ഒരസ്തിത്വം തന്നെയില്ലാത്ത ഒരവസ്ഥയുണ്ടായിരുന്നുവല്ലോ. ഒരു ബീജകണമാണ് നമ്മുടെ സൃഷ്ടിപ്പിന്റെ ആധാരം. അഥവാ പുരുഷ ബീജം സ്ത്രീയുടെ അണ്ഡവുമായി ചേര്‍ന്ന് വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിച്ച് ഒരു മനുഷ്യക്കുഞ്ഞായി രൂപാന്തരം പ്രാപിച്ചു. എല്ലാം അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമമനുസരിച്ച് മാത്രം. നമ്മുടെയൊക്കെ ലിംഗമോ രൂപമോ നിര്‍ണയിച്ചതില്‍ നമുക്കൊരു പങ്കുമില്ല. എല്ലാം ദൈവേച്ഛ പ്രകാരം മാത്രം. ഖുര്‍ആന്‍ പ്രസ്താവിക്കുന്നു: ‘ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്. അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെ നല്‍കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളേയും. അല്ലെങ്കില്‍ ആണും പെണ്ണും ഇടകലര്‍ത്തി നല്‍കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ വന്ധ്യതയുള്ളവരുമാക്കുന്നു’. ശാസ്ത്രം എത്രമാത്രം വളരട്ടെ ഇതിലൊന്നും ഇടപെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രാര്‍ഥന മാത്രമാണ് മനുഷ്യന് അവലംബം.

നാം ഓരോരുത്തരും ഈ ഭൂമിയിലേക്ക് പെറ്റ് വീണ് വിവിധ ദശകളിലൂടെ സഞ്ചരിച്ചാണ് ഈ അവസ്ഥയിലെത്തിയത്. മനുഷ്യ ജീവിതത്തിലെ ഏറ്റവും സുവര്‍ണമായ കാലഘട്ടമാണല്ലൊ യുവത്വം. ഇതിനെ വേണ്ടവിധം ഉപയോഗപ്പെടുത്തി ധാരാളം പുണ്യങ്ങളും നന്മകളും വാരിക്കൂട്ടാന്‍ കഴിയുന്ന കാലം. പക്ഷേ എത്ര യുവാക്കളാണ് ഈ മധുരാവസരം നഷ്ടപ്പെടുത്തുന്നവരായിട്ടുള്ളത്. ‘വാര്‍ധക്യത്തിന് മുമ്പ് യുവത്വം ഉപയോഗപ്പെടുത്തുക’- പ്രവാചകന്‍ ഉപദേശിക്കുന്നു. ഒരു അറബി കവി വാര്‍ധക്യകാലത്ത് നഷ്ടയൗവനത്തെ ഓര്‍ത്ത് വിലപിച്ച് ഇങ്ങനെ പാടി: ‘യുവത്വം മടങ്ങിയെത്തിരുന്നെങ്കില്‍ വാര്‍ധക്യ നരയുടെ വിക്രിയകള്‍ അതിന് പറഞ്ഞുകൊടുക്കുമായിരുന്നു.’ ആരോഗ്യവും ഒഴിവും രണ്ടും ദൈവാനുഗ്രഹങ്ങളാണ്. അത് ഉപയോഗപ്പെടുത്തുന്നതില്‍ അധിക മനുഷ്യര്‍ക്കും നഷ്ടം പറ്റാറുണ്ട് -പ്രവാകന്‍ ഉണര്‍ത്തുന്നു.

ഖലീഫ ഉമറിന് യുവാക്കളെ വലിയ പരിഗണനയായിരുന്നു. ഒരു യുവാവ് അദ്ദേഹത്തിന്റെ കണ്ണിനെ ആകര്‍ഷിച്ചാല്‍ അവന്റെ തൊഴില്‍ അന്വേഷിക്കും. തൊഴില്‍ രഹിതനാണെന്നറിഞ്ഞാല്‍ അവന്‍ പിന്നെ അദ്ദേഹത്തിന്റെ കണ്ണില്‍ ചെറുതായി. ഒരു ചെറുപ്പക്കാരന്‍ നടുവളഞ്ഞ് നടക്കുന്നത് കണ്ടപ്പോള്‍ ഉമര്‍ ‘നേരെ നടക്കൂ’ എന്നു പറഞ്ഞ് അവന് ഒരടി കൊടുത്തു. അവന്‍ നടത്തത്തിന്റെ രൂപം മാറ്റി. തൊഴിലൊന്നും ചെയ്യാതെ പള്ളിയില്‍ ചടഞ്ഞുകൂടിയിരുന്നവരെ ഉമര്‍ പുറത്താക്കി, പണിയെടുക്കാന്‍ കല്‍പിച്ചു.

വാര്‍ധക്യകാലം പലര്‍ക്കും നിഷ്‌ക്രിയത്വത്തിന്റെയും നിരാശയുടെയും കാലമാണ്. ശരീരം പൂര്‍ണമായും വഴങ്ങുന്നില്ലെങ്കിലും മനസ് ഉന്മേഷഭരിതമായിരിക്കണം. പ്രായമായിട്ടും യുവാക്കളെ കവച്ചുവെക്കുന്ന ഉത്സാഹവും കര്‍മോത്സുകതയും പ്രകടിപ്പിക്കുന്ന പലരുമുണ്ട്. തൊണ്ണൂറുകാരനായിരുന്ന ലോക പ്രസിദ്ധ പണ്ഡിതന്‍ ശൈഖ് ഇബ്‌നു ബാസ് സദാ സുസ്‌മേര വദനനായിരുന്നു. ചെറുപ്പക്കാര്‍ അദ്ദേഹത്തെ സമീപിച്ച് ഇതിന്റെ രഹസ്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറയുകയാണ്, മനസ് ഉന്മേഷഭരിതമാണെങ്കില്‍ അവയവങ്ങള്‍ക്ക് തളര്‍ച്ച ബാധിക്കുകയില്ല. സ്‌പെയിനില്‍ ജനിച്ച ടക്കിയ മൂസബ്‌നു നുസൈര്‍ 80 ാം വയസിലാണ് ഒരു യുദ്ധം നയിച്ചത്. 130 വയസ് വരെ ജീവിച്ച ഖാസിം ബഗവി മരിക്കും വരെ ക്ലാസെടുക്കുമായിരുന്നു.

പ്രായമായാല്‍ പിന്നെ ജനസേവന പ്രവര്‍ത്തനങ്ങളൊക്കെ അവസാനിപ്പിച്ച് ആരധനകളിലും ദൈവ വിചാരത്തിലും മാത്രം മുഴുകി കഴിയണമെന്ന ധാരണക്ക് അടിസ്ഥാനമില്ല. പ്രവാചകന്‍ ഉപദേശം നല്‍കുമ്പോള്‍ കരയിപ്പിക്കുക മാത്രമല്ല, ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു. ജീവിച്ചിരിക്കുന്ന പ്രസിദ്ധ അറബി എഴുത്തുകാരനും പണ്ഡിതനുമായ ഡോ. ആഇദ്ദല്‍ ഖര്‍നിക്ക് ‘തബസ്സം’-പുഞ്ചിരിക്കൂ! – എന്നൊരു പുസ്തകമുണ്ട്. അതില്‍ അദ്ദേഹം പുഞ്ചിരിക്കുന്ന മുഖഭാവം പ്രകടിപ്പിക്കുന്നവനെ ഒരിയ്ക്കലും കുടുംബാംഗങ്ങള്‍ ഏകാന്തതയിലേക്ക് തള്ളിവിടുകയില്ല എന്ന് സമര്‍ഥിക്കുന്നു. പ്രായമായവര്‍ക്ക് കുടുംബത്തില്‍ കൂടുതല്‍ പരിഗണനയും ലഭ്യമാകണം. അഥവാ അവരുടെ സമീപനം അത് സാധ്യമാകും വിധമായിരിക്കണം.

മനുഷ്യന്റെ ജനനം വിവരിച്ചുകൊണ്ടാണല്ലൊ ഈ ലേഖനം ആരംഭിച്ചത്. എന്നാല്‍ ഓരോ മനുഷ്യന്റെയും ജീവിതത്തിന് ഒരവസാനമുണ്ട്. അത് എപ്പോള്‍ സംഭവിക്കുമെന്ന് സ്രഷ്ടാവിന് മാത്രമേ അറിയുകയുള്ളു. വൈകുന്നേരമായാല്‍ പുലരുംവരെ, നേരം പുലര്‍ന്നാല്‍ വൈകുന്നേരം വരെ ജീവിക്കുമെന്ന് ഉറപ്പിക്കരുതെന്ന് പ്രവാചകന്‍ ഉണര്‍ത്തുന്നു. അതായത് ഈ യാത്ര ഏത് നിമിഷവും അവസാനിച്ചെന്ന് വരും നവവധുവിന്റെ മുഖത്ത് ഒരു മുത്തമര്‍പ്പിച്ച് വീടിനടുത്തുള്ള കടയിലേക്ക് ബൈക്കില്‍ പുറപ്പെട്ട പ്രിയതമന്റെ ചലനമറ്റ ശരീരമാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത്. മരണത്തില്‍ നിന്ന് രക്ഷപെടാനുള്ള ഒരു സുരക്ഷിത മാര്‍ഗമില്ല. ‘കെട്ടി ഉയര്‍ത്തിയ കൊട്ടാരത്തിനുള്ളിലാണെങ്കിലും’ എന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. മരണത്തോടെ മനുഷ്യന്റെ സമ്പത്തും ജീവിതവും സൗകര്യങ്ങളും കുടുംബവും അധികാരവും സ്ഥാനമാനങ്ങളും പോയ്ക്കഴിഞ്ഞു. അവശേഷിക്കുന്നത് അവന്റെ സല്‍കര്‍മങ്ങള്‍ മാത്രം. ഓരോ മനുഷ്യനും സ്വന്തത്തോടെന്നപോലെ സ്രഷ്ടാവിനോടും സമൂഹത്തോടും ചില കടമകളുണ്ട്. ഭൗതിക ജീവിതത്തോട് വിട പറഞ്ഞാലും മനുഷ്യന്റെ കൂടെയുണ്ടാവുക അവന്‍ ചെയ്ത സുകൃതങ്ങള്‍ മാത്രം. ആരാധനകള്‍കൊണ്ട് മാത്രം ദൈവത്തോടുള്ള കടമകള്‍ പൂര്‍ണമാകുന്നില്ല. അവന്റെ സൃഷ്ടികള്‍ക്ക് നന്മ പ്രവര്‍ത്തിക്കുകയും വേണം. റമസാന്‍ വ്രതം നമ്മുടെ ചിന്തയുണര്‍ത്തുകയും കടമകളെപ്പറ്റി ബോധം ജനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

Test User: