X

തോട്ടട ഐടിഐ സംഘര്‍ഷം; സിപിഎം ക്രിമിനലുകളെ വളര്‍ത്തുന്നു; വി ഡി സതീശന്‍

കണ്ണൂര്‍ തോട്ടട ഐടിഐയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതികരിച്ച് വി ഡി സതീശന്‍. സിപിഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ വളര്‍ത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. എസ്എഫ്ഐ അല്ലാത്ത എല്ലാവരെയും അവര്‍ ആക്രമിക്കുകയാണെന്നും തോട്ടട ഐടിഐ എസ്എഫ്ഐയുടെ ആയുധപ്പുരയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില അധ്യപകര്‍ തന്നെ ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

ഇരകളെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്‌തെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. മര്‍ദനമേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും സതീശന്‍ വ്യക്തമാക്കി.

മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ്‌യു യൂണിറ്റ് രൂപികരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെ കൊടിമരം സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇത് പിഴുതുമാറ്റിയതായി കൈഎസ്‌യു പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനെ ചൊല്ലി കെഎസ്‌യു നേതാക്കള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ കോളേജ് ക്യാംപസിലെത്തി. തുടര്‍ന്ന് കൊടി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് പൊലീസിനോട് സംസാരിച്ച് പ്രിന്‍സിപ്പലിനെ കാണാന്‍ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസുമൊത്ത് പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് പോകുന്നതിനിടയിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ് സംഘര്‍ഷത്തില്‍ എത്തിയത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദനമേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് കണ്ണൂര്‍ തോട്ടട ഗവണ്‍മെന്റ് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച്ച സര്‍വ്വകക്ഷി യോഗം വിളിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

webdesk17: