അശ്‌റഫ് തൂണേരി
ദോഹ: ഫിഫ ലോകകപ്പ് ടൂര്‍ണ്ണമെന്റിന്റെ മാച്ച് ടിക്കറ്റ് എടുക്കാത്തവര്‍ക്കും ഹയ്യാ കാര്‍ഡ് മുഖേന ഖത്തറിലെത്താനാവുമെന്ന് സംഘാടകര്‍. ടൂര്‍ണ്ണമെന്റിലെ ഗ്രൂപ്പിന മത്സരങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 2 മുതലാണ് ഈ സൗകര്യമുണ്ടാവുകയെന്ന് ഖത്തര്‍ ലോകകപ്പ് സുരക്ഷാ സേനയുടേയും ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റേയും വക്താവ് കേണല്‍ ഡോ. ജബര്‍ ഹമൂദ് അല്‍നുഐമി അറിയിച്ചു.
ലോകകപ്പ് വരവേല്‍ക്കാന്‍ ഖത്തര്‍ സര്‍വ്വസജ്ജമാണെന്നറിയിക്കാനായി വിവിധ സംഘാടക മേധാവികള്‍ പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അത്യപൂര്‍വ്വമായ ലോകകപ്പ് പരമാവധി ആളുകള്‍ ആസ്വദിക്കാന്‍ സംവിധാനമൊരുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ടിക്കറ്റില്ലാത്തവര്‍ക്കും ഹയ്യാ മൊബൈല്‍ ആപ്പ് വഴി ഹയ്യാ കാര്‍ഡിന് ഇന്നു മുതല്‍ തന്നെ അപേക്ഷിക്കാനാവുമെന്നും കേണല്‍ ജബര്‍ വിശദീകരിച്ചു. സ്‌റ്റേഡിയത്തിലും പുറത്തും ഗതാഗത സംവിധാനങ്ങള്‍ സുഗമമായി നടത്താനും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. വിവിധ ലോക രാജ്യങ്ങളിലെ സേനകളുടെ സഹായത്തോടെയാണ് ഖത്തര്‍ ഏറെക്കാലത്തെ പരിശീലനത്തിലൂടെ സജ്ജീകരണങ്ങളൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫുട്‌ബോള്‍ പ്രേമികളേയും താരങ്ങളേയും ചികിത്സിക്കാനായി നൂറിലധികം ക്ലിനിക്കുകളും അടിയന്തിര സേവനത്തിനായി ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം തയ്യാറാണെന്ന് ഫിഫ ആരോഗ്യസേവന വക്താവ് ഡോ.യൂസുഫ് അല്‍മസ്്‌ലമാനി പറഞ്ഞു. സ്‌റ്റേഡിയങ്ങളുടെ പരിസരങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമാണ് ഇത്തരം ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. അടിയന്തിര സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 16000 എന്ന നമ്പരില്‍ വിളിക്കാം. അടിയന്തിരമല്ലാത്ത സേവനങ്ങള്‍ക്ക് സ്വകാര്യ ക്ലിനിക്കുകളെയും ഉപയോഗപ്പെടുത്താം. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമില്ലെങ്കിലും കൈവശമുള്ളവര്‍ക്ക് അത് സ്വകാര്യ ആശുപത്രികളിലോ മെഡിക്കല്‍ സെന്ററുകളിലോ പ്രയോജനപ്പെടുത്താമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 3,600 ബസ്സുകള്‍ എല്ലാ ദിവസവും ഫിഫ സേവനത്തിനായി നിരത്തിലിറങ്ങുമെന്നും എല്ലാ 165 സെക്കന്റിലും മെട്രോ ട്രെയിനുണ്ടെന്നും ഓപ്പറേഷന്‍ ചുമതലയുള്ള ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അലി അല്‍ അലി ദോഹ മുശൈരിബിലെ ഹോസ്റ്റ് കണ്‍ട്രി മീഡിയാ സെന്ററില്‍ നടന്ന പ്രഥമ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.