X
    Categories: indiaNews

വിഭജനത്തില്‍ വേര്‍പെട്ടവര്‍ 75 വര്‍ഷത്തിനു ശേഷം ഒന്നിച്ചു

ന്യൂഡല്‍ഹി: 75 വര്‍ഷത്തിനു ശേഷം പരസ്പരം കണ്ടുമുട്ടിയപ്പോള്‍ അമര്‍ജിത് സിങ്ങും കുല്‍സൂം അക്തറും സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു. ഇരുവടേയും കണ്ണുകള്‍ നിറഞ്ഞു. ഇന്ത്യാ-പാക് വിഭജനകാലത്ത് വേര്‍പിരിഞ്ഞുപോയ അമര്‍ജിത്തിനെ സഹോദരി കുല്‍സൂം പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടുമുട്ടിയത് പാകിസ്താനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലാണ്.

താന്‍ ഇന്ത്യയില്‍ ഉപേക്ഷിക്കപ്പെടുന്ന കാലത്ത് ജനിച്ചിട്ടില്ലാത്ത തന്റെ സഹോദരിയെ കാണാന്‍ പ്രത്യേക വിസ കരസ്ഥമാക്കിയാണ് ജലന്ധറില്‍ നിന്ന് അമര്‍ജിത് എത്തിയത്. സഹോദരിയെ കാണാന്‍ ചക്രക്കസേരയിലെത്തിയ അമര്‍ജിത് അവിടെയുണ്ടായിരുന്ന ഏവരുടേയും കണ്ണുനനയിച്ചു. ബുധനാഴ്ചയായിരുന്നു ഇവരുടെ കൂടിക്കാഴ്ച. അമര്‍ജിത്തിന്റേയും കുല്‍സൂമിന്റേയും മുസ്്‌ലിം മതസ്ഥരായ മാതാപിതാക്കള്‍ അമര്‍ജിത്തിനേയും മറ്റൊരു മകളേയും ഇന്ത്യയില്‍ ഉപേക്ഷിച്ചാണ് ജലന്ധറില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയത്. പാകിസ്താനിലാണ് കുല്‍സൂം ജനിച്ചത്. ഉപേക്ഷിച്ചുപോന്ന മക്കളെ കുറിച്ചോര്‍ത്ത് തന്റെ മാതാവ് എപ്പോഴും കരയുമായിരുന്നെന്ന് കുല്‍സൂം പറഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവിന്റെ സുഹൃത്തായ സര്‍ദാര്‍ ദാരാ സിങ് പാകിസ്താനിലെത്തിയപ്പോള്‍ അമര്‍ജിത്തിന്റേയും കുല്‍സൂമിന്റേയും മാതാവ് അദ്ദേഹത്തോട് തന്റെ മക്കളെ കുറിച്ചും ജലന്ധറിലെ വീടിനേക്കുറിച്ചും വിവരം നല്‍കിയതാണ് വര്‍ഷങ്ങള്‍ക്കിപ്പുറത്തെ ഒത്തുചേരലിന് വഴിയൊരുക്കിയത്. ഇന്ത്യയില്‍ മടങ്ങിയെത്തിയ സര്‍ദാര്‍ ദാരാ സിങ് കുട്ടികളെ കുറിച്ച് അന്വേഷിച്ചു.

ജലന്ധറിലെ പദവാനിലെത്തിയ ദാരാ സിങ്ങിന് അമര്‍ജിത്തിനെ കണ്ടെത്താന്‍ സാധിച്ചു. പക്ഷെ അമര്‍ജിത്തിന്റെ സഹോദരി മരിച്ചുപോയിരുന്നു. ദാരാ സിങ് ആ വിവരം അമര്‍ജിത്തിന്റെ മാതാവിനെ അറിയിച്ചു. അമര്‍ജിത്തിനെ 1947ല്‍ ഒരു സിഖ് കുടുംബം ദത്തെടുക്കുകയും അമര്‍ജിത് സിങ് എന്ന പേര് നല്‍കുകയും ചെയ്തിരുന്നു. സഹോദരന്റെ വിവരം ലഭിച്ചതോടെ കുല്‍സൂം അദ്ദേഹത്തെ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ടു. പരസ്പരം കാണാമെന്ന ധാരണയിലുമെത്തി. അടല്‍-വാഗാ അതിര്‍ത്തി വഴിയാണ് അമര്‍ജിത് പാകിസ്താനിലെത്തിയത്.

65കാരിയായ കുല്‍സൂം തന്റെ കടുത്ത നടുവേദനയെ അവഗണിച്ചാണ് സഹോദരനെ കാണാന്‍ ഫൈസലാബാദില്‍ നിന്ന് കര്‍താര്‍പൂരിലെത്തിയത്. മകന്‍ ഷഹ്‌സാദ് അഹമ്മദും മറ്റുബന്ധുക്കളും കുല്‍സൂമിനൊപ്പമുണ്ടായിരുന്നു. തന്റെ യഥാര്‍ഥ മാതാപിതാക്കള്‍ പാകിസ്താനികളും മുസ്്‌ലിംകളും ആണെന്ന വിവരം ആദ്യമറിഞ്ഞപ്പോള്‍ വലിയ ഞെട്ടലുണ്ടായയെന്ന് അമര്‍ജിത് പറയുന്നു. വിഭജനം അനവധി കുടുംബങ്ങള്‍ക്ക് അത്തരത്തിലുള്ള വേര്‍പാടുകളും മാനസികാഘാതങ്ങളും ഉണ്ടാക്കിയെന്ന വസ്തുത ഉള്‍ക്കൊണ്ടതോടെ വിഷമം മാറിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ മൂന്ന് സഹോദരന്‍മാര്‍ ജീവിച്ചിരിക്കുന്ന വിവരം ഏറെ സന്തോഷം പകര്‍ന്നെന്നും അമര്‍ജിത് വ്യക്തമാക്കി. പാകിസ്താനിലുള്ള കുടുംബത്തെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്നും തന്റെ സിഖ് കുടുംബവുമായി കൂടിക്കാഴ്ച ഒരുക്കണമെന്നുള്ള ആഗ്രഹവും അമര്‍ജിത് പങ്കുവെച്ചു. അമര്‍ജിത്തും കുല്‍സൂമും പരസ്പരം നല്‍കാന്‍ നിരവധി പാരിതോഷികങ്ങളുമായാണ് കാണാനെത്തിയത്.

മുത്തശ്ശിയില്‍ നിന്നും മാതാവില്‍ നിന്നും കേട്ടുപരിചയിച്ച ഇന്ത്യയിലെ അമ്മാവനെ കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി കുല്‍സൂമിന്റെ മകന്‍ ഷഹാസാദ് പറഞ്ഞു. 75 വര്‍ഷത്തിനു ശേഷം തന്റെ മാതാവിന് അവരുടെ സഹോദരനെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഷഹ്‌സാദ് അറിയിച്ചു. തന്റെ അമ്മാവന്‍ ഒരു സിഖുകാരാനായാണ് ജീവിക്കുന്നതെങ്കിലും തന്റെ കുടുംബത്തിന് അക്കാര്യത്തില്‍ വിഷമമില്ലെന്നും ഷഹ്‌സാദ് കൂട്ടിച്ചേര്‍ത്തു.

Test User: