X

ഭാരതത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ശ്രീകൃഷ്ണനും രാമനും ജയ് പറയണം: ബി.ജെ.പി

ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹമുള്ളവര്‍ ഹിന്ദു ദൈവങ്ങളായ രാമനെയും ശ്രീകൃഷ്ണനെയും വാഴ്‌ത്തേണ്ടി വരുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോഹന്‍ യാദവ്. പൗരന്മാര്‍ക്ക് അവരുടെ മതം ആചരിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ഇന്ത്യ എന്ന രാജ്യം അതിന്റെ പൂര്‍ണതയില്‍ ഉള്‍ക്കൊള്ളുന്നവര്‍ക്കേ രാജ്യസസ്‌നേഹം ഉള്ളവരാകാന്‍ സാധിക്കൂ എന്നും അദ്ദേഹം വാദിച്ചു.

അശോക് നഗര്‍ ജില്ലയിലെ ചന്ദേരി ടൗണില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു യാദവ്. രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലിംകളേയും വേര്‍തിരിക്കുന്നില്ലെന്നും എന്നാല്‍ ദൈവത്തെക്കുറിച്ചും അതിന്റെ സൃഷ്ടിയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും മനസിലാക്കുന്ന ആളുകളെ ആവശ്യമാണെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. ഹിന്ദു ദേവതകളെ ആരാധിച്ച മധ്യകാല മുസ്ലിം കവികളായ റഹീമും റസ്ഖാനും ജനിച്ചത് എവിടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘ഭാരതമണ്ണിനോട് നമ്മുടെ ആത്മാവിനെ ചേര്‍ത്ത് നിര്‍ത്തിയാല്‍ നമുക്ക് റഹീമിനെയും റാസ്ഖാനെയും ഓര്‍മിക്കാന്‍ സാധിക്കും അവരെ മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ സൂക്ഷിക്കുക, ഭാരതനില്‍ നിന്ന് ഭക്ഷിച്ച് മറ്റാരെയോ ആരാധിക്കുന്നവര്‍ക്ക് അത് മനസ്സിലാവുകയില്ല. നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ നിങ്ങള്‍ ഭഗവന്‍ കൃഷ്ണനും രാമനും ജയ് പറഞ്ഞെ മതിയാവൂ. ഞങ്ങള്‍ രാജ്യത്തുള്ള ആരെയും അപമാനിക്കുകയല്ല. എല്ലാവരെയും ബഹുമാനിക്കുന്നുണ്ട്,’ യാദവ് പറഞ്ഞു.

ചന്ദേരിയിലെ ഹാന്‍ഡ്ലൂം പാര്‍ക്കില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചാണ് ജോലി ചെയ്യുന്നതെന്നും സാരി നെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹാന്‍ഡ്ലൂം പാര്‍ക്കില്‍ ജോലി ചെയ്യുന്ന ഇരു സമുദായങ്ങളിലെയും തൊഴിലാളികള്‍ക്കായി കൈയടിക്കാന്‍ അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുത്തവരോട് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്നോട്ടെത്തിയിട്ടുണ്ട്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും സത്ത സ്നേഹമാണെന്ന് ബി.ജെ.പി നേതാക്കള്‍ അത് മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കുനാല്‍ ചൗധരി പ്രതികരിച്ചു.

‘രാമന്റെയും കൃഷ്ണന്റെയും സാരാംശം സ്‌നേഹമാണെന്ന് മുഖ്യമന്ത്രിയും ബി.ജെ.പി നേതാക്കളും ആദ്യം മനസിലാക്കണം. ഇവിടെ ജാതിയോ മതമോ വിഭാഗമോ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നില്ല. ഒരു പോരാട്ടമുണ്ടായാല്‍ അത് മനുഷ്യത്വത്തെ നശിപ്പിച്ചവര്‍ക്കെതിരെയാണ് ഉണ്ടാവുക. രാവണ നിഗ്രഹമാണെങ്കിലും കംസ നിഗ്രഹമാണെങ്കിലും തിന്മക്കെതിരായ നന്മയുടെ വിജയമാണ് അവിടെ ഉണ്ടായത്.

പരിധിക്കുള്ളില്‍ ജീവിതം നയിക്കാന്‍ പഠിപ്പിക്കുന്ന രാമന്റെ സത്തയും, ദ്വാരകയുടെ നാഥനായിരുന്നിട്ടും സുദാമനോട് അടുത്ത സൗഹൃദം പുലര്‍ത്തിയ കൃഷ്ണന്റെ സത്തയും വിശദീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കണം. ഈ വികാരമാണ് മനസിലാക്കേണ്ടത്. പരസ്പര സ്‌നേഹവും സഹോദര്യവുമാണ് താങ്കള്‍ മനസിലാക്കേണ്ടത്,’ ചൗധരി പറഞ്ഞു.

webdesk13: