X

സി.എച്ചിനെ ഹൃദയത്തില്‍ കൊണ്ടു നടന്നവര്‍ പ്രവാസികള്‍

കെ.പി മുഹമ്മദ്

കൈവെച്ച മേഖലകളിലെല്ലാം ഒന്നാമനായി കഴിവു തെളിയിച്ച തലമുറകളെ പ്രചോദിപ്പിച്ച കേരള രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ് കോയ. സമുദായ പുരോഗതിയെ കുറിച്ച് ഇത്രയധികം സ്വപ്‌നം കണ്ടൊരു നേതാവ സമീപകാല ചരിത്രത്തില്‍ കേരളം മുസ്ലിംകള്‍ കണ്ടിട്ടുണ്ടാകില്ല. ഈ കാലഘട്ടത്തില്‍ കേരളത്തിലെ മുസ്ലിംകള്‍ നേടിയ സര്‍വ്വ നേട്ടങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും വിശിഷ്യാ മലബാറിലെ ജനങ്ങള്‍, സി.എച്ചിനോളം മറ്റാരോടും കടപ്പെട്ടിട്ടുണ്ടാകില്ല. അദ്ദേഹം തന്റെ സമുദായത്തിലെ ഒരോ കുട്ടിയും അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന്, രാഷ്ട്രത്തിന്റെ മുന്നേറ്റത്തിനായി തങ്ങളുടേതായ പങ്കുവഹിക്കുന്നൊരു കാലത്തെ ഏറെ മുന്നേ സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നങ്ങള്‍ക്ക് നിറവും ചിറകും നല്‍കാനേ നമുക്ക് ഇന്ന് സാധിക്കുകയുള്ളൂ. പാതിരാത്രികളില്‍ നമസ്‌കരിച്ച് ആകാശത്തേക്ക് കൈകളുയര്‍ത്തുകയും സമുദായത്തിന്റെ മുന്നേറ്റത്തിനും മോചനത്തിനും വേണ്ടി പ്രപഞ്ചസ്രഷ്ടാവിനോട് മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന സര്‍ സയ്യിദിന്റെ മാതൃക പിന്‍പറ്റി അദ്ദേഹത്തെപ്പോലെ മുസ്ലിംകള്‍ക്കുവേണ്ടി ദുഖിക്കുകയും, സമുദായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത നേതാവായിരുന്നു സി എച്ചെന്ന് ചരിത്രകാരനായ എം.സി വടകര നിരീക്ഷിക്കുന്നുണ്ട്.

ആദരണീയനായ ജനനേതാവ്, കഴിവുറ്റ ഭരണാധികാരി, കൃതഹസ്തനായ പത്രപ്രവര്‍ത്തകന്‍, ഉന്നതനായ എഴുത്തുകാരന്‍, വശ്യവചസ്സായ പ്രഭാഷകന്‍, അങ്ങനെ എല്ലാ രംഗത്തും കഴിവു തെളിയിച്ച് ഒന്നാമനാവാന്‍ സാധിച്ചതാണ് സി.എച്ചില്‍ നമ്മള്‍ ഇന്നും കാണുന്ന അസാധാരണത്വം.കോഴിക്കോട്ടെ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹം ചന്ദ്രിക ദിനപ്പത്രത്തിന്റെ പത്രാധിപരാവുകയും പിന്നീട് 1952 ല്‍ കോഴിക്കോട്ടെ നഗരസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ഒരു വലപൊതുജീവിതത്തിന് തുടക്കമാവുകയായിരുന്നു.

സി.എച്ച് ദര്‍ശനം ചെയ്ത സാമുദായിക മുന്നേറ്റം സാധ്യമാക്കുന്നതില്‍ പ്രവാസികളുടെ പങ്കും പ്രത്യേകം പറയേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളായ മുസ്ലിം ലീഗിന്റെ കര്‍മ്മ ഭടന്മാര്‍ തങ്ങളുടെ അധ്വാനത്തിന്റെ നല്ലൊരു വിഹിതം നാട്ടിലെ ജീവകാരുണ്യ സാമൂഹ്യ മുന്നേറ്റ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചതിന്റെ പ്രതിഫലനം കൂടിയാണ് നാം ഇന്ന് കാണുന്ന സാമൂഹിക സന്തുലിത്വം. പ്രവാസിയുടെ വിയര്‍പ്പിന്റെ ചൂടും ചൂരുമറിയാത്ത ഒറ്റ സമുദായ വിദ്യഭ്യാസ സ്ഥാപനങ്ങളും മലബാറില്‍ കാണില്ല എന്നു തന്നെ തീര്‍ത്തും പറയാം. സി.എച്ചിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും മനസ്സില്‍ കൊണ്ടു നടന്ന ഓരോ മുസ്ലിം ലീഗുകാരനും ജീവിത പ്രാരാബ്ധങ്ങളുമായി മണരാലണ്യത്തിലെത്തിയപ്പോഴും, തന്റെ വ്യക്തിപരമായ വളര്‍ച്ചക്കൊപ്പം ഒപ്പമുള്ളവരുടെയും വളര്‍ച്ചയും ഉയര്‍ച്ചയും ഉറപ്പാക്കേണ്ടതുണ്ടെന്ന ബോധ്യത്തോടു ചെയ്ത കടപ്പാടിന്റെ കൂടി പ്രതിഫലനമായിരുന്നു. സി.എച്ചിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഏതു സൗധത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പിന്നിലും മുന്നിലും പ്രവാസിയുടെ വിയര്‍പ്പിന്റെ രുചിയുണ്ട്.

സി.എച്ചിനെ ഹൃദയത്തില്‍ കൊണ്ട് നടന്നവരായിരുന്നു ഗള്‍ഫ് പ്രവാസികള്‍. ആ മഹാമനീഷിയെ ആളും അര്‍ത്ഥവും നല്‍കി ബലപ്പെടുത്താന്‍ പ്രവാസികള്‍ മത്സരിച്ചിരിുന്നു. സി.എച്ച്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പങ്കെടുക്കുന്ന ഓരോ പരിപാടികളിലും അഭൂതപൂര്‍വ്വമായ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നതെന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മര്‍ഹൂം പി.എ ഇബ്രാഹീം ഹാജിയെ പോലുള്ളവര്‍ അക്കാലത്ത് സി.എച്ചിന്റെ പര്യടനങ്ങള്‍ക്ക് വാഹനവും സൗകര്യങ്ങളും നല്‍കി കൂടെ നിന്നു. ‘ചന്ദ്രിക’ പത്രത്തിന്റെ പ്രചരണത്തിനും വ്യാപനത്തിനും വേണ്ടി പ്രവാസികളുടെ പങ്ക് ഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു തന്റെ ഗള്‍ഫ് സന്ദര്‍ശനങ്ങളില്‍ സി.എച്ച്. പ്രധാനമായും താല്‍രപ്യം കാണിച്ചിരുന്നത്. അറുപതുകളുടെ അവസാനത്തോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ പേരുകളില്‍ ിലവിലുണ്ടായിരുന്ന മുസ്ലിം ലീഗിന്റെ പോഷക സംഘടനകളെ ഒരുമിപ്പിച്ച് ‘ചന്ദ്രിക റീഡേര്‍സ് ഫോറം’ എന്ന സംഘടനയുടെ കീഴിലാക്കിയത് സി.എച്ചിന്റെ പരിശ്രമം കൊണ്ടായിരുന്നു. ഇതിന് വേണ്ടി വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സി.എച്ചിന്റെ നേതൃത്വത്തില്‍ പര്യടനം നടത്തിയിരുന്നു. ഇന്നും ചന്ദ്രികയുടെ വ്യാപനത്തിനും ശാക്തീകരണത്തിനും വേണ്ടി ഗള്‍ഫ് പ്രവാസികള്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നു. മീഡിലീസ്റ്റ് ചന്ദ്രികയും ശാക്തീകരണത്തിന്റെ വഴിയിലാണ്.

40 വര്‍ഷം മുമ്പേ പ്രവാസി വിഷയത്തില്‍ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് നിയമസഭയില്‍ ഇങ്ങിനെ പ്രസംഗിച്ചിരുന്നു.

‘വാസ്തവത്തില്‍ ഈ രാജ്യത്ത് കടലും കരയും താണ്ടി അവിടെ ചെന്ന് മരുഭുമിയിലെ തണുപ്പിലും കൊടും ചൂടിലും ജോലി ചെയ്ത് ഈ കേരളത്തിലേക്ക് പണം അയച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരന്മാര്‍ കൂട്ടമായി മടങ്ങി വരുമ്പോള്‍, അവരെ റീഹാബിലിറ്റേറ്റു ചെയ്യാനുള്ള ഏര്‍പ്പാടുകളെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാത്തതെന്ത്?
കന്നിന്‍ കുട്ടികളെ വിതരണം ചെയ്യുന്നതാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ രാജ്യത്തെ ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല.’ പ്രവാസിയുടെ സന്തോഷ സന്താപങ്ങളെ കുറിച്ച് സി.എച്ച് എന്ന മഹാനേതാവിന്റെ ആലോചനകള്‍ എത്ര മാത്രം ആഴത്തിലുള്ളതും ആത്മാര്‍ത്ഥമായുമായിരുന്നുവെന്ന് ഈ വാക്കുകളില്‍ നമുക്ക് കാണാം.

കാരണം ഗള്‍ഫ് പ്രവാസികളുടെ സി.എച്ചിനോളം ഇടപെട്ട നേതാക്കള്‍ അപൂര്‍വ്വമായിരിക്കും. അദ്ദേഹത്തിന്റെ ‘ഗള്‍ഫ് രാജ്യങ്ങളില്‍’ എന്ന ഗ്രന്ഥത്തില്‍ പ്രവാസികള്‍ക്കായി നല്‍കുന്നൊരു ഉപദേശമുണ്ട്. അത് സാര്‍വ്വകാലികമായ ഒരു പദേശമായി തോന്നാറുണ്ട്. അതിങ്ങനെയാണ്. ‘ഗള്‍ഫ് രാജ്യങ്ങളുടെ വാതിലുകള്‍ എന്നും തുറന്നു കിട്ടില്ല. നിങ്ങള്‍ മുണ്ട് മുറുക്കി ചിലവ് ചുരുക്കുക. ഏതെങ്കിലും ഒരിനത്തില്‍ നിങ്ങള്‍ അധികച്ചിലവ് വരുത്തുന്നുവെങ്കില്‍ അത് നിങ്ങളുടെ വിദ്യാഭ്യാസ ചിലവിന് മാത്രമായിരിക്കണം.

ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ മുസ്ലിംകളുടെ സാംസ്‌കാരിക വ്യക്തിത്വവും അടയാളങ്ങളും കാത്തുസൂക്ഷിക്കുവാനുള്ള രാഷ്ട്രീയവും സാമൂഹികവുമായ അന്തരീക്ഷം ഇന്ത്യാ രാജ്യത്ത് ഉറപ്പുവരുത്തുക എന്നതായിരുന്നു സി.എച്ച് ഉയര്‍ത്തിപ്പിടിച്ച വലിയ രാഷ്ട്രീയ ദര്‍ശനം. ഉടുതുണിക്ക് മറുതുണി കാണാന്‍ പ്രയാസപ്പെടുന്നൊരു കാലത്താണ് സി.എച്ചിന്റെയും ബാഫഖി തങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെന്നത് കൊണ്ടു തന്നെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നില്ലല്ലോ അവരുടെ മുഖ്യം. രാഷ്ട്രീയ ശാക്തീകരണം തന്നെയായിരുന്നു. സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കല്‍, അവ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ജനാധിപത്യരീതിയില്‍ ചെറുത്തുനില്‍ക്കല്‍ തുടങ്ങിയ രാഷ്ട്രീയ ചിന്തകള്‍ തന്നെയായിരുന്നു അവരെ മുന്നോട്ട് നയിച്ചത്. സി എച്ചിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും നീക്കിവെച്ചത് അതിനാണ്.സി എച്ച് മുറുകെപ്പിടിച്ച ആ വിപ്ലവവീര്യം ഹരിതപതാക കയ്യിലേന്തുന്ന ഓരോരുത്തരിലുമുണ്ടാവണം.

ഇന്ന് സി.എച്ചിന് ഓര്‍മ്മകളും അദ്ദേഹം നടന്ന വഴികളുമാണ് നമ്മെ പ്രചോദിപ്പിക്കുന്നത്. ആ വ്യക്തിത്വത്തിന്റെ ഓര്‍മ്മകളും സംഭാവനകളും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കാന്‍ വിവിധ കെംഎംസിസികളും പ്രവാസി സംഘടനകളും നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

കേരളത്തിന്റെ പുറത്ത് സി.എച്ചിന് നല്‍കുന്ന ഏറ്റവും വലിയ അനുസ്മരണ സംഗമമാണ് സി.എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ് എന്ന പേരില്‍ ദദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷന്തോറും നടന്നു വരാറുള്ള അന്താരാഷ്ട്രം സംഗമം. ആ മഹാജീവിത പകര്‍ന്ന വെളിച്ചം ലോകത്തെ വിവിവിധ രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ജനങ്ങള്‍ക്കു കൂടി പരിചയപ്പെടാന്‍ ഉതകും വിധമാണ് ഈ സംഗമം നടക്കുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്കായി പോരാടുന്ന മികച്ച വ്യക്തിത്വങ്ങഓള്‍ക്ക്, കേരളം കണ്ട ഏറ്റവം മികച്ച സാമാജികനായ സി.എച്ചിന്റെ പേരില്‍ രാഷ്ട്ര സേവാ പുരസ്‌കാരവും ദുബൈ കെഎംസിസി കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്‍കി വരുന്നു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, സി.പി ജോണ്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ശശി തരൂര്‍ എം.പി തുടങ്ങിയവരാണ് കഴിഞ്ഞ കാലങ്ങളില്‍ ഈ പുരസ്‌കാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 26ന് ദുബൈ അല്‍ ബറ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ യു.എ.ഇയിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ മുന്നേറ്റത്തിന് അടിത്തറ പണിത, അതിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളെയെല്ലാം തന്റെ ഹൃദയത്തിലേക്കും തലച്ചോറിലേക്കും ആവാഹിച്ച് രാപ്പകലില്ലാതെ സമുദായത്തിനായി കഠിനാധ്വാനം ചെയ്ത സി.എച്ചിന്റെ ഓര്‍മ്മകള്‍ പോലും മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് ഊര്‍ജ്ജവും ഇന്ധനവുമാണെന്നതില്‍ തര്‍ക്കമില്ല.

webdesk17: