X

സില്‍വര്‍ ലൈനിന് രണ്ടു ലക്ഷം കോടി ചെലവഴിക്കുന്നവര്‍ക്ക് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ 2000 കോടി നല്‍കാനില്ല; വി ഡി സതീശന്‍

ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ച്ചയുടെ പടുകുഴിയില്‍ തള്ളിയിടുകയാണ് സര്‍ക്കാറെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഷെഡ്യൂളുകള്‍ മുടങ്ങി, ബസുകള്‍ പലതും കടപ്പുറത്ത്, പുതിയ ബസുകളില്ല. ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ മറ്റൊരു കമ്പനിയുടെ കീഴിലാക്കുന്നതോടെ യഥാര്‍ഥ കെ.എസ്.ആര്‍.ടി.സി നിലയില്ലാക്കയത്തിലാകും. കെ.എസ്.ആര്‍.ടി.സിയെ ദയാവധത്തിന് വിട്ടു കൊടുക്കുകയാണ് സര്‍ക്കാര്‍.

രണ്ട് ലക്ഷം കോടി മുടക്കി വരേണ്യവര്‍ഗത്തിനായി സില്‍വര്‍ ലൈന്‍ നടപ്പാക്കണമെന്ന് വാശി പിടിക്കുന്ന സര്‍ക്കാരിന് രണ്ടായിരം കോടി നല്‍കി കെ.എസ്.ആര്‍.ടി.സി യെ രക്ഷിക്കാന്‍ മനസില്ല പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ് കണ്‍സഷന്‍ ഔദാര്യമല്ല വിദ്യാര്‍ഥികളുടെ അവകാശം അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി എന്ന വലിയ പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാനുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.

പ്രതിപക്ഷ നേതാവ് സഭയില്‍ അവതരിപ്പിച്ച വാക്കൗട്ട് പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ സാധാരണക്കാരന്റെ അഭയമായ പൊതുഗതാഗത സംവിധാനം എത്രത്തോളം മോശമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പ്രതിപക്ഷം അടിയന്തിര പ്രമേയമായി നിയമസഭയില്‍ അവതരിപ്പിച്ചത്. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ ലാഭത്തിലാണെന്ന് വ്യവസായ മന്ത്രി ചോദ്യോത്തരവേളയില്‍ നിയമസഭയെ അറിയിച്ചിരുന്നു. അതേ ഉശിരിലുള്ള ഗതാഗത മന്ത്രിയുടെ വര്‍ത്തമാനം കേട്ടാല്‍ കെ.എം.എം.എല്ലിനേക്കാള്‍ കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണോ കെ.എസ്.ആര്‍.ടി.സിയെന്ന് സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

‘യു.ഡി.എഫിന്റെ കാലത്ത് എത്ര കൊടുത്തു? 1500 കോടി കൊടുത്തു. ഞങ്ങള്‍ 5000 കോടി കൊടുത്തു.’ മന്ത്രി പറഞ്ഞ മറുപടിയാണിത്. യു.ഡി.എഫ് കാലത്ത് 1500 കോടി കൊടുത്താല്‍ തീരാവുന്ന കുഴപ്പങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 5000 കോടി കൊടുത്താല്‍ പോലും തീരാത്ത പ്രശ്നങ്ങളാണ്. യു.ഡി.എഫ് കാലത്തെ കെ.എസ്.ആര്‍.ടി.സിയുടെയും ഇപ്പോഴത്തെ കാലത്തെ കെ.എസ്.ആര്‍.ടി.സിയുടെയും സ്ഥിതി എന്താണ്? ഇപ്പോഴത്തെ നഷ്ടം എന്താണ്? അവിടുത്തെ ബുദ്ധിമൂട്ടുകളും പ്രയാസങ്ങളും എന്താണ്? എന്തായാലും എല്ലാം വ്യക്തമാകുന്ന രീതിയിലാണ് മന്ത്രി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ഒരോ പത്തു വണ്ടി വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴും ഭരണപക്ഷാംഗങ്ങള്‍ കൈയ്യടിച്ചു. ഈ ആറു വര്‍ഷം കൊണ്ട് വാങ്ങിയ വണ്ടി എത്രയാണ്? 110 വണ്ടി. യു.ഡി.എഫ് കാലത്ത് വാങ്ങിയത് എത്രയാ? 2700 വണ്ടി. എന്നിട്ടും മന്ത്രി പറയുകയാണ് എല്ലാം ഗംഭീരമായി പോകുകയാണെന്ന്. പറയുന്നതില്‍ യാതൊരു അടിത്തറയുമില്ല. കഴിഞ്ഞ മാസത്തെ വരുമാനം 127 കോടി, ചെലവ് 171 കോടി, നഷ്ടം 44 കോടി, പെന്‍ഷന്‍ ബാധ്യത 70 കോടി. 114 കോടിയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കാനാണ് ഡീസലിന്റെ മൊത്ത വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. അതിനെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷവും ഒപ്പമുണ്ട്. ഇന്ധന വില വര്‍ധനവിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. അതില്‍ നിന്നൊരു തുകയെടുത്ത് കെ.എസ്.ആര്‍.ടി.സിക്ക് ഫ്യുവല്‍ സബ്സിഡി കൊടുക്കണമെന്ന ഒരു നിര്‍ദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. എന്നിട്ട് അത് സര്‍ക്കാര്‍ ചെയ്തില്ലല്ലോ?

മഹാമാരി വന്ന സാഹചര്യത്തിലും പൊതുമേഖലാ സ്ഥാപനത്തെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 85 ശതമാനം ഷെഡ്യൂളുകള്‍ ഓടുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. ഇവിടെ ഇരിക്കുന്ന ഏതെങ്കിലും എം.എല്‍.എയ്ക്ക് പറയാനാകുമോ, അവരുടെ മണ്ഡലത്തില്‍ 85 ശതമാനം ഷെഡ്യൂളുകളും ഓടുന്നുണ്ടെന്ന്?

ദേശസാല്‍ക്കരിക്കപ്പെട്ട റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ഓടുകയുമില്ല പ്രൈവറ്റ് ബസിന് അനുമതിയും നല്‍കില്ലെന്ന അവസ്ഥയാണ്. സാധാരണക്കാരായ ജനങ്ങളാണ് അതിന്റെ ഇരകളാകുന്നത്. സാധാരണക്കാരന്റെ ബുദ്ധിമൂട്ടാണ് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നത്. തിരുവനന്തപുരത്ത് ബസ് ഇല്ലാത്തതു കൊണ്ട് നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ക്യൂ നില്‍ക്കുന്ന ചിത്രം എല്ലാ പത്രങ്ങളിലും വന്നില്ലേ? കെ.എസ്.ആര്‍.ടി.സി ലാഭമുണ്ടാക്കുന്നതിന് പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതിനോട് പ്രതിപക്ഷത്തിന് എതിര്‍പ്പില്ല. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രധാന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതിപക്ഷം സംസാരിക്കുന്നത് സാധാരണക്കാര്‍ക്കു വേണ്ടിയാണ്.

നേരത്തെ 48000 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 27000 തൊഴിലാളികള്‍ മാത്രമാണുള്ളത്. 20000 പേര്‍ക്ക് ശമ്പളം കൊടുക്കുന്നതിന്റെ ബാധ്യത കൂടി കുറഞ്ഞു. നേരത്തെ പ്രതിദിനം പതിനേഴ് ലക്ഷം കിലോ മീറ്റര്‍ സര്‍വീസ് നടത്തുമായിരുന്നു. ഇപ്പോള്‍ പത്തു ലക്ഷം കിലോ മീറ്റര്‍ മാത്രമേയുള്ളൂ. നേരത്തെ പുതിയ വണ്ടികളാണ് ദീര്‍ഘദൂര സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ 9 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വണ്ടികളാണ് സര്‍വീസ് നടത്തുന്നത്. പെന്‍ഷന്‍ കൊടുക്കുന്നത് എപ്പോഴെങ്കിലുമാണ്. ഇതൊക്കെ പരിതാപകരമായ സാമ്പത്തിക അവസ്ഥയെയാണ് കാണിക്കുന്നത്. അത്രത്തോളം തകര്‍ച്ചയിലേക്ക് ഒരു പൊതുമേഖലാ സ്ഥാപനം പോകുകയാണ്.

ആലുവ, ഇടപ്പാള്‍, ഇഞ്ചക്കല്‍, തേവര, ചടയമംഗലം, ആറ്റിങ്ങല്‍ എന്നിവിടങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് എല്ലാ വാഹനങ്ങളും റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഓടിക്കാന്‍ തീരുമാനിച്ചിരുന്നു. ഡീസല്‍ വാഹനങ്ങള്‍ കിടന്നാല്‍ നശിച്ച് പോകാതിരിക്കാനായിരുന്നു ഇത്. ഇന്‍ഷൂറന്‍സ് കൊടുക്കണം എന്നായപ്പോള്‍ റൊട്ടേഷന്‍ നിര്‍ത്തി. ആ വണ്ടുകള്‍ മുഴുവന്‍ അവിടെക്കിടന്ന് തകരുകയാണ്. മൂവായിരത്തോളം ബസുകള്‍ ആക്രിയായി മാറുകയാണ്. 700 കോടി രൂപയുടെ നഷ്ടമാണ് ആ ഇനത്തില്‍ മാത്രം കെ.എസ്.ആര്‍.ടി.സി ഉണ്ടാകാന്‍ പോകുന്നത്. നാട്ടിലെ ജനങ്ങള്‍ വഹിക്കുന്ന കുരിശാണിത്. ആ കുരിശുമായാണ് പ്രതിപക്ഷം നിയമസഭയില്‍ വന്നിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വിഷയത്തില്‍ അപമാനകരമായ പ്രസ്താവനയാണ് മന്ത്രി നേരത്തെ നടത്തിയത്. ഒരു പൊതി ചോറ് വീട്ടില്‍ നിന്നും കൊണ്ടു വരാന്‍ പറ്റാത്ത അവസ്ഥയിലാണ് പല കുട്ടികളും. ഒരു നിയോജക മണ്ഡലത്തില്‍ പോലും ഇരുപതിനായിരത്തോളം പേര്‍ ഉച്ചഭക്ഷണത്തിനു നിവൃത്തി ഇല്ലാത്തവരായുണ്ട്. രണ്ടും മൂന്നും കുട്ടികള്‍ പഠിക്കുന്ന വീട്ടിലെ കുട്ടികള്‍ക്ക് അഞ്ചും പത്തും രൂപ കൊടുത്ത് കെ.എസ്.ആര്‍.ടി.സിയില്‍ പോകാന്‍ പറ്റുമോ? കണ്‍സഷന്‍ ഔദാര്യമല്ല. കുട്ടികള്‍ക്ക് ന്യായമായ കണ്‍സഷന്‍ കൊടുക്കണ്ടേ? അങ്ങനെ ഒരു സമീപനം കുട്ടികളോട് കാട്ടിയാല്‍ നിങ്ങള്‍ വലതുപക്ഷ സര്‍ക്കാരാണെന്ന് പറയേണ്ടി വരും.

കെ.എസ്.ആര്‍.ടി.സി ഒരു സര്‍വീസാണ്. ലാഭം ഉണ്ടാക്കാനുള്ള സ്ഥാപനം മാത്രമല്ല. സ്വിഫ്റ്റ് എന്ന പുതിയ കമ്പനി ഉണ്ടാക്കി ലാഭകരമായ ദീര്‍ഘദൂര സര്‍വീസുകളെ നിങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തി. സ്ഥിരം ജീവനക്കാര്‍ ആരുമില്ല. കരാര്‍ തൊഴിലാളികളാണ് ഈ കമ്പനിയിലുള്ളത്. ഇത് ഇടതു പക്ഷ നയമാണോയെന്ന് നിങ്ങള്‍ പറയണം. സ്വകാര്യ കമ്പനി നടത്തുന്നതു പോലെ ഇത് ലാഭത്തില്‍ പോകും. അപ്പോള്‍ ബാക്കിയുള്ള 85 ശതമാനവും ഉള്‍പ്പെടുന്ന യഥാര്‍ത്ഥ കെ.എസ്.ആര്‍.ടി.സി വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തും. സ്വാഭാവികമായ ദയാവധമാണ് കെ.എസ്.ആര്‍.ടി.സിയെ കാത്തിരിക്കുന്നത്.

സില്‍വര്‍ ലൈനിനു വേണ്ടി രണ്ടു ലക്ഷം കോടി രൂപ ചെലവാക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി 2000 കോടി രൂപ ചെലവാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇടതുപക്ഷമല്ല വലതുപക്ഷ വ്യതിയാനം വന്നിരിക്കുന്ന സര്‍ക്കാരാണെന്ന് ഞങ്ങള്‍ പറയും. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാനുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുന്നു.

Test User: