നിരവധി ജാതിയും മതവും ഭാഷയും കൊണ്ട് വൈവിധ്യം നിറഞ്ഞ ഇന്ത്യ ഭക്ഷണ വൈജാത്യങ്ങള്‍ കൊണ്ടും സമ്പന്നമാണ്. ഒരേ ഉല്‍പന്നങ്ങള്‍ കൊണ്ട് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കുന്നവരും ഒരേ വിഭവം പല രീതിയില്‍ ഉണ്ടാക്കുന്നവരുമുള്ള ഇന്ത്യയിലെ ഭക്ഷണരീതിയെ പൊതുവായി സസ്യാഹാരികളും മാംസാഹാരികളുമായാണ് വിഭജിച്ചിട്ടുള്ളത്. ഒരാള്‍ കഴിക്കുന്ന ഭക്ഷണം മറ്റൊരാള്‍ കഴിക്കണമെന്ന് വാദിക്കുന്നതും ഏതെങ്കിലും ഭക്ഷണം ആരെങ്കിലും കഴിക്കരുതെന്ന് വാദിക്കുന്നതും ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തെ ദോഷകരമായി ബാധിക്കുന്നതും വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ അലോസരം സൃഷ്ടിക്കുന്നതുമാണ്.
ഭക്ഷണത്തിന്റെ പേരില്‍ നിര്‍ഭാഗ്യകരമായ നിരവധി സംഭവങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയായിട്ടുണ്ട്. സമീപകാലത്ത് പശുക്കടത്ത് ആരോപിച്ചും ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ചും നടന്ന സംഭവങ്ങളുടെ അടിസ്ഥാനം ഭക്ഷണത്തിലുള്ള താല്‍പര്യങ്ങളാണ്. ഇത്തരം താല്‍പര്യങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി വര്‍ഗീയത സൃഷ്ടിക്കുകയും അതിലൂടെ നേട്ടം കൊയ്യുകയും ചെയ്യുകയെന്നത് ഹിന്ദുത്വ ശക്തികളുടെ അജണ്ടയാണ്. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരം അക്രമങ്ങള്‍ വ്യാപകമാവുകയും അതിന് പ്രത്യക്ഷമായി തന്നെ രാഷ്ട്രീയ നിയമ പിന്തുണ ലഭിക്കുകയും ചെയ്യുന്നു.
രാമനവമി ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കലാപവും ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന വര്‍ഗീയ ധ്രുവീകരണ പദ്ധതികളുടെ തുടര്‍ച്ചയാണ്. മുസ്‌ലിംകളെ ഭവനരഹിതരാക്കുകയും ദരിദ്രരാക്കുകയും പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന തരത്തില്‍ ഭീതി ജനിപ്പിക്കുന്ന കലാപങ്ങള്‍ അഴിച്ചുവിട്ട് വംശീയ ഉന്മൂലനം നടത്തുകയെന്ന വിശാല ലക്ഷ്യത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാന്‍. രാമനവമി ദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അതിക്രമവും ഇതിന്റൊ ഭാഗം തന്നെയാണ്. രാമനവമി ദിനത്തില്‍ ഒരു മെസ്സില്‍ മാംസാഹാരം വിളമ്പിയതില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പിന്നീട്, കാമ്പസില്‍ മാംസാഹാരം ഉപയോഗിക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെന്ന് സ്ഥാപന അധികാരികള്‍ നോട്ടീസ് ഇറക്കിയിരുന്നു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമോ ജെഎ.എന്‍.യുവിനകത്തെ രാഷ്ട്രീയത്തിന്റെ ഭാഗമോ മാത്രമായി കാണാനാവില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയൊട്ടുക്കും നടന്ന് കൊണ്ടിരിക്കുന്ന ഒരു വലിയ പദ്ധതിയുടെ ഭാഗമാണ് ഇതും. പശുവിനെ പരിശുദ്ധ മൃഗമായി ഉയര്‍ത്തിക്കാണിക്കുകയും സസ്യാഹാരം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണ സങ്കല്‍പത്തെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഒരു പ്രക്രിയയുടെ തുടര്‍ച്ചയാണ് ഇത്. ജാതിയെ നിലനിര്‍ത്തുകയും അതില്‍ ബ്രാഹ്മണ മേല്‍ക്കോയ്മയും മേധാവിത്വവും ഉറപ്പിക്കുകയും ചെയ്യുന്നതിന്റെ ഒരു രീതി മാത്രമല്ല, ഭക്ഷണത്തിലൂടെ ചില വിഭാഗങ്ങളെ പൊതു ഇന്ത്യന്‍ സമൂഹത്തിന്റെ പുറത്ത് നിര്‍ത്താനുള്ള ശ്രമവും ഇതിന്റെ ഭാഗമായുണ്ട്. ദലിതുകളും മുസ്‌ലിംകളും ആണ് ഇതിന്റെ പ്രധാന ഇരകള്‍.
ഇന്ത്യയിലെ 70 ശതമാനം ആളുകളും മാംസാഹാരം കഴിക്കുന്നവരാണ് എന്നതാണ് സമീപകാലത്ത് പുറത്ത് വന്ന എല്ലാ ഡാറ്റകളും വ്യക്തമാക്കുന്നത്. പക്ഷെ, സസ്യാഹാരം ആണ് ഇന്ത്യയുടെ പൊതു ഭക്ഷണം എന്ന തെറ്റായ സന്ദേശമാണ് പൊതുവെ പ്രചരിക്കപ്പെടുന്നത്. ഇന്ത്യയിലെ പൊതു ഇടങ്ങളില്‍ മാംസാഹാര ലഭ്യത കുറയുന്നതും ഈ തെറ്റിദ്ധാരണയുടെ ഭാഗമായാണ്. വിമാനങ്ങളിലും ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റ് പൊതു ഇടങ്ങളിലും സസ്യാഹാരം പ്രോല്‍സാനഹിപ്പിക്കുന്നതും അത് മാത്രം കിട്ടുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതും ദലിതുകളെയും മുസ്‌ലിംകളെയും അരികുവല്‍ക്കരിക്കുക കൂടി ചെയ്യുന്നുണ്ട്.
കേരളം, തെലങ്കാന, ആന്ധ്ര, ബംഗാള്‍, തമിഴ്‌നാട്, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിലധികം ആളുകള്‍ മാംസാഹാരം കഴിക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് 40 ശതമാനത്തില്‍ താഴെ മാംസാഹാരികള്‍ ഉള്ളത്. ഗോമാംസം കേരളം പോലെയുള്ള അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്. കോഴിയും ആടും മുട്ടയുമാണ് പൊതുവായി മാംസാഹാരമായി ഉപയോഗിക്കപ്പെടുന്നത്. ഗോമാംസം വ്യാപകമായി കഴിച്ചിരുന്ന ദലിത് വിഭാഗം ഇന്ന് അത് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. അതിനെ ആശ്രയിച്ച് ജീവിച്ചിരുന്ന വലിയ വിഭാഗം ആളുകള്‍ മറ്റ് തൊഴിലുകളിലേക്ക് മാറി. മുസ്‌ലിംകളുടെ സ്ഥിതിയും ഒട്ടും വിത്യസ്തമല്ല.
ചില വിശേഷ ദിവസങ്ങളില്‍ മാംസാഹാരം പാടില്ലെന്ന ഹിന്ദു ആശയമാണ് രാമനവമി ദിനത്തില്‍ ജെ.എന്‍.യുവില്‍ ഉയര്‍ത്തിക്കാണിക്കാന്‍ എ.ബി.വി.പി ശ്രമിച്ചത്. ഇന്ത്യയിലെ പൊതു സ്ഥാപനങ്ങളിലെയും കാമ്പസുകളിലെയും മെനു പരിശോധിച്ചാല്‍ ഹിന്ദു മതത്തിന്റെനിരവധി സ്വാധീനങ്ങള്‍ കാണാനാവും. ദ ഹിന്ദു പത്രത്തിന്റെ ഓഫീസില്‍ മാംസാഹാരം പാടില്ലെന്നതും ചില കാന്റീനുകളില്‍ ചൊവ്വാഴ്ച മാംസാഹാരം മെനുവില്‍ ഇല്ലാത്തതും പല സ്ഥലത്തും മാംസാഹാരം കഴിക്കുന്നവര്‍ക്ക് പ്രത്യേകം പാത്രങ്ങളും സീറ്റുകളും ഉള്ളതും ഇതിന്റെ ഉദാഹരണങ്ങളാണ്.
പക്ഷെ അവയെ രാഷ്ട്രീയമായി ഉപയോഗിക്കുകയും വര്‍ഗീയതക്കുള്ള ആയുധമാക്കുകയും ചെയ്യുകയാണ് സംഘ്പരിവാര്‍. മാംസാഹാരത്തിനെതിരെ ശബ്ദിക്കുക വഴി മുഖ്യ ശത്രുക്കളായ മുസ്‌ലിംകളെ തന്നെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. കാരണം മാംസാഹാരം കഴിക്കുക മാത്രമല്ല അത് വഴി ഉപജീവനം നടത്തുന്നതും കൂടുതല്‍ മുസ്‌ലിംകള്‍ തന്നെയാണ്. ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും കോഴി എങ്കിലും കഴിക്കുന്നവരാണെങ്കിലും ആ യാഥാര്‍ത്ഥ്യം മറച്ച് പിടിച്ചാണ് മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. കേരളത്തിലടക്കം സമീപകാലത്ത് നടന്ന ഹലാല്‍ വിവാദത്തെയും ഇതിനോട് ചേര്‍ത്ത് വായിക്കാം. മുസ്‌ലിംകളെ ഏത് വിധേനയും തകര്‍ക്കുകയും അവരുടെ സാമ്പത്തിക സ്രോതസുകള്‍ ക്ഷയിപ്പിക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് സംഘ്പരിവാര്‍ സമീപകാലത്ത് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഒരു നിത്യോപയോഗ സാധനമായ ഭക്ഷണത്തെ പോലും വര്‍ഗീയവല്‍ക്കരിക്കുകയും അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുകയും ചെയ്യുന്ന ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും തന്ത്രങ്ങളെ മാംസാഹാരം കഴിക്കുന്ന ഹിന്ദുക്കളും ചിലയിടങ്ങളില്‍ ദലിതുകളും പിന്തുണക്കുന്നുവെന്നതാണ് ഇന്നത്തെ ഇന്ത്യയെ കൂടുതല്‍ അരക്ഷിതമാക്കുന്നത്.
ഭക്ഷണവും ഒരു രാഷ്ട്രീയമായി മാറിയ ഇന്ന് ഓരോ വ്യക്തിയും എന്ത് തിരഞ്ഞെടുക്കുന്നുവെന്നതും ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും നിലനില്‍പിന് അടിസ്ഥാനമായി മാറുകയാണ്. മക്‌ഡൊനാള്ഡ് എന്ന മള്‍ട്ടി നാഷണല്‍ കമ്പനി പോലും ഇന്ത്യയില്‍ അവരുടെ ഏറ്റവും മികച്ച വിഭവമായ ബീഫ് ഇനങ്ങള്‍ വില്‍ക്കാത്തത് അതിന്റെ പ്രത്യാഘാതം ഭയന്നാണ്. വിവാദങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ തങ്ങളുടെ അജണ്ടകള്‍ കോടതി വഴിയും അധികാരം വഴിയും നടപ്പിലാക്കുകയും ചെയ്യുകയാണ് സംഘ്പരിവാര്‍. സസ്യാഹാരം കഴിക്കുന്നവര്‍ ‘ശുദ്ധരും’ മറ്റുള്ളവര്‍ ‘അശുദ്ധരും’ ആണെന്ന മിഥ്യാബോധം ജനിപ്പിക്കുകയും മാംസാഹാരം കഴിക്കുന്നവര്‍ ഇന്ത്യ എന്ന ആശയത്തിന് പുറത്താണെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.
അഥവാ ഭക്ഷണത്തിലൂടെ രാജ്യസ്‌നേഹം ഉണ്ടെന്ന് പറഞ്ഞുവെക്കുകയും അതിലൂടെ മുസ്‌ലിംകളെയും ദളിതരെയും അശുദ്ധരും ദേശ വിരുദ്ധരുമാക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കുന്നത് സംഘ്പരിവാറിന്റെ വിശാല അജണ്ടയെ കൂടി തകര്‍ക്കുന്നതിന് ഉപകരിക്കും. അത്തരം ശ്രമങ്ങളാണ് ഇന്ത്യന്‍ പൊതു സമൂഹം ഇന്ന് നടത്തേണ്ടത്.