കെ വി തോമസ് വിഷയത്തില്‍ കേരളത്തിലെ ഘടകമാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അവരുടെ നിലപാട് വന്നുകഴിഞ്ഞാല്‍ പാര്‍ട്ടിനേതൃത്വം ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നവരെ കൊല്ലുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ ഞങ്ങളോട് വലിയ ജനാധിപത്യത്തെക്കുറിച്ച് പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോടിയേരി ചരിത്രത്തെ വിസ്മരിക്കരുത്, എന്തിനായിരുന്നു ഗൗരിയമ്മയെ പുറത്താക്കിയത്? മുഖ്യമന്ത്രി കെ കരുണാകരന്‍ ഒരു വികസന സെമിനാറില്‍ ക്ഷണിച്ചു എന്നതിന്റെ പേരിലാണ് ഇത്രയും പാരമ്പര്യമുള്ള ഗൗരിയമ്മയെ നിങ്ങള്‍ പുറത്താക്കിയത്.
എം വി രാഘവന് വിളിച്ച് ചായ കൊടുത്തു എന്നതിന്റെ പേരില്‍ ആയിരുന്നു എന്റെ നാട്ടുകാരനായ സിപിഎം നേതാവ് പി ബാലന്‍ മാസ്റ്റര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. സിപിഎമ്മാണ് ഇവിടെ ഏറ്റവും കൂടുതല്‍ അസഹിഷ്ണുത കാണിക്കുന്ന പാര്‍ട്ടി. മറ്റു പാര്‍ട്ടികളുമായി സഹകരിക്കാന്‍ കൂടുതല്‍ വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടിയും നിങ്ങള്‍ തന്നെയാണ് കെ സി വേണുഗോപാല്‍ പറഞ്ഞു.