X

ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്നവര്‍

ഉബൈദ് കോട്ടുമല

ഹിറ്റ്‌ലറുടെ ഭരണകാലത്ത്് ജര്‍മനി സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത് ഭയമാണ് ജര്‍മനിയെ ഭരിക്കുന്നത് എന്നാണ്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന തന്ത്രം ഫാസിസത്തിന്റേതാണ്. ബി.ജെ.പി ഇന്ത്യയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതും ഇതേ തന്ത്രം തന്നെയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് എതിരാളികളെ മൗനികളാക്കുന്ന രീതി ജനാധിപത്യത്തിന് ഭൂഷണമല്ല. സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ പോലും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും ആക്റ്റിവിസ്റ്റുകളെയും ഇതേ രീതിയിലാണ് ബി.ജെ.പി നേരിടുന്നത്.

സോണിയയും രാഹുലും ശരത് പവാറുമെല്ലാം ഈ ഗണത്തിലെ അവസാനത്തെ ഉദാഹരണങ്ങളാണ്. ഭരണകൂടത്തിന്റെ അരുതായ്മകളെ ചോദ്യം ചെയ്യുന്നത് പോലും രാജ്യ ദ്രോഹ കുറ്റമായി കണക്കാക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്. സുപ്രീം കോടതി നേരിട്ട് ഇടപെട്ട് രാജ്യദ്രോഹകുറ്റം മരവിപ്പിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയിട്ടുള്ളത്. വര്‍ഗീയ-വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ ഭരണം ഉറപ്പിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ തുടര്‍ച്ച നല്‍കുന്ന സന്ദേശവും അത് തന്നെയാണ്. മതനിരപേക്ഷ കക്ഷി എന്ന് അവകാശപ്പെടുന്ന സി.പി.എം പോലും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തില്‍ അഭയം തേടുന്നത് ന്യൂനപക്ഷ സമുദായങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

ബി.ജെപി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഉയര്‍ത്തിക്കാണിച്ച് മുസ്‌ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്തി ക്കീഴ്‌പ്പെടുത്തുന്ന തന്ത്രമാണ് കേരളത്തില്‍ സി.പി.എമ്മും നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിഷേധിക്കപ്പെട്ട അവകാശങ്ങളുടെ നീളുന്ന പട്ടിക അതാണ് സൂചിപ്പിക്കുന്നത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വഖഫ് നിയമത്തില്‍ ഭേദഗതിക്ക് സര്‍ക്കാര്‍ തയാറായെങ്കിലും തിരുത്താതെ കിടക്കുന്ന നിരവധി ഉത്തരവുകളും ഓര്‍ഡിനന്‍സുകളുമുണ്ട്. സച്ചാര്‍ കമ്മീഷന്‍ മുസ്‌ലിം സമുദായത്തിന് അനുവദിച്ച ആനുകൂല്യങ്ങള്‍ നൂറില്‍ നിന്ന് 80 ശതമാനമാക്കി കുറച്ചതും പിന്നീട് 51 ലേക്ക് പരിമിതപ്പെടുത്തിയതും ഇതേ സര്‍ക്കാര്‍ തന്നെയാണ്. ബി.ജെ.പി കൊണ്ടുവന്ന പത്ത് ശതമാനം മുന്നോക്ക സംവരണം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഈ നിയമം ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. പൗരത്വസമര കേസുകള്‍ പിന്‍വലിക്കുന്നതിലുള്ള കാലതാമസവും ഇതിന്റെ ഭാഗം തന്നെയാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ മുഴുവനും പിന്‍വലിച്ചപ്പോള്‍ പൗരത്വ ഭേദഗതി സമരവുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനവും കഴിഞ്ഞ നിയമസഭയില്‍ നിഷേധിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. പൗരത്വ കേസിന്റെ പേരില്‍ തൃശൂരില്‍ അഞ്ചോളം പേര്‍ക്കെതിരെ ശിക്ഷ നടപ്പാക്കുകയും ചെയ്തു. ഒരു മുസ്‌ലിം സംഘടന പോലും ആവശ്യപ്പെടാതെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ 2282 സി.എ.എ കേസുകള്‍ നിരുപാതികം പിന്‍വലിച്ചത്. ഈ മാതൃകയാണ് കേരളം പിന്‍പറ്റേണ്ടത്. 835 കേസുകളില്‍ 29 കേസുകള്‍ മാത്രമാണ് കേരളം പിന്‍വലിച്ചിട്ടുള്ളത്. മറ്റുള്ളവ ഗൗരവതരമായ കേസുകളാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ കേരളത്തിലെവിടെയും കൊലയും കൊള്ളിവെപ്പും നടന്നതായി റിപ്പോര്‍ട്ടുകളില്ലെന്നിരിക്കെ എന്താണ് ഗൗരവം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കുറ്റ്യാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ആര്‍.എസ്.എസ് പ്രകടനം നടത്തിയപ്പോള്‍ അക്രമം ഭയന്ന് കടയടച്ച വ്യാപാരികള്‍ക്കെതിരെ കേരളാ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടുമില്ല. ആര്‍.എസ്.എസിന്റെ പ്രകടനം വിജയിപ്പിക്കാന്‍ വ്യാപാരികള്‍ കൂട്ടു നിന്നില്ല എന്നതാണോ ഈ കേസിനുള്ള ‘ഗൗരവം’?. ഒരാള്‍ക്ക് ഒരേ കേസില്‍ ഒന്നിലധികം സമന്‍സ് കൈപറ്റേണ്ടിവരുന്നതും കേസിന്റെ ‘ഗൗരവം’ കൊണ്ടാണോ?.

സി.പി.എം സംസ്ഥാന സമ്മേളനം കഴിയുന്നതോടെ വഖഫ് വിഷയത്തില്‍ മുസ്‌ലിം സംഘടനകളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നായിരുന്നു മത സംഘടനാ നേതാക്കള്‍ക്ക് പ്രത്യേകിച്ച് സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. 2022 മാര്‍ച്ചോടെ സംസ്ഥാന സമ്മേളനവും ഏപ്രില്‍ മാസത്തോടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസും അവസാനിച്ചു. മൂന്ന് മാസം വീണ്ടും പിന്നിട്ടു. മത സംഘടനകളുടെ ആശങ്കകള്‍ വര്‍ധിച്ചുവെന്നതല്ലാതെ പരിഹാരമുണ്ടായില്ല. അവസാനം പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിപറയവേയാണ് വഖഫ് നിയമത്തില്‍ ഭേദഗതിവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതായി മുഖ്യമന്ത്രി സഭയെ അറിയിച്ചത്. പ്ലസ്.ടു കോഴ്‌സുകള്‍ അനുവദിക്കുന്നതിലും ഡിഗ്രീ കോഴ്‌സുകളുടെ അസമത്വത്തിലും മലബാര്‍ അനുഭവിക്കുന്ന അസന്തുലിതാവസ്ഥയുടെ കാരണവും മറ്റൊന്നല്ല. പ്ലസ് ടു കോഴ്‌സുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതിയില്‍ ആവശ്യത്തിന് കോഴ്‌സുകളുണ്ടെന്ന കള്ള സത്യവാങ്മൂലമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളത്. എസ്.പി.സിയില്‍ അംഗമാകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ച് പാഠ്യ പദ്ധതിയിലും സ്‌കൂള്‍ പഠനരീതിയിലും പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഓമനപ്പേരില്‍ മിക്‌സഡ് സിറ്റിംഗും പ്രത്യേക തരം യൂണിഫോമും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ദേശീയ തലത്തില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം പോലും ബി.ജെപി വിവാദമാക്കുമ്പോള്‍ കേരളവും അതിന് ആക്കം കൂട്ടുകയാണോ?. ഇതിനെതിരെയുള്ള ശബ്ദങ്ങളെപ്പോലും ആറാം നൂറ്റാണ്ടിന്റെ പ്രാകൃത രീതിയായിട്ടാണ് ഡി.വൈ.എഫ്.ഐ പോലും അവതരിപ്പിക്കപ്പെടുന്നത്.

നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ഉയരുന്ന ശബ്ദങ്ങളെപ്പോലും വര്‍ഗീയ വല്‍ക്കരിക്കപ്പെടുകയാണ്. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലും ഇടതുപക്ഷ നേതാക്കളെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ദേശീയപാത, ഗെയില്‍, കെ-റെയില്‍ മുതലായ പദ്ധതികള്‍ക്കെതിരെ മലബാര്‍ മേഖലയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറം ചാര്‍ത്താനാണ് ഇടതുപക്ഷം ശ്രമിച്ചിട്ടുള്ളത്. ഏറ്റവും അവസാനം മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം പോലും ബ്രാഹ്മണ മുസ്‌ലിം വിഭാഗീയതയായി ചിത്രീകരിക്കപ്പെട്ടിരിക്കുകയാണ് പലരും.

അവകാശങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിക്കാന്‍ പോലും സാധിക്കാത്ത വിധം ഒരു സമുദായത്തെ വര്‍ക്ഷീയമായി അപരവല്‍ക്കരിക്കപ്പെട്ടതില്‍ ഇടതുപക്ഷത്തിനുള്ള പങ്ക് വളരെ ആശങ്കാജനകമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതു സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ദുരുപയോഗം ചെയ്ത് ഒരു സമുദായത്തെ ഭയപ്പെടുത്തി നിര്‍ത്തി അവരുടെ മറ്റെല്ലാ അവകാശങ്ങളെയും നിഷേധിക്കുന്നത് ഫാസിസത്തേക്കാള്‍ വലിയ അപകടമാണ്.

Test User: