X

ദേശീയപാതക്ക് സ്ഥലം നല്‍കിയവര്‍ വഞ്ചനയുടെ നിയമക്കുരുക്കില്‍

അന്‍വര്‍ കൈതാരം
പറവൂര്‍

ഇടതുസര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയായി കൊട്ടിഘോഷിക്കുന്ന കെ റെയിലിന് ബഫര്‍സോണ്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള ആശയ കുഴപ്പങ്ങള്‍ക്കിടയിലാണ് ദേശീയ പാത വികസനത്തിന് ഇരകളാക്കപ്പെട്ടവര്‍ അനുഭവിക്കുന്ന പുതിയ നിയമക്കുരുക്ക് ചര്‍ച്ചയാവുന്നത്. ദേശീയപാതക്ക് 30 മീറ്റര്‍ ഏറ്റെടുത്ത ശേഷം 45 മീറ്ററാക്കുന്നതിന് വീണ്ടും ഇരുവശങ്ങളിലായി 7.5 മീറ്റര്‍ വിട്ടുകൊടുത്തവര്‍ അവശേഷിക്കുന്ന സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിയമതടസം നേരിടുകയാണ്. ഇവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതില്‍ അധികൃതര്‍ കാട്ടുന്ന വിമുഖതയാണ് വഞ്ചനയുടെ ക്രൂരമുഖം വ്യക്തമാക്കുന്നത്.

വിട്ടുകൊടുത്ത ഏഴര മീറ്ററിനു പുറമെ ഏഴര മീറ്ററെങ്കിലും വിട്ടാലേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിക്കൂ. ഇത് ഇരകളില്‍ ഭൂരിഭാഗം പേര്‍ക്കും ബാക്കിയുള്ള സ്വന്തം ഭൂമിയില്‍ വീടുവെക്കാമെന്ന സ്വപ്‌നവും തകര്‍ക്കുന്നതാണ്. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ കുറഞ്ഞ ഭൂമിയുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. മറിച്ചാണ് പലരുടെയും അനുഭവം. കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ വരച്ച് അനുമതിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കുമ്പോഴാണ് തങ്ങള്‍ കെണിയില്‍പ്പെട്ടിരിക്കുകയാണെന്ന് പലരും അറിയുന്നത്. അനുമതി അപേക്ഷകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ ദേശീയപാത അതോറിട്ടിയുടെ അംഗീകാരമാവശ്യപ്പെടും.

അപേക്ഷകര്‍ അതോറിട്ടിയെ സമീപിക്കുമ്പോഴാണ് ഒളിഞ്ഞിരിക്കുന്ന മറ്റൊരു കുരുക്കിനെ കുറിച്ചറിയുന്നത്. അതോറിട്ടി ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സി നല്‍കുന്ന പ്ലാന്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. ഒരോ ജില്ലയിലും വിവിധ ഏജന്‍സികളെയാണ് അതോറിട്ടി ചുമതലയേല്‍പ്പിച്ചിട്ടുള്ളത്. ഇതര സംസ്ഥാന കുത്തക കമ്പനിയായ സമാറ എന്ന സ്ഥാപനമാണ് ജില്ലയിലേത്. ഇതറിയാതെ പ്ലാനും അപേക്ഷയുമായെത്തുന്നവര്‍ വീണ്ടും പണചിലവും ബുദ്ധിമുട്ടുകളും നേരിടണം.

ഏഴരമീറ്റര്‍ കൂടതല്‍ വിടണമെന്ന അതോറിട്ടിയുടെ നിബന്ധനയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തീരദേശ നിയമം, മാസ്റ്റര്‍ പ്ലാന്‍ കടമ്പകളും അതിജയിച്ച് അവശേഷിക്കുന്ന ഇത്തിരി സ്ഥലത്ത് വീട് വെക്കാമെന്ന സാധാരണക്കാരന്റെ മോഹം ഇതോടെ മണ്ണടിയും.

Test User: