ഡല്‍ഹി: ഹിന്ദി മനസിലാക്കാന്‍ കഴിയാത്തവര്‍ക്ക് യോഗം ഉപേക്ഷിച്ചുപോകാമെന്ന ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയുടെ പ്രസ്താവന വിവാദത്തില്‍.യോഗ മാസ്റ്റര്‍ ട്രെയിനേഴ്‌സിനായി ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയും ചേര്‍ന്ന് നാച്ചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ നടത്തിയ ദേശീയ കോണ്‍ഫറന്‍സാണ് ഭാഷാ വിവാദത്തിന്റെ പുതിയ വേദിയായി മാറിയത്. ഓഗസ്റ്റ് 18 മുതല്‍ 20 വരെ രാജ്യമെമ്പാടുമുളള നാചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുന്നൂറ് പേരാണ് പങ്കെടുത്തത്. ഇവരില്‍ 37 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുളളവരായിരുന്നു.
ഓരോ ദിവസവും ആറു സെഷനുകള്‍ വീതമാണ് ഉണ്ടായിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഡോക്ടര്‍മാര്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ ആദ്യ ദിവസം മുതല്‍ പല സെഷനുകളും ഹിന്ദിയിലാണ് നടന്നിരുന്നത്. ‘ചുരുങ്ങിയത് നാലു സെഷനുകളെങ്കിലും ഹിന്ദിയിലാണ് നടത്തിയിരുന്നത്. പ്രാസംഗികരില്‍ ചിലര്‍ രണ്ടുഭാഷയില്‍ അവതരിപ്പിക്കാനോ, ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താനോ ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാം അവസാനിച്ചിരുന്നത് ഹിന്ദിയിലാണ്.’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത തമിഴ്‌നാട്ടിലെ ഡോക്ടര്‍ പറയുന്നു. ഭാഷ മനസ്സിലാകാതെ വന്നതോടെ തമിഴ്‌നാട്ടിലുളള ഡോക്ടര്‍മാര്‍ ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യമുന്നയിക്കുകയും ചെയ്തു.
മൂന്നാംദിവസം കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേയാണ് ആയുഷ് സെക്രട്ടറി ഹിന്ദി മനസ്സിലാകാത്തവര്‍ക്ക് യോഗം നിര്‍ത്തി പോകാമെന്ന് പറഞ്ഞത്. ഹിന്ദിയില്‍ സംസാരിക്കാന്‍ ആരംഭിച്ച സെക്രട്ടറിയോട് ഇംഗ്ലീഷില്‍ സംസാരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സന്ദേശമയച്ചതിന് പിറകേയായിരുന്നു പ്രസ്താവന.
ഭാഷാ വിവാദത്തിന് പുറമേ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പരിശീലകരും പ്രാസംഗികരും മതിയായ യോഗ്യതയുളളവരല്ലെന്നും ആരോപണമുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ, അതേ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാനോ ഡോക്ടര്‍മാരെ അനുവദിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. വിമാനത്താവളത്തില്‍ വെച്ച് ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് ഇന്ത്യക്കാരിയല്ലേയെന്ന് സിഐഎസ്എഫ് ജവാന്‍ ചോദിച്ചതായുളള ഡിഎംകെ എം.പി കനിമൊഴിയുടെ ആരോപണം വിവാദമായത് അടുത്തകാലത്താണ്.