ലക്നൗ: ഹിന്ദി ഭാഷാ പ്രചാരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികളാണ്. ഹിന്ദി സംസാരിക്കാത്തവര്‍ ഇന്ത്യവിട്ട് മറ്റെവിടെയെങ്കിലും പോയി താമസിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി ഭാഷ സംബന്ധിച്ച് ബോളിവുഡ് നടന് അജയ് ദേവ്ഗണും കന്നഡ നടന് കിച്ച സുദീപും തമ്മിലുള്ള വാക്പോരിനെക്കുറിച്ച് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു യു.പി ഫിഷറീസ് മന്ത്രിയായ സഞ്ജയ് നിഷാദിന്റെ പ്രതികരണം. ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദിയെ സ്നേഹിക്കണം. ഹിന്ദിയെ സ്നേഹിക്കാത്തവരെ വിദേശിയായോ വിദേശ ശക്തികളുമായി ബന്ധമുള്ള ആളായോ കണക്കാക്കും. പ്രാദേശിക ഭാഷകളോട് ഞങ്ങള്‍ക്ക് ബഹുമാനമുണ്ട്,
പക്ഷെ ഈ രാജ്യം ഒന്നാണ്, പക്ഷെ ഭരണഘടന പറയുന്നത് ഇന്ത്യ ‘ഹിന്ദുസ്ഥാന്‍’ ആണെന്നാണ്. ഹിന്ദി സംസാരിക്കുന്നവരുടെ നാട് എന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ഹിന്ദുസ്ഥാന്‍ ഹിന്ദി സംസാരിക്കാത്തവര്‍ക്കുള്ള സ്ഥലമല്ല. അവര്‍ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോയി താമസിക്കണം’-സഞ്ജയ് നിഷാദ് പറഞ്ഞു.