കെ. റെയില്‍ സംവാദത്തില്‍ ആര്‍.വി.ജി മേനോന്‍ സൗമ്യമായി ചെറുപുഞ്ചിരിയോടെ പത്ത് മിനിട്ട് സംസാരിച്ച ലളിതമായ വാക്കുകള്‍ മാത്രം മതി ഇതുവരെ സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ എല്ലാ വന്‍മതിലുകളും വീഴാനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
യു.ഡി.എഫും കോണ്‍ഗ്രസും നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ത്തിയ അതേ വാദമുഖങ്ങള്‍ തന്നെയാണ് ആര്‍.വി.ജി മേനോനും ഉന്നയിച്ചത്. സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ വന്നവരും അവസാനം കൂറ് മാറുന്ന കാഴ്ചയാണ് സംവാദത്തില്‍ കണ്ടത്. വീടുകളില്‍ കയറി കല്ലിടുന്നതിന് എതിരെ അവര്‍ക്ക് ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തേണ്ടി വന്നു അദ്ദേഹം പറഞ്ഞു.
വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള പദ്ധതിയാണെന്നാണ് സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ എത്തിയ റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയര്‍ പറഞ്ഞത്. അത് ശരിയാണെങ്കില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത്. കേരളത്തിലെ പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്ത് വരേണ്യവര്‍ഗത്തിന് വേണ്ടി സില്‍വര്‍ ലൈന്‍ ഒരുക്കുന്ന പദ്ധതിയില്‍ എന്ത് ഇടതുപക്ഷ സമീപനമാണുള്ളത്? ഈ സര്‍ക്കാരിന്റേത് തീവ്രവലതുപക്ഷ സമീപനമാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.