X

2015ന് ശേഷം വന്നവരെ നാട് കടത്തും; പൗരത്വ ഭേദഗതിയിൽ അസം മുഖ്യമന്ത്രി

2015ന് ശേഷം ഇന്ത്യയിലേക്ക് വന്നവരെ പൗരത്വ ഭേദഗതി നിയമപ്രകാരം നാടുകടത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. നിയമങ്ങള്‍ വിജ്ഞാപനം ചെയ്ത് നാല് മാസത്തിന് ശേഷം എട്ട് പേര്‍ മാത്രമാണ് പൗരത്വത്തിന് അപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ തന്നെ രണ്ടു പേര്‍ മാത്രമാണ് അഭിമുഖത്തിനെത്തിയതെന്നും ഹിമന്ത പറഞ്ഞു.

‘2015-ന് മുമ്പ് ഇന്ത്യയില്‍ വന്നിട്ടുള്ള ആര്‍ക്കും ( സി.എ.എ പ്രകാരം) പൗരത്വത്തിന് അപേക്ഷിക്കാനുള്ള ആദ്യ അവകാശമുണ്ട്. അവര്‍ അപേക്ഷിച്ചില്ലെങ്കില്‍ ഞങ്ങള്‍ അവര്‍ക്കെതിരെ കേസ് കൊടുക്കും. 2015 ന് ശേഷം വന്നവരെ ഞങ്ങള്‍ നാട് കടത്തും,’ ഹിമന്ത പറഞ്ഞു.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച രേഖകളില്ലാത്ത മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സി.എ.എ നിയമങ്ങളുടെ വിജ്ഞാപനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച്, അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ എന്നീ ആറ് മതന്യൂനപക്ഷങ്ങളില്‍പ്പെട്ട കുടിയേറ്റക്കാര്‍ക്കാണ് ഇന്ത്യയില്‍ പൗരന്മാരായി തുടരാന്‍ അനുവാദമുള്ളത്.

ഫോറിനേഴ്സ് ട്രിബ്യൂണലിലെ നടപടികള്‍ രണ്ടോ മൂന്നോ മാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും പൗരത്വത്തിന് അപേക്ഷിക്കാന്‍ ആളുകള്‍ക്ക് സി.എ.എ പ്രകാരം അവസരം നല്‍കണമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ഗുവാഹത്തി, ബാര്‍പേട്ട, ലഖിംപൂര്‍, നാല്‍ബാരി, ദിബ്രുഗഡ്, ദിസ്പൂര്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങളില്‍ നിയമത്തിന്റെ പകര്‍പ്പുകള്‍ കത്തിച്ചുകൊണ്ട് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും 30 തദ്ദേശീയ സംഘടനകളും സി.എ.എക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു.

webdesk13: