ചക്കരക്കല്ല് ബാവോട്ട് പൊലീസ് പട്രോളിംഗ് ജീപ്പിന് സമീപം ബോംബ് എറിഞ്ഞവരെ കണ്ടെത്താനാവാതെ പൊലീസ്. ബോംബ് സ്‌ഫോടനം നടന്ന് 6 ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഇക്കഴിഞ്ഞ മെയ് 13ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ ചക്കരക്കല്ല് ബാവോടില്‍ പൊലീസ് പട്രോളിംഗ് ജീപ്പിന് സമീപം ബോംബ് സ്‌ഫോടനം നടന്നത്. പൊലീസ് ജീപ്പിന് ഏതാനും മീറ്റര്‍ അകലെ വെച്ച് 2 ഐസ്‌ക്രീം ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
കേസില്‍ ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍, കണ്ണൂര്‍ എസിപി സിബി ടോം ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഉഗ്രസ്‌ഫോടനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബോംബ് എറിഞ്ഞവരേയൊ ബോംബിന്റെ ഉറവിടമോ പൊലീസിന് കണ്ടെത്താനായിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ സ്‌ഫോടനം നടത്തിയ സ്ഥലത്ത് സിസി ടിവി ക്യാമറ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായി. പ്രധാന വഴിയില്‍ കൂടി വരാതെ പറമ്പില്‍ കൂടി നടന്നുവന്നാണ് ബോംബെറിഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ടുതന്നെ പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ബോംബെറിഞ്ഞതെന്നും പൊലീസ് നിഗമനത്തില്‍ എത്തിയിരുന്നു.
പ്രദേശത്തെ ആര്‍എസ്എസ് നേതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പൊലീസ് സംശയിച്ച ചിലരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തു, എന്നാല്‍ ബോംബ് എറിഞ്ഞവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് താമസിക്കുന്നവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ കമ്പനികളോട് നല്‍കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചുകഴിഞ്ഞാല്‍ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.