ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മുതല്‍ 18 വയസ്സാകാന്‍ കാത്തിരിക്കേണ്ടതില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനാവശ്യമായ സാങ്കേതിക സജ്ജീകരണങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും നിര്‍ദേശം നല്‍കി.
ഇതനുസരിച്ച് രാജ്യത്തെ യുവജനങ്ങള്‍ക്ക് വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ലഭിക്കും. ജനുവരി ഒന്നിനു പുറമെ ഇനി മുതല്‍ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ പാദങ്ങളിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കും. 2023 ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന്് തിയതികളില്‍ 18 വയസ്സ് തികയുന്നവര്‍ക്ക് ഇതുസംബന്ധിച്ച കരട് പ്രസിദ്ധീകരിച്ച തിയതി മുതല്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മുന്‍കൂര്‍ അപേക്ഷ നല്‍കാം. പ്രാഥമിക നടപടിക്രമങ്ങള്‍ക്കു ശേഷം അപേക്ഷകര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. രജിസ്‌ട്രേഷന്‍ ഫോമുകള്‍ കൂടുതല്‍ ലളിതവും ഉപയോഗ സൗഹൃദവുമാക്കാനും കമ്മീഷന്‍ തീരുമാനിച്ചു.