X

ചോദ്യവും ചര്‍ച്ചയും ഭയപ്പെടുന്നവര്‍

പി. ഇസ്മായില്‍ വയനാട്‌

പാര്‍ലമെന്റില്‍ ഏതുവിഷയവും ചര്‍ച്ച ചെയ്യാനും എല്ലാ തരം ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് ശീതകാല സമ്മേളനത്തിനുമുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രം നല്‍കിയ ഉറപ്പുകളും പ്രധാനമന്ത്രിയുടെ അവകാശ വാദങ്ങളും ഇരുപത്തി നാലു മണിക്കൂറിനുള്ളിലാണ് ജലരേഖയായി മാറിയത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉപയോഗിച്ച് വോട്ടെടുപ്പ് അനുവദിക്കാതെയായിരുന്നു കഴിഞ്ഞ വര്‍ഷം അവശ്യ സാധന നിയമ ഭേദഗതി നിയമം (2020) കാര്‍ഷികോല്‍പന്ന വാണിജ്യ വ്യാപാര നിയമം (2020) കര്‍ഷക ശാക്തീകരണ സംരക്ഷണ നിയമം (2020) തുടങ്ങിയ കര്‍ഷക ദ്രോഹ നിയമങ്ങള്‍ അടിച്ചേല്‍പിച്ചത്.

ചര്‍ച്ചകള്‍ക്ക് ഒട്ടും അവസരം നല്‍കാതെയാണ് മോദി സര്‍ക്കാര്‍ ശീതകാല സമ്മേളനത്തിലെ ആദ്യ ദിനത്തില്‍ അവ പിന്‍വലിച്ചതും. ലോകസഭയില്‍ അഞ്ചുമിനുട്ടിലും രാജ്യസഭയില്‍ ഒമ്പതുമിനുട്ടും കൊണ്ട് ശബ്ദവോട്ടിന്റെ പിന്‍ബലത്തിലാണ് പിന്‍വലിക്കല്‍ ബില്‍ പാസാക്കിയത്. എം.എസ്.പി (അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) അടക്കമുള്ള കാര്‍ഷിക വിഷയത്തില്‍ സംസാരിക്കാന്‍ അവസരം വേണമെന്ന പ്രതിപക്ഷം ആവശ്യ പ്പെട്ടിരുന്നുവെങ്കിലും പിന്‍വലിക്കല്‍ ബില്ലിനെ ആരും എതിര്‍ക്കുന്നില്ലന്നും അതുകൊണ്ട് ചര്‍ച്ചയുടെ ആവശ്യമില്ലെന്നുമുള്ള വിചിത്രമായ ന്യായം നിരത്തിയാണ് സര്‍ക്കാര്‍ നേരിട്ടത്. പിന്‍വലിക്കല്‍ ബില്ലുകള്‍ ഒരിക്കലും ചര്‍ച്ച ചെയ്ത കീഴ് വഴക്കമില്ലന്ന സര്‍ക്കാര്‍ വാദം സത്യത്തിനു നിരക്കുന്നതല്ല. ഡിസ്‌പേഴ്‌സഡ് പേഴ്‌സണ്‍സ് ക്ലയിം ബില്‍ റദ്ധാക്കല്‍ 2004, ട്രിബ്യൂണലുകളുടെ നിര്‍ണയം ബില്‍ റദ്ധാക്കല്‍ 1991, സ്വര്‍ണം (നിയന്ത്രണം) റദ്ധാക്കല്‍ ബില്‍ 1990, പഞ്ചസാര കയറ്റുമതി പ്രോത്സാഹന (അസാധുവാക്കല്‍) ബില്‍ 1990, കോള്‍ മൈന്‍സ് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് റദ്ധാക്കല്‍ ബില്‍ 1986, ഹിന്ദു വിധവകളുടെ പുനര്‍ വിവാഹ ബില്‍ റദ്ധു ചെയ്യല്‍ 1982, പ്രത്യേക കോടതി ബില്‍ റദ്ധാക്കല്‍ 1980, അജ്മീര്‍ റെന്റ് കണ്‍ട്രോള്‍ ബില്‍ പിന്‍വലിക്കല്‍ 1967, ഉത്തര്‍പ്രദേശ് കന്റാണ്‍മെന്റുകള്‍ റദ്ധാക്കല്‍ ബില്‍ തുടങിയ 17ഓളം ബില്ലുകള്‍ പിന്‍വലിക്കുന്ന ഘട്ടത്തില്‍ അംഗങ്ങള്‍ക്ക് ചര്‍ച്ചകള്‍ക്ക് യഥേഷ്ടം അവസരം നല്‍കിയിരുന്നു. രാജ്യസഭയില്‍പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ തെളിവു നിരത്തി ഇക്കാര്യങ്ങള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവാതെ ഒളിച്ചോടുകയാണ് ചെയ്തത്.

ചര്‍ച്ചകളും സൂക്ഷമ പരിശോധനയും കൂടാതെ ദോശ ചുട്ടെടുക്കുന്ന ലാഘവത്തില്‍ ബില്ലുകള്‍ പാസാക്കിയെടുക്കുന്ന മോദി സര്‍ക്കാരിന്റെ ഗില്ലിറ്റന്‍ ശൈലിക്കെതിരെ പതിനേഴോളം പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ടുവര്‍ഷം മുമ്പ് രാഷ്ട്രപതിക്ക്‌നിവേദനം നല്‍കിയിരുന്നു. മോദി കാലത്തെ പാര്‍ലിമെന്റ്‌നടപടികളില്‍ കടുത്ത അസംതൃപ്തിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഈയിടെ പ്രകടിപ്പിച്ചത്. വിവര സാങ്കേതിക നിയമത്തില്‍ സൈബര്‍ കുറ്റകൃത്യവുമായി ബന്ധപെട്ടഭേദഗതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന 66 അ വകുപ്പു ഉള്‍പ്പെടെ പാര്‍ലിമെന്റ് പാസാക്കിയ നിയമങ്ങള്‍ സുപ്രീം കോടതിക്ക് റദ്ധു ചെയ്യേണ്ടി വന്ന സംഭവങ്ങള്‍കൂട്ടി വായന നടത്തുമ്പോള്‍ പാര്‍ലമെന്റ് നടപടി ക്രമങ്ങളില്‍ സംഭവിച്ച താളപ്പിഴയുടെ ആഴം ആര്‍ക്കും ബോധ്യമാവും.

അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ഉത്തരം നല്‍കല്‍നിര്‍ബന്ധമുള്ള ചോദ്യോത്തരവേള പോലും കോവിഡിന്റെ മറവില്‍ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാറിന് ലവലേശം മടിയുണ്ടായിട്ടില്ല. 1962ലെ ചൈന യുദ്ധം, 1971 പാക് യുദ്ധം, 1975 അടിയന്തരാവസ്ഥ തുടങ്ങിയ ഘട്ടത്തില്‍ മാത്രമാണ് ചോദ്യോത്തരവേള മുമ്പ് ഒഴിവാക്കിയത്. നിയമ നിര്‍മാണ ഘട്ടത്തില്‍ എല്ലാ വശങ്ങളും വിശദമായി ഇഴ കീറി പരിശോധന നടത്തുന്നതില്‍ പാര്‍ലമെന്റില്‍ പരിമിധികള്‍ ഉള്ളതിനാല്‍ വിദഗ്ധ പഠനത്തിനായി ബില്ലുകള്‍ സംയുക്ത പാര്‍ലമെന്റ് സമിതിക്കോ സെലക്ട് കമ്മിറ്റിക്കോ വിടാറുള്ള അവസ്ഥക്കും മാറ്റം സംഭവിച്ചു. പതിനാലാം ലോക്‌സഭയുടെ കാലത്ത് 60 ശതമാനവും പതിനഞ്ചാം ലോക്‌സഭയില്‍ 71 ശതമാനവും ബില്ലുകള്‍ പാര്‍ലമെന്റ് സമിതികളുെടെ പരിശോധനക്ക് വിധേയമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 27 ശതമാനമായി കുത്തനെ കുറഞ്ഞിരിക്കുകയാണ്. മണിബില്ലിലൂടെ ഒളിയജണ്ടകള്‍ നടപ്പിലാക്കാനാണ് സര്‍ക്കാറിനിഷ്ടം. ലോക്‌സഭയില്‍ പാസാകുന്ന മണിബില്‍ ഒരിക്കലും രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടതില്ല. സ്പീക്കറുടെ സാക്ഷ്യപത്രത്തോടെ അയക്കുന്ന മണി ബില്‍ തള്ളാനോ ഭേദഗതി നിര്‍ദേശിക്കാനോ രാജ്യസഭക്ക് അനുവാദമില്ല. പതിനാലു ദിവസത്തിനകം ലോക്‌സഭയിലേക്ക് ബില്‍ തിരിച്ചയക്കുകയും വേണം.

ആധാര്‍ നിയമം ഉള്‍പെടെയുള്ള സുപ്രധാന നിയമങ്ങള്‍ പിറന്നുവീണത് ധനകാര്യവുമായി പുലബന്ധം പോലുമില്ലാത്ത മണി ബില്ലിലൂടെയാണ്. ഗഹനമായ ഗൃഹപാഠവും തയ്യാറെടുപ്പും നടത്തിവരുന്ന അംഗങ്ങള്‍ക്ക് നക്ഷത്ര ചിഹ്നമിട്ടും ഇടാതെയും ചോദ്യങ്ങള്‍ ചോദിക്കാനും സ്വകാര്യ ബില്ലുകളും അനൗദ്യോഗിക പ്രമേയങ്ങളും അവതരിപ്പിക്കാനും മറുപടികള്‍ പറയാനും അവസരമില്ലെങ്കില്‍ പാര്‍ലമെന്റ് മന്ദിരം കേവലം ജീവനില്ലാത്ത കെട്ടിടത്തിനു തുല്യമാവും. ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കവിത എഴുതിയതിന്റെ പേരിലാണ് മുംബെയില്‍ ജനിച്ച ബ്രട്ടീഷുകാരനായ റഡ് യാര്‍ഡ് ക്ലിപ്പിങ്ങിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. (what and why and when and how and where and who) ഈ ആറു ചോദ്യങ്ങളെ കുറിച്ചാണ് അദ്ധേഹത്തിന്റെ കവിതയിലെ പ്രതിപാദ്യം. ചോദ്യങളാണ് ജനാധിപത്യ ത്തിന്റെ ആണികല്ല്. വിശ്വാസവും വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവും ഗതാഗതവും ജീവവായുവും ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെ മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പിനു വേണ്ടി പാര്‍ലമെന്റില്‍ സംവാദത്തിനുള്ള അവസരം നിഷേധിക്കുമ്പോള്‍ ജനം ഭരണകൂടത്തെ തെരുവില്‍ ചോദ്യം ചെയ്യും. കര്‍ഷക സമരവിജയം അതാണ് വിളിച്ചോതുന്നത്.

Test User: