അശ്‌റഫ് തൂണേരി
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പ് ആരാധകര്‍ക്കും സംഘാടകര്‍ക്കുമായി പുറത്തിറക്കിയ ഹയ്യ കാര്‍ഡ് വഴി ഇനിയും രാജ്യത്തിനു പുറത്തുള്ളവര്‍ക്കു ഖത്തറിലെത്താമെന്നും കാലാവധി അടുത്ത വര്‍ഷം ജനുവരി 24 വരെ ഉണ്ടായിരിക്കുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയും. ഒപ്പം ചില വ്യവസ്ഥകളും നിബന്ധനകളും പാലിക്കുകയും വേണം.
സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിങ് അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഉള്ള താമസ സൗകര്യത്തിനുള്ള തെളിവ് ഹയ്യ പോര്‍ട്ടലിലൂടെ നല്‍കണം. കൂടാതെ
ഖത്തറിലെത്തുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധി വേണം.
ഖത്തറില്‍ താമസിക്കുന്ന കാലയളവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വേണം.യാത്രക്ക് മുമ്പ് തന്നെ ഇത് ഉറപ്പുവരുത്തേണ്ടതാണ്.
തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യണം.
‘ഹയ്യ വിത്ത് മി’ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാനാവും. നിരക്ക് ഈടാക്കാതെ മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് ആണ് അനുവദിക്കുക. 2024 ജനുവരി 24 വരെ കാലയളവില്‍ നിരവധി തവണ രാജ്യം സന്ദര്‍ശിക്കാം.
വിമാനത്താവളത്തിലോ മറ്റു പ്രവേശന മാര്‍ഗങ്ങളിലോ സന്ദര്‍ശകര്‍ക്ക് ഇഗേറ്റ് വഴി പുറത്തുകടക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ എമിഗ്രേഷന്‍ കൗണ്ടറില്‍ കാത്തു നില്‍ക്കേണ്ടി വരില്ല.
2022 ഖത്തര്‍ ഫിഫ ലോകകപ്പിനായി അനുവദിച്ച എല്ലാ ഹയ്യ കാര്‍ഡ് ഉടമകള്‍ക്കും വ്യവസ്ഥകള്‍ പാലിച്ചു ഖത്തര്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.