ഛത്തീസ്ഗഡ്: കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. അമ്പേ പരാജയപ്പെട്ട നോട്ടുനിരോധന വിവാദത്തില്‍ ഉത്തരം കിട്ടാതായതോടെയാണ് ബിജെപി സര്‍ക്കാറിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അമ്മ സോണിയ ഗാന്ധിക്കുമെതിരെ അധിക്ഷേപവുമായി മോദി രംഗത്തെത്തിയത്. ജാമ്യത്തിലിറങ്ങി നടക്കുന്ന അമ്മയും മകനുമാണ് സര്‍ക്കാരിന്റെ നോട്ട് നിരോധന നീക്കത്തെ എതിര്‍ക്കുന്നതെന്നായിരുന്നു മോദിയുടെ മറുപടി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കുടുംബത്തെവച്ചാണെന്നും ഗാന്ധി കുടുംബത്തെ അധിക്ഷേപിച്ച് മോദി പറഞ്ഞു. നവംബര്‍ 20ന് രണ്ടാം ഘട്ട പോളിങ് നടക്കുന്ന ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
‘അമ്മയും മകനും’ ജാമ്യത്തിലിറങ്ങി നടക്കുകയാണ്. ജാമ്യത്തിലിറങ്ങേണ്ടി വന്നതിനാലാണ് സര്‍ക്കാരിന്റെ നോട്ട് നിരോധന നീക്കത്തെ അവര്‍ എതിര്‍ത്തത്. അവര്‍ക്ക് ജാമ്യം തേടേണ്ടി വന്നത് നോട്ടുനിരോധനം മൂലമാണ്. ജാമ്യം നേടിയവരാണ് മോദിക്ക് സര്‍ട്ടിഫിക്കറ്റുമായി വരുന്നത്. നിരവധി കടലാസു കമ്പനികളാണ് നോട്ട് നിരോധനം മൂലം അടച്ചുപൂട്ടിയതെന്നും മോദി കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം ജഗ്ദല്‍പൂരില്‍ നടന്ന റാലിയിലും മോദി ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചിരുന്നു. എ.സി മുറിയിലിരിക്കുന്ന നഗര മാവോയിസ്റ്റുകളെ കോണ്‍ഗ്രസ് പിന്തുണക്കുകയാണെന്നാരോപിച്ച മോദി ഒരു കുടുംബത്തതിന്റെ വികസനത്തിന് മാത്രമാണ് കോണ്‍ഗ്രസ് ശ്രദ്ധകൊടുത്തിരിക്കുന്നതെന്നും വിമര്‍ശിച്ചു.
അതേസമയം രാഹുല്‍ ഗാന്ധി നിരന്തരം ഉന്നയിക്കുന്ന റഫാല്‍, ബാങ്ക് തട്ടിപ്പ് തുടങ്ങിയ അഴിമതി ആരോപണങ്ങളെക്കുറിച്ചും ജനകീയ വിഷയങ്ങളെക്കുറിച്ചും മോദി മിണ്ടിയില്ല.