പൊലീസ് വെടിവെപ്പില്‍ ഒമ്പതു മരണം
ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പു ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പൊലീസ് വെടിവെപ്പ്. 16 വയസ്സുകാരി ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. നിരവധി വാഹനങ്ങള്‍ സമരക്കാര്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷം രൂക്ഷമായതിനെതുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് വഴിയൊരുക്കുന്ന ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മാസങ്ങളായി പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിലാണ്. രണ്ടാംഘട്ട സമരത്തിന്റെ നൂറാം ദിവസമായ ഇന്നലെ തൂത്തുക്കുടി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ 20,000ത്തില്‍ അധികം പേരാണ് അണിനിരന്നത്. കാലത്ത് 10 മണിക്ക് ആരംഭിച്ച പ്രകടനം കടന്നുപോകുന്ന വഴിയില്‍ സമരക്കാര്‍ ഇരുചക്ര വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതോടെ തന്നെ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
കലക്ടറേറ്റിനു മുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെ സമരക്കാര്‍ പൊലീസിനുനേരെ കല്ലേറു തുടങ്ങി. ഇതേതുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. എന്നാല്‍ ചിതറിയോടിയ പ്രതിഷേധക്കാര്‍ പല ഭാഗത്തുനിന്നും പൊലീസിനു നേരെ കല്ലേറു തുടര്‍ന്നു. ഇതിനിടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ സമരക്കാര്‍ കൂടുതല്‍ പ്രകോപിതരായി. കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത സമരക്കാര്‍, കലക്ടറേറ്റ് കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന റവന്യൂ വകുപ്പിന്റേതുള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഇതോടെ കലക്ടേറ്റും പരിസരവും യുദ്ധക്കളമായി മാറി. ഇതിനിടെയാണ് സമരക്കാര്‍ക്കു നേരെ പൊലീസ് വെടിവെപ്പുണ്ടായത്. കലക്ടറുടെ ഓഫീസിന് തീവെക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്നാണ് വെടിവെപ്പു നടത്തിയതെന്ന് പൊലീസ് അവകാശപ്പെട്ടു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചെന്നൈയില്‍ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഡി.ജി.പി ടി.കെ രാജേന്ദ്രന് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സൗത്ത് സോണ്‍ ഐ.ജി ശൈലേഷ് കുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം മേഖലയില്‍ ക്യാമ്പു ചെയ്യുന്നുണ്ട്.