കോഴിക്കോട്: ദേശീയപാതയിലും മെഡിക്കല്‍ കോളജ് റൂട്ടിലും വാഹനങ്ങളുടെ തിരക്ക് കുറക്കാന്‍ സഹായിക്കുന്ന തൊണ്ടയാട് മേല്‍പ്പാലം ഉദ്ഘാടനത്തിന് സജ്ജമായി. പെയിന്റിങ് ഉള്‍പ്പെടെ ഏതാനും ജോലികളാണ് അവശേഷിക്കുന്നത്. ഈ മാസം ഉദ്ഘാടനം നടക്കുമെന്നാണ് അറിയുന്നത്. തിയ്യതി തീരുമാനിച്ചിട്ടില്ല. പ്രളയാനന്തരം ചെലവ് ചുരുക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടനത്തിന് വര്‍ണപ്പൊലിമ കുറക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇടിമുഴിക്കല്‍-വെങ്ങളം പാതയില്‍ രാമനാട്ടുകരയിലും മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയായി. ലൈറ്റ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ചില്ലറ ജോലികളാണ് ബാക്കിയുള്ളത്. രാമനാട്ടുകര മേല്‍പ്പാലത്തില്‍ ഫിറ്റ് ചെയ്യേണ്ട ലൈറ്റുകള്‍ എത്തിച്ചെങ്കിലും യോജിക്കാത്തതിനാല്‍ മാറ്റുകയായിരുന്നു. ഏതാനും സ്ഥലത്ത് ടാറിങ് ജോലികളും തീര്‍ക്കാനുണ്ട്.
തൊണ്ടയാട് 2016ലാണ് മേല്‍പ്പാലം നിര്‍മാണം തുടങ്ങിയത്. 474 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലത്തില്‍ ക്രാഷ് ബാരിയറുകളും നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ദേശീയപാത വിഭാഗമാണ് ജോലി പൂര്‍ത്തിയാക്കിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. 54 കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്. എന്നാല്‍ കരാര്‍ തുകയേക്കാള്‍ കുറഞ്ഞ തുകയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ യു.എല്‍.സി.സിക്ക് കഴിഞ്ഞു. എത്രതുക മിച്ചം വരുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞു. സ്ഥലം നേരത്തെ ഏറ്റെടുത്തിരുന്നതിനാല്‍ ജോലി തുടങ്ങാന്‍ താമസം നേരിട്ടിരുന്നില്ല. തൊണ്ടയാട് ജംഗ്ഷനില്‍ ഇപ്പോള്‍ വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ദേശീയപാത ബൈപ്പാസ് വഴിയുള്ള മേല്‍പ്പാലത്തിലൂടെ കടന്നുപോകും. മെഡിക്കല്‍ കോളജിലേക്കുളള വാഹനങ്ങളും ഇതുവഴിയുള്ള ബസുകളും മറ്റും കാത്തുകിടക്കേണ്ട അവസ്ഥ ഉണ്ടാവില്ല. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയും എളുപ്പമാകും. രാമനാട്ടുകരയിലും തൊണ്ടയാടും മേല്‍പ്പാലം വരണമെന്ന ആവശ്യം നേരത്തെ മുതല്‍ ഉയര്‍ന്നിരുന്നു. മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുന്ന സ്വകാര്യബസുകളും മറ്റ് വാഹനങ്ങളും ഇടിമുഴിക്കല്‍ ജംഗ്ഷന്‍ ചുറ്റിയാണ് ഇപ്പോള്‍ വരുന്നത്. രാമനാട്ടുകര മേല്‍പ്പാലം തുറക്കുന്നതോടെ ദേശീയപാതയിലേക്കുള്ള വാഹനങ്ങളെല്ലാം ഇതുവഴി കടന്നുപോകും. അതോടെ തിരക്ക് കുറക്കാന്‍ കഴിയും.