ലിസ്ബണ്‍: പതിമൂന്നാം വയസില്‍ ബാഴ്‌സലോണയിലെത്തിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ് വിടുന്നതായ വാര്‍ത്ത വന്നതോടെ ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തിയിരിക്കുകയാണ്. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്സലോണ വിട്ടുവന്നാല്‍ പരിശീലകന്‍ പെപ് ഗോര്‍ഡിയോളയുമായി അടുത്ത ബന്ധം മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കും എന്ന് തന്നെയാണ് ഫുട്‌ബോള്‍ ലോകം ശക്തമായി വിശ്വസിക്കുന്നത്. അതേസമയം ലോകത്തര താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന ഇറ്റലിയന്‍ ലീഗിലെ ഇന്റര്‍മിലാനും മെസിക്കായി രംഗത്തുണ്ട്. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്സലോണ വിട്ടുവന്നാല്‍ തങ്ങള്‍ സ്വീകരിക്കുമെന്ന് പാരീസ് സെന്റ് ജര്‍മര്‍ പരിശീലകന്‍ തോമസ് ടച്ചലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിഎസ്ജിക്ക് മെസി അങ്ങനെ പെട്ടെന്ന് സ്വന്തമാക്കാന്‍ സാധിക്കില്ലെന്നാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ ലോകോത്തര താരങ്ങളായ നെയ്മറും, എമ്പാപ്പെയും ഉള്‍ക്കൊള്ളുന്ന ടീമാണ് പിഎസ്ജി. മെസിക്ക് ബാഴ്‌സ വിടണമെങ്കില്‍ 700 ദശലക്ഷം പൗണ്ടിന്റെ റിലീസ് ക്ലോസ് പാലിക്കണമെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ ഇനിയും വന്‍തുക ചെലവഴിക്കാന്‍ ക്ലബിന് ആവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അറുനൂറിലേറെ ഗോളുകളും 33 ട്രോഫികളും സ്വന്തമാക്കിയ മുപ്പത്തിമൂന്നുകാരന് ബാഴ്സയുമായി ഇനി ഒരു വര്‍ഷം കൂടി കരാറുള്ളതിനാല്‍ മെസിക്കായി റെക്കോര്‍ഡ് തുക തന്നെയാവും ക്ലബ് ആവശ്യപ്പെടുക.
കൂടാതെ, ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യംവെച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം 10,000 കോടിയോളം രൂപ ഒഴുക്കിയ ടീമാണ് പിഎസ്ജി. നേരത്തെ ബാഴ്‌സയില്‍ നിന്നും 1900 കോടിയോളം മുടക്കിയാണ് പിഎസ്ജി നെയ്മറെ പാരീസിലേക്ക് കൊണ്ടുവന്നത്. ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളായതോടെ വന്‍ വിലപിടിപ്പുള്ള താരമായി മാറിയ എമ്പാപ്പെക്കും ക്ലബ് വലിയ രീതില്‍ ചെലവാക്കുന്നുണ്ട്. എന്നാല്‍, ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയശേഷം കിരീടമില്ലാതെ മടങ്ങേണ്ടിവന്നതിന്റെ നിരാശയിലാണിപ്പോള്‍ പിഎസ്ജി. ഇന്നേവരെ സെമിയില്‍ പോലും എത്താന്‍ കഴിയാതിരുന്ന ടീമിന് ഇക്കുറി സുവര്‍ണാവസരമായിരുന്നു. എന്നാല്‍, നെയ്മര്‍ക്ക് കൊടുക്കുന്ന പ്രതിഫലത്തിന്റെ പകുതി മാത്രമുള്ള ബയേണ്‍ മ്യൂണിക്ക് താരങ്ങള്‍ക്കെതിരെ അവസരങ്ങള്‍ തുലച്ച ഫ്രഞ്ച് ടീമിന് കപ്പ് അടിയറവ് വക്കേണ്ട അവസ്ഥായാണുണ്ടായത്.
2019-20ലെ ഫ്രഞ്ച് ലിഗ് സീസണ്‍ മാര്‍ച്ചില്‍ റദ്ദാക്കിയിരുന്നു. കോവിഡ്-19 മഹാ മാരിയും സാമ്പത്തിക മാന്ദ്യവും നിലനില്‍ക്കെ കഴിഞ്ഞ വാരാന്ത്യത്തിലാണ് പുതിയ സീസണ്‍ ആരംഭിച്ചിരിക്കുന്നത്.