നോട്ട് നിരോധനം: തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് സുരേന്ദ്രന്‍
കോഴിക്കോട്: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്.
നോട്ട് അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ മന്ത്രി തോമസ് ഐസകിന്റെ ഫെയ്‌സ്ബുക് പോസ്റ്റിലാണ് സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ സംവാദത്തിനായി വെല്ലുവിളിച്ചത്. എന്റെ പോസ്റ്റിനുകീഴില്‍ സംഘടിതമായി വന്നു തെറിപറയുന്ന സംഘിച്ചാവേറുകളെ പിന്‍വലിക്കൂ. നിങ്ങളുടെ എന്തു ചോദ്യത്തിനോടും സംവദിക്കാന്‍ ഞാന്‍ തയാറാണ് എന്നായിരുന്നു പോസ്റ്റിലെ കമന്റുകളോട് ഐസക് പ്രതികരിച്ചത്. മോദി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ലെന്നും ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണെന്നും ഐസക് പറഞ്ഞിരുന്നു.
ഇതിനെല്ലാം മറുപടിയുമായാണ് ഇപ്പോള്‍ സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയത്.
”ബഹു ധനമന്ത്രി തോമസ് ഐസക്കിന്റെ മോദി വിരുദ്ധ പ്രചാരണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തിനില്ലെന്നും വലിയ രാജ്യദ്രോഹ നടപടി ആയിപ്പോയെന്നും അദ്ദേഹം വീണ്ടും വാദിക്കുകയാണ്. മാത്രമല്ല അദ്ദേഹം പരസ്യസംവാദത്തിനു വെല്ലുവിളിച്ചിരിക്കുന്നു. സംഘികള്‍ അദ്ദേഹത്തിന്റെ പോസ്റ്റിനു കീഴെ കമന്റിടുന്നത് നിര്‍ത്തണമെന്നും. പരസ്യസംവാദത്തിന് ഞങ്ങള്‍ തയാര്‍, സുരേന്ദ്രന്‍ ഫെയ്‌സ്ബുകിലൂടെ തന്നെ മറുപടി നല്‍കി.
എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും സാര്‍ പറഞ്ഞാല്‍ മതിയെന്നും, ഐസകിനോടായി പോസ്റ്റില്‍ സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ കമന്റുകള്‍ കാരണം വേവലാതിപ്പെടുന്ന അങ്ങ് വല്ലപ്പോഴും തന്റെ പേജില്‍ ഒന്നു നോക്കണമെന്നും അപ്പോള്‍ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടുമെന്നും” സുരേന്ദ്രന്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.