X

‘അര്‍ദ്ധ രാത്രിയില്‍ എന്തിന് നാടകം?,വൈകാരിക അഭിനയം നിര്‍ത്തൂ’;മോദിയെ കടന്നാക്രമിച്ച് ഐസക്

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് വീണ്ടും ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ചായിരുന്നു ഐസക്കിന്റെ പ്രതികരണം. അര്‍ദ്ധരാത്രിയില്‍ എന്തിനാണ് ഇത്തരത്തിലുള്ള നാടകമെന്നും അത് നിര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസ നടപടികള്‍ നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുമായുള്ള ബന്ധം മോഡിജിക്ക് നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. ഇന്നലത്തെ ഗോവ പ്രസംഗത്തില്‍ അദ്ദേഹം ഊന്നിയ ഒരു കാര്യം പ്ലാസ്ടിക്ക് പണത്തിലേക്ക് ഇന്ത്യ മാറേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് . പക്ഷെ ഇന്നത്തെ യാഥാര്‍ത്ഥ്യം എന്താണ് ? കാശ് ഇന്നും വാണിജ്യ കൈമാറ്റത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ . കാശും ദേശീയ വരുമാനവുമായുള്ള തോത് ഇന്ത്യയില്‍ 12 ശതമാനം ആണ് . മറ്റ് ഇന്ത്യ പോലുള്ള പ്രമുഖ രാജ്യങ്ങളില്‍ 4 ല്‍ താഴെയും . ഇങ്ങനെയുള്ള ഒരു രാജ്യത്ത് പണത്തിന്റെ മൂല്യത്തില്‍ 84 % വരുന്ന 500 1000 രൂപ നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചാല്‍ എന്ത് സംഭവിക്കും എന്ന് സാമ്പത്തീകശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ അറിയാവുന്നവര്‍ക്ക് തിരിച്ചറിയാനാകും . എന്നാല്‍ ഈ തിരിച്ചറിവ് മോഡിജിക്ക് ഉണ്ടായില്ല . ഫലം ഇപ്പോള്‍ ഇന്ത്യന്‍ ജനത അനുഭവിക്കുന്നു .

’50 ദിവസങ്ങള്‍ കൂടി തരൂ. ഈ ശുദ്ധീകരണത്തില്‍ നാം വിജയിക്കും ‘ 50 ദിവസങ്ങള്‍ കൂടി വേണമായിരുന്നുവെങ്കില്‍ എന്തിന് അര്‍ദ്ധരാത്രി പൊടുന്നനെ നോട്ടുകള്‍ പിന്‍വലിച്ചു ? പഴയ നോട്ടുകള്‍ റദ്ടാവാന്‍ ഒരു മാസം മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നടക്കുന്ന ശുദ്ധീകരണം നടക്കുമായിരുന്നു. കള്ളനോട്ടുകള്‍ ഇല്ലാതാവും . പണമായി സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തില്‍ സിംഹപങ്കും വെളിച്ചത്ത് വരും. കള്ളപ്പണം വെളുപ്പിക്കാന്‍ ഇന്ന് ലഭിക്കുന്ന സൗകര്യങ്ങളെ മുന്നറിയിപ്പ് നല്‍കി കൊണ്ട് ലഭ്യമാക്കിയിരുന്നുവെങ്കിലും ഉണ്ടാകുമായിരുന്നുള്ളൂ . ഫലം ഒന്ന് തന്നെ . ഒറ്റക്കാര്യം കൂടി ചെയ്താല്‍ മതി. സ്വര്‍ണ്ണം, ഭൂമി തുടങ്ങിയ വന്‍കിട ഇടപാടുകളുടെ കൃത്യമായ വിവരങ്ങളും സ്രോതസ്സുകളും ഇടപാടുകാര്‍ രേഖപ്പെടുത്തണം എന്നത് നിര്‍ബന്ധമാക്കണം.

ഇത് ചെയ്യുന്നതിന് പകരം എന്തിന് അര്‍ദ്ധരാത്രി നാടകം?ഈ വൈകാരിക അഭിനയം നിര്‍ത്തി ആശ്വാസ നടപടികള്‍ എടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം . ഉദാഹരണത്തിന് സര്‍ക്കരുകള്‍ക്കുള്ള നികുതിയും ഫീസും ചാര്‍ജ്ജുകളും 500 1000 രൂപ നോട്ടുകളില്‍ സ്വീകരിക്കാനുള്ള അനുവാദം 10 ആം തീയതി ആണ് ലഭിച്ചത് . ആശുപത്രി , റെയില്‍വേ തുടങ്ങിയ മേഖലകള്‍ക്ക് ഇക്കാര്യത്തില്‍ തുടക്കത്തില്‍ തന്നെ അനുവാദം നല്‍കിയിരുന്നു . ഇവയെല്ലാം ഇന്ന് അവസാനിക്കുകയാണ് . അടിയന്തിരമായി കാലാവധി നീട്ടി നല്‍കാന്‍ ഉത്തരവ് ഉണ്ടാകണം.
എന്തുകൊണ്ട് പുതിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നത് വരെ പഴയ നോട്ടുകള്‍ കൂടുതല്‍ മേഖലകളില്‍ ഉപയോഗിക്കാനുള്ള സാവകാശം കൊടുത്തുകൂടാ ? ആദ്യം ആശുപത്രി , റെയില്‍വെ തുടങ്ങി ഏതാനും മേഖലകളില്‍ പരിമിതപ്പെടുത്തിയിരുന്ന സൗകര്യം പത്താം തീയതി സര്‍ക്കാറുകള്‍ക്കുള്ള നികുതികള്‍ക്കും ഫീസുകള്‍ക്കും ചാര്‍ജ്ജുകള്‍ക്കും ബാധകമാക്കി . ഇത് എന്തുകൊണ്ട് വിപുലപ്പെടുത്തിക്കൂടാ ? ഇത്തരത്തില്‍ അടിയന്തിരമായി സ്വീകരിക്കേണ്ടുന്ന പ്രായോഗിക നടപടികളെ കുറിച്ച് മുഖ്യമന്ത്രി രാവിലെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച ചെയ്യാന്‍ പോകുകയാണ് .
ചിത്രം : ഇന്ന് രാവിലെ 8 .00 ന് ആലപ്പുഴ കൊമ്മാടി എസ് ബി ഐ ശാഖയുടെ മുന്നില്‍ നിന്ന് ഒരു സുഹൃത്ത് പകര്‍ത്തിയത്‌

chandrika: