തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്. സിനിമ കണ്ടുവെന്നും മലപ്പുറത്തെ ഗ്രാമീണ നന്‍മ മനസ് നിറഞ്ഞ് അറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആ നന്‍മകളൊക്കെ സിനിമയില്‍ മാത്രമേ ഉള്ളൂവെന്നും സിനിമക്ക് പുറത്ത് നന്‍മ ഉണ്ടായില്ലെന്നും സാമുവലിന്റെ പ്രതിഷേധത്തില്‍ നിന്ന് മനസ്സിലാവുന്നത്. തീര്‍പ്പ് കല്‍പ്പിക്കണമെങ്കില്‍ നൈജീരിയക്കാരന്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച് കൂടി അറിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സുഡാനി ഫ്രം നൈജീരിയ കണ്ടു. ഇപ്പോഴാണ് മന്ത്രി ജലീല്‍ ഈ സിനിമ കാണണമെന്ന് ഇത്ര നിര്‍ബന്ധിച്ചതിന്റെ കാരണം മനസ്സിലായത്. മലപ്പുറത്തെ ഗ്രാമീണ നന്മകള്‍ മനസ്സ് നിറഞ്ഞു കണ്ടു. സുഡാനിയെ തങ്ങളുടെ വീടിന്റെ ഭാഗമാക്കാന്‍ ആ ഗ്രാമീണ കുടുംബങ്ങള്‍ക്ക് നിറമോ മതമോ ഒന്നും തടസമായില്ല. ഫുട്‌ബോള്‍ കളിക്കാരന്‍ സാമുവലിന് നല്‍കിയ ശുശ്രൂഷയും സ്‌നേഹവും പിന്നെ അവസാനം വിടവാങ്ങല്‍ വേളയില്‍ നല്‍കിയ കമ്മലും വാച്ചുമൊന്നും ഒരു കരാറിന്റെയും ഭാഗമായിരുന്നില്ല. പക്ഷെ ഇതൊക്കെ സിനിമയിലേ ഉണ്ടായുള്ളൂ, സിനിമയ്ക്ക് പുറത്തുണ്ടായില്ല എന്നാണ് സാമുവലിന്റെ പ്രതിഷേധത്തില്‍ നിന്ന് മനസ്സിലാവുന്നത്. തീര്‍പ്പ് കല്‍പ്പിക്കണമെങ്കില്‍ നൈജീരിയക്കാരന്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച് കൂടി അറിയണം. ഏതായാലും സിനിമ ഗംഭീര വിജയം നേടിയ സ്ഥിതിക്ക് പരാതികള്‍ പരിഹരിക്കപ്പെടും എന്ന് കരുതട്ടെ.