തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ്ചാണ്ടി രാജിവെച്ചു. എന്‍സിപി നേതൃയോഗത്തിനു ശേഷം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനാണ് ചാണ്ടിയുടെ രാജി പ്രഖ്യാപിച്ചത്. എന്‍സിപി കേന്ദ്ര നേതൃത്വവും രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇതുസംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്തിറക്കി. സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തി സത്യം തെളിയിക്കുമെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു.
മന്ത്രിസ്ഥാനത്തു നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ തയാറാണെന്ന് നേരത്തെ ചാണ്ടി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭായോഗത്തിനു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കലക്ടറുടെ റിപ്പോര്‍ട്ട് തിരുത്തണമെന്ന ആവശ്യവുമായി ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ചാണ്ടിയുടെ രാജി ആവശ്യം ശക്തമായത്. സര്‍ക്കാറിനെതിരെ മന്ത്രി തന്നെ രംഗത്തുവന്നതോടെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്ക് പകരക്കാരനായി എ.കെ ശശീന്ദ്രന്‍ എത്തുമോയെന്നാണ് ഇനി അറിയേണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ്ചാണ്ടി ക്ലിഫ്ഹൗസില്‍ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കു ശേഷം രാജി പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് മന്ത്രിസഭായോഗത്തില്‍ തോമസ്ചാണ്ടി പങ്കെടുത്തതോടെ സിപിഐ യോഗം ബഹിഷ്‌കരിച്ചു. ഇത് ഇടതുമുന്നണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെയാണ് എന്‍സിപി അടിയന്തരയോഗം ചേര്‍ന്നത്. തുടര്‍ന്ന് തോമസ്ചാണ്ടി രാജി സന്നദ്ധ അറിയിക്കുകയായിരുന്നു. തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാമെന്നാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ അറിയിച്ചത്.