ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വാഗ്വാദങ്ങളുമായി ഒരേ വേദിയില്‍. ജനജാഗ്രതാ യാത്രയുടെ ആലപ്പുഴയിലെ പര്യടനത്തിലാണ് കാനവും ചാണ്ടിയും ഒരേ വേദിയിലെത്തിയത്. യാത്രയുടെ കുട്ടനാട്ടെ സ്വീകരണ വേദിയിലാണ് മന്ത്രി പങ്കെടുത്തത്. തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള വിവാദം കൊഴുക്കുന്നതിനിടയിലാണ് ജനജാഗ്രതയാത്ര ആലപ്പുഴയിലെത്തുന്നത്.
തന്റെ കൈയേറ്റം തെളിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചെങ്കിലും അദ്ദേഹം അത് ഏറ്റെടുത്തിട്ടില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഒരു സെന്റ് ഭൂമിയെങ്കിലും താന്‍ കൈയേറിയെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും രാജിവെക്കാന്‍ തയ്യാറാണ്. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. അത് ഉടന്‍ തെളിയുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ഇക്കാര്യം വീണ്ടും വിശദീകരിക്കുന്നത് കാര്യങ്ങള്‍ മനസിലാകാത്തവര്‍ക്കുവേണ്ടിയാണ്. തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും മന്ത്രി തോമസ് ചാണ്ടി സ്വീകരണയോഗത്തില്‍ വെല്ലുവിളിച്ചു.
അതേസമയം, തോമസ് ചാണ്ടിക്ക് മറുപടിയുമായി കാനം രംഗത്തെത്തി. വെല്ലുവിളിക്കാനോ എതിര്‍ക്കാനോ അല്ല ജാഥ നടത്തുന്നതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റേയും ബിജെപിയുടേയും ജനദ്രോഹ നയങ്ങളേയും കാനം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.