തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്ന് ഇടതുമുന്നണിയില്‍ പൊട്ടിപ്പുറപ്പെട്ട സി.പി.എം- സി.പി.ഐ പോരിന് ശമനമില്ല. മന്ത്രിസഭാ യോഗത്തില്‍നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ‘ജനയുഗ’ത്തില്‍ എഴുതിയ മുഖപ്രസംഗത്തിന് അതേമാര്‍ഗത്തില്‍ തിരിച്ചടി കൊടുത്തിരിക്കുകയാണ് സി.പി.എം മുഖപത്രം ‘ദേശാഭിമാനി’. സി.പി.ഐയുടെ നടപടികളെയും റവന്യൂമന്ത്രിയെയും വിമര്‍ശിക്കുന്ന ദേശാഭിമാനി, തോമസ് ചാണ്ടിയെ ന്യായീകരിക്കുന്നുമുണ്ട്. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്ന കഴിഞ്ഞദിവസത്തെ കാനത്തിന്റെ വിശദീകരണത്തിനാണ് പത്രം മറുപടി നല്‍കിയിരിക്കുന്നത്.
തോമസ് ചാണ്ടിക്കെതിരെ റവന്യൂമന്ത്രിക്ക് ലഭിച്ച പരാതി പരിശോധിക്കാന്‍ കലക്ടര്‍ക്ക് വിട്ടത് അസാധാരണ നടപടിയാണെന്നാണ് ദേശാഭിമാനി പറയുന്നത്. ഒരു മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി കൈകാര്യം ചെയ്യുകയാണുവേണ്ടത്. ആ നടപടിയല്ല ഇവിടെ സ്വീകരിച്ചതെന്നാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെതിരെയുള്ള കുറ്റപ്പെടുത്തല്‍. തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുത്തതിനുശേഷം നടത്തിയ ഏതെങ്കിലും പ്രവൃത്തിയെക്കുറിച്ചല്ല ആക്ഷേപം ഉയര്‍ന്നുവന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ആരോപണങ്ങളെല്ലാം മന്ത്രി നിഷേധിക്കുക കൂടി ചെയ്തതോടെ തോമസ് ചാണ്ടിക്ക് സ്വാഭാവിക നീതി നിഷേധിക്കുന്നത് ശരിയായ നടപടി ആയിരിക്കില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഏതെങ്കിലും ഒരുകക്ഷിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായാല്‍ അത്തരം പ്രശ്‌നങ്ങള്‍ മാറ്റിവെക്കുകയോ ചര്‍ച്ചയില്‍കൂടി പരിഹരിക്കുകയോ ചെയ്യുന്ന സമീപനമാണ് എല്ലായ്‌പ്പോഴും എല്‍.ഡി.എഫ് കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സഹായകവും ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്ന നടപടിയുമായിപ്പോയി എന്ന് പറയാതെ വയ്യ.
ഇതിനുമുന്‍പ് ചില മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഈ പ്രശ്‌നത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് റവന്യൂവകുപ്പ് വഴി മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചപ്പോള്‍ അതിന്മേല്‍ സ്വീകരിക്കേണ്ട തുടര്‍നടപടി സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടുകയാണുണ്ടായത്.
എ.ജിയുടെ നിയമോപദേശം പരിശോധിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയെ നവംബര്‍ 12ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം ചുമതലപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച് എന്‍.സി.പി കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ രാജിക്കത്ത് നല്‍കുകയാണ് ചാണ്ടി ചെയ്തത്. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കത്തക്ക എന്ത് അസാധാരണത്വമാണ് ഇവിടെ ഉണ്ടായത്? എന്നാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നല്‍കുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടിയെന്നും മുഖപ്രസംഗം വീശദീകരിക്കുന്നു.