ആലപ്പുഴ: മാസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ തോമസ് ചാണ്ടിയെ എന്‍.സി.പി അധ്യക്ഷനായി നിയമിക്കാന്‍ ധാരണ. പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാര്‍ നിര്‍ദേശിച്ചതായി തോമസ് ചാണ്ടി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനെതിരെ എ.കെ ശശീന്ദ്രന്‍ പക്ഷം എതിര്‍പ്പുമായി രംഗത്തുവന്നു.
സംഘടന തെരഞ്ഞെടുപ്പ് ഒഴിവാക്കി ചാണ്ടിയെ അധ്യക്ഷനാക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ശശീന്ദ്രന്‍ പക്ഷം പറയുന്നത്. പാര്‍ട്ടിയില്‍ ശശീന്ദ്രന്‍ വിഭാഗത്തിനുള്ള ആധിപത്യത്തെ അവഗണിച്ചാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് തോമസ് ചാണ്ടിയെ ദേശീയ നേതൃത്വം കൊണ്ടുവരുന്നത്.
മന്ത്രി ശശീന്ദ്രന്‍ നല്‍കിയ പേരുകള്‍ സംസ്ഥാന അധ്യക്ഷനാകാന്‍ ഉതുകുന്നതല്ലെന്ന നിലപാടിലാണ് ശരത് പവാര്‍. നോമിനേഷനു പകരം സംസ്ഥാനസമിതി വിളിച്ചുകൂട്ടി തീരുമാനം എടുക്കണമന്ന നിര്‍ദേശമാണ് ദേശീയ നേതൃത്വം മുന്നോട്ടുവെക്കുന്നത്.