തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട്. തോമസ്ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക്പാലസിലേക്കുള്ള റോഡ് നിര്‍മ്മാണത്തിലും പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മിച്ചതിലും ഗുരുതരമായ വീഴ്ച്ചകളാണ് തോമസ് ചാണ്ടി നടത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടിലുണ്ട്.
റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂന്നിടത്ത് നിലം നികത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ട് പറയുന്നു. പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിനായി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങള്‍ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് കമ്പനി അട്ടിമറിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മന്ത്രിയുടെ രാജിക്കാര്യത്തില്‍ തീരുമാനം ഇന്നറിയാം. തിരുവനന്തപുരം ഏ.കെ.ജി സെന്ററില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. എന്നാല്‍ രാജിക്കാര്യത്തില്‍ സി.പി.എമ്മില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് നിലവിലുള്ളത്. സംഭവത്തില്‍ തീരുമാനം എടുക്കുന്നത് എല്‍.ഡി.എഫ് യോഗത്തിലായിരിക്കും. യോഗം വിളിച്ചുചേര്‍ത്ത് മന്ത്രിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതിനാണ് സി.പി.എമ്മിന്റെ തീരുമാനം.
മന്ത്രിക്കെതിരെ സി.പി.ഐക്ക് കടുത്ത വിമര്‍ശനമാണുള്ളത്. എന്നാല്‍ സി.പി.എം പരസ്യവിമര്‍ശനമൊന്നും ഉന്നയിച്ചിട്ടുമില്ല. അതേസമയം, മന്ത്രിക്ക് എന്‍.സിപിയുടെ ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയെ തുടക്കം മുതല്‍ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും കൈകൊണ്ടിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പരസ്യവെല്ലുവിളിയെ തുടര്‍ന്ന് തോമസ്ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചിരുന്നു.