X

കുവൈറ്റിലെ പണം തട്ടിപ്പുകേസില്‍ പിഴ അടച്ച് രക്ഷപ്പെട്ടു

 

തിരുവനന്തപുരം: കേരളത്തില്‍ ഭൂമി കയ്യേറ്റമെങ്കില്‍ കുവൈറ്റില്‍ പണംതട്ടിപ്പ്. കുവൈറ്റില്‍ സ്‌കൂളിലെ പേരില്‍ പണം തട്ടിപ്പ് നടത്തിയെന്ന കേസിലും ആരോപണം നേരിടുന്ന വ്യക്തിയാണ് തോമസ് ചാണ്ടി. 2000ല്‍ കുവൈറ്റ് ഇന്ത്യന്‍ സ്‌കൂള്‍ അഴിമതിയുമായി ബന്ധപ്പെട്ട് നാല് മലയാളികള്‍ കുറ്റക്കാരായതില്‍ ഒരാള്‍ ചാണ്ടിയാണ്. ജി.സി.സി രാജ്യങ്ങളില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ കുവൈറ്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി പിഴ അടച്ചാണ് കുറ്റവിമുക്തനായത്. സ്‌കൂള്‍ അഡ്‌ഹോക് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ മാത്യു ഫിലിപ്പ്, കേരളത്തിലെ സ്വകാര്യമലയാളം ചാനല്‍ മേധാവി, കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ബി.എം.സി നായര്‍ എന്നിവരാണ് മറ്റു മൂന്നു പ്രതികള്‍.
അയ്യായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന കുവൈറ്റ് ഇന്ത്യന്‍ സ്‌കൂള്‍ അക്കൗണ്ടില്‍ നിന്ന് 40 കോടി ദശലക്ഷം രൂപ കാണാനില്ലെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. അറസ്റ്റിലായ സ്‌കൂള്‍ അഡ്‌ഹോക് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ മാത്യു ഫിലിപ്പ് നാല് മാസത്തോളം കുവൈറ്റ് ജയിലില്‍ കഴിയുകയും ചെയ്തു. കുവൈറ്റില്‍ മറ്റൊരു സ്‌കൂള്‍ നടത്തിയിരുന്ന തോമസ് ചാണ്ടിക്ക് കുവൈറ്റ് ഇന്ത്യന്‍ സ്‌കൂളുമായി ബന്ധമുണ്ടായിരുന്നു. സ്‌കൂളിന് നല്‍കാനുണ്ടായിരുന്ന 60 ലക്ഷത്തോളം രൂപ തിരിച്ച് നല്‍കിയാണ് തോമസ് ചാണ്ടി അന്ന് രക്ഷപ്പെട്ടത്. ആ കേസിന്റെ അന്വേഷണവും നടപടി ക്രമങ്ങളും പൂര്‍ത്തിയാകുന്നത് വരെ കുവൈറ്റിന് പുറത്ത് പോകാന്‍ ചാണ്ടിക്ക് അനുമതിയുണ്ടായിരുന്നില്ല. ചാനല്‍ മേധാവി അഡ്‌ഹോക് കമ്മിറ്റി അംഗമായിരുന്നു. അംബാസിഡര്‍ എന്ന പദവി ഉപയോഗിച്ച് നായര്‍ കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് തട്ടിപ്പിന് കൂട്ട് നില്‍ക്കുകയുമായിരുന്നു.
കുവൈറ്റ് നിയമ മന്ത്രാലയം ചാനല്‍ മേധാവിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ചാനല്‍ മേധാവിയെ കോടതിയില്‍ ഹാജരാക്കാതെ തോമസ് ചാണ്ടിക്ക് കുവൈറ്റ് വിട്ട് പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. ചാനല്‍ മേധാവി കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തില്‍ അദ്ദേഹം നല്‍കേണ്ട പണവും ചാണ്ടിയുടെ ബാധ്യതയായി മാറി. ബി.എം.സി നായര്‍ നായര്‍ പിന്നീട് തമിഴ്‌നാട്ടില്‍ ചില ബിസിനസുകളുമായി മുന്നോട്ടുപോയി. മറ്റുള്ളവരെ കിട്ടാതായപ്പോള്‍ തോമസ് ചാണ്ടിയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം സ്വീകാര്യമെന്ന് കുവൈറ്റ് ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ മാനേജിങ് കമ്മിറ്റി പ്രഖ്യാപിച്ചു. എന്നാല്‍ ഉന്നത ബന്ധങ്ങളുടെ പിന്‍ബലത്തില്‍ ചാണ്ടി രക്ഷപ്പെടുകയായിരുന്നു.

chandrika: