X

‘മന്ത്രിയാകാന്‍ കഴിവുണ്ട്; മറ്റാരേയും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യാന്‍ അനുവദിക്കില്ല’; തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രിയാകാന്‍ കഴിവുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്ന് എന്‍.സി.പി എം.എല്‍.എ തോമസ് ചാണ്ടി. ലൈംഗിക സംഭാഷണ വിവാദത്തില്‍പെട്ട് ഏ.കെ ശശീന്ദ്രന്‍ രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനം നോട്ടമിട്ടാണ് തോമസ്ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്. വിദേശത്തുനിന്ന് തിരുവനന്തപുരത്തെത്തിയ തോമസ് ചാണ്ടി തനിക്ക് മന്ത്രിയാകുന്നതിന് കഴിവുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഗതാഗത വകുപ്പ് മുഖ്യമന്ത്രി കൈവശം വെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റു മന്ത്രിമാര്‍ക്ക് നല്‍കാന്‍ അനുവദിക്കില്ല. മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. താന്‍ മന്ത്രിയാകുന്നതിനോട് മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല. ഏ.കെ ശശീന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാല്‍ ആ നിമിഷം മാറിക്കൊടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സംഭവങ്ങളില്‍ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനം എന്‍.സി.പി തീരുമാനിക്കട്ടെയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

ഇന്ന് തിരുവനന്തപുരത്ത് എന്‍.സി.പിയുടെ സംസ്ഥാന നേതൃയോഗം ചേരും. രാവിലെ പതിനൊന്നിന് എം.എല്‍.എ ഹോസ്റ്റലിലാണ് യോഗം. തോമസ് ചാണ്ടിയെ മന്ത്രിയാക്കണോ എന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

chandrika: