X

ഇനി ‘വെറും കോടീശ്വരന്‍’

 

തിരുവനന്തപുരം: ശതകോടികളുടെ ആസ്തിയുള്ള മന്ത്രിയെന്ന പരിവേഷവുമായാണ് തോമസ് ചാണ്ടി മന്ത്രിസഭയിലെത്തിയത്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും തോമസ് ചാണ്ടിയുടെ ആസ്തിയില്‍ കോടികളുടെ വര്‍ധനവുണ്ടായി. മന്ത്രിസ്ഥാനം ഒരു പരിധിവരെയെങ്കിലും അദ്ദേഹത്തിന് തുണയായി. രേഖകളില്‍ ഇപ്പോഴും അദ്ദേഹം പ്രവാസിയാണ്. പിന്നെങ്ങനെ മന്ത്രിയാകാന്‍ കഴിഞ്ഞു എന്ന ചോദ്യവും ഉയരുന്നു. കുട്ടനാട്ടിലെ കിരീടം വെക്കാത്ത രാജാവിനെ മന്ത്രിയാക്കിയതും ആ കോടികളുടെ പിന്‍ബലം. എന്‍.സി.പിയുടെ പ്രധാന ധനാശ്രയമായ അദ്ദേഹം സി.പി.എമ്മിനും വാരിക്കോരി നല്‍കുന്നുണ്ട്.
ബസ് യാത്ര പോലെ വിമാനയാത്ര നടത്തുന്ന എം.എല്‍.എ, ദശലക്ഷങ്ങളുടെ വിലയുള്ള കാറില്‍ ജനങ്ങളെ സേവിക്കുന്ന നിയമസഭാംഗം, ഗള്‍ഫില്‍ വിദ്യാഭ്യാസം വ്യവസായമാക്കിയ പ്രവാസി ബിസിനസുകാരന്‍, കുട്ടനാട്ടിലെ കൂറ്റന്‍ റിസോര്‍ട്ടുടമ….ചാണ്ടിയുടെ വിശേഷണങ്ങള്‍ നീണ്ടു പോകുന്നു. ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും ടെലികമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ നേടിയ ചാണ്ടി 1975ല്‍ ഒരു വിസിറ്റിംഗ് വിസയുമായാണ് കുവൈറ്റിലെത്തുന്നത്. 10 വര്‍ഷത്തോളം വിവിധ കമ്പനികളില്‍ ജോലി നോക്കി. തുടര്‍ന്ന് 1985ല്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ എന്ന പേരില്‍ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. എളിയനിലയില്‍ തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ന് 7000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കുവൈറ്റിലെ ഏറ്റവും പ്രമുഖ സി.ബി.എസ്.സി വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്നു. 4500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കുവൈറ്റിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ട്. ഇതോടെ തോമസ് ചാണ്ടി കുവൈത്ത് ചാണ്ടിയായി മാറി.
11 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഊദി അറേബ്യയില്‍ ആരംഭിച്ച അല്‍-അലിയ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ 5000 വിദ്യാര്‍ത്ഥികളുമായി റിയാദിലെ പ്രമുഖ സ്‌കൂളായി മാറിക്കഴിഞ്ഞു. ഇതുകൂടാതെ 5000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളും 4000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജാബ്രിയ ഇന്ത്യന്‍ സ്‌കൂളും. ഇതിന്റെ എല്ലാം സ്ഥാപകന്‍ തോമസ് ചാണ്ടിയാണ്. വിവിധ സ്‌കൂളുകളിലായി ആയിരത്തി അഞ്ഞൂറില്‍പ്പരം അധ്യാപകരും മറ്റ് ജീവനക്കാരും ഈ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നു. കുവൈറ്റില്‍ മറ്റ് പല വ്യവസായ സ്ഥാപനങ്ങളും ചാണ്ടിക്കുണ്ട്. പുന്നമടക്കായലിന്റെ തീരത്ത് പണിതുയര്‍ത്തിയ ലെയ്ക്ക് പാലസ് റിസോര്‍ട്ടാണ് ചാണ്ടിയെ കുട്ടനാട്ടുകാരുടെ മുതലാളിയാക്കിയത്. 100 കോടിയിലധികം രൂപ മുതല്‍ മുടക്കി നിര്‍മിച്ച ഈ റിസോര്‍ട്ട് കേരളത്തിലെ കൂറ്റന്‍ റിസോര്‍ട്ടുകളില്‍ ഒന്നാണ്.
മുന്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശരദ് പവാറുമൊന്നിച്ച് കുട്ടനാട്ടിലൂടെ നടത്തിയ ഹൗസ് ബോട്ട് യാത്രയാണ് മന്ത്രിസ്ഥാനത്തിന് ചാണ്ടിക്ക് തുണയായത്. ഈ യാത്രയോടെ ശരദ് പവാറുമായി തോമസ് ചാണ്ടിക്കുണ്ടായ വ്യക്തിപരമായ അടുപ്പം സംസ്ഥാന നേതൃനിരയിലെത്തിച്ചു. എല്‍.ഡി.എഫ് ഘടകകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കുത്തക തകര്‍ത്താണ് കുട്ടനാട്ടില്‍ നിന്നും ഡി.ഐ.സിയുടെ ഏക പ്രതിനിധിയായി 2006ല്‍ തോമസ് ചാണ്ടി നിയമസഭയിലെത്തിയത്. ഡോ.കെ.സി ജോസഫിനെയായിരുന്നു അന്ന് തോല്‍പിച്ചത്. യശ്ശശരീനായ കെ കരുണാകരനുമായുള്ള അടുപ്പവും ആത്മബന്ധവുമാണ് രാഷ്ട്രീയത്തില്‍ സജീവമാകാനും കെ കരുണാകരന്റെ ഡി.ഐ.സിയുമായി സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ മത്സരിക്കാനും കാരണം. ഡി.ഐ.സിയുടെ 18 സ്ഥാനാര്‍ത്ഥികളില്‍ ഏക വിജയിയായതും തോമസ് ചാണ്ടിയാണ്.
വി.സി തോമസ്-ഏലിയാമ്മ ദമ്പതികളുടെ പുത്രനാണ് തോമസ് ചാണ്ടി. ഭാര്യ മേഴ്‌സി ചാണ്ടി ചേന്നങ്കരി വടക്കേകളം കുടുംബാംഗമാണ്. മക്കള്‍: ബെറ്റി ലെനി (യൂണിവേഴ്‌സിറ്റി പെന്‍സില്‍വാനിയ), ഡോ. ടോബി ചാണ്ടി (ലേക്‌ഷോര്‍ ഹോസ്പിറ്റല്‍), ടെസി ചാണ്ടി (കുവൈറ്റ്). മരുമക്കള്‍: ലെനി മാത്യൂ, ഡോ. അന്‍സൂ ടോബി, ജോയല്‍.

chandrika: