ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പുതിയ പാര്‍ട്ടിയുമായി വി.എച്ച്.പി മുന്‍ പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയ. ജൂണ്‍ 24 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് തൊഗാഡിയ പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും തന്റെ പാര്‍ട്ടി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ ജനങ്ങള്‍ നിരാശരാണ്. സാമ്പത്തിക, കാര്‍ഷിക മേഖല തകര്‍ന്നു. രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. രാമക്ഷേത്രനിര്‍മാണം, ഗോഹത്യനിരോധനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബി.ജെ.പി പരാജയപ്പെട്ടെന്നും തൊഗാഡിയ ആരോപിച്ചു. നേരത്തെ പ്രവീണ്‍ തൊഗാഡിയയെ വി.എച്ച്.പിയുടെ രാജ്യാന്തര പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പുറത്താക്കിയതിനു പിന്നാലെ തൊഗാഡിയക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ ആറു ഭാരവാഹികളെയും വി.എച്ച്.പി പുറത്താക്കിയിരുന്നു.
ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ കൗശിക് മെഹ്ത, വി.എച്ച്.പി ജനറല്‍ സെക്രട്ടറി രഞ്ചോട് ഭര്‍വാദ്, ദുര്‍ഗാവാഹിനി ദേശീയ കണ്‍വീനര്‍ മാലാ റാവല്‍, മാതൃശക്തി കോ കണ്‍വീനര്‍ മുക്ത മക്കാനി എന്നിവരാണ് പുറത്താക്കപ്പെട്ടവരില്‍ പ്രമുഖര്‍. തൊഗാഡിയക്ക് പിന്തുണ പ്രഖ്യാപിച്ച നടപടി അച്ചടക്കലംഘനമാണെന്ന് കാണിച്ചാണ് പുറത്താക്കിയത്.
ബി.ജെ.പിക്കെതിരെ പാര്‍ട്ടിയുമായി തൊഗാഡിയ
Tags: IndiaPraveen Thogadia