ഇടുക്കി: കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ പ്രതി പൊലീസിനോട് പറഞ്ഞത് പൈശാചികമായ കൊലപാതക പരമ്പരയുടെ കഥ. കൊല്ലപ്പെട്ട കൃഷ്ണനെ മന്ത്രവാദത്തില്‍ സഹായിക്കാറുള്ള അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സുഹൃത്തായ ലിബീഷിനെ അനീഷ് സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കൂടെക്കൂട്ടുകയായിരുന്നു.
ഇരുവരും ഞായറാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് കൃഷ്ണന്റെ വീട്ടിലെത്തിയത്. മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി വിച്ഛേദിച്ച ശേഷം കൃഷ്ണന്‍ പുറത്തിറങ്ങാന്‍ വേണ്ടി ആടുകളെ ഉപദ്രവിച്ച് കരയിച്ചു. അടുക്കള വാതിലിന് സമീപം ഒളിച്ചിരുന്ന പ്രതികള്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ കൃഷ്ണനെ തലക്കടിച്ച് വീഴ്ത്തി. കൃഷ്ണന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യയേയും ഇവര്‍ അടിച്ചെങ്കിലും അവര്‍ കൈകൊണ്ട് തടഞ്ഞു. വീടിനകത്തേക്ക് തിരിച്ചോടിയെ ഭാര്യയെ അടുക്കളക്ക് സമീപമുള്ള മുറിയില്‍ വെച്ച് അടിച്ചും വെട്ടിയും കൊലപ്പെടുത്തി.
ശബ്ദം കേട്ട് പുറത്തേക്ക് വന്ന മകളേയും മകനേയും തലക്കടിച്ച് വീഴ്ത്തി. ശേഷം മരണം ഉറപ്പാക്കാന്‍ കത്തികൊണ്ടും വാളുകൊണ്ടും വെട്ടുകയും കുത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ വീടിനകത്തിട്ട് വീട് പൂട്ടി പുലര്‍ച്ചെ നാല് മണിയോടെ ഇരുവരും മടങ്ങി. കൃഷ്ണന് പുറംലോകവുമായി ബന്ധമില്ലാത്തതിനാല്‍ ആരും അറിയില്ലെന്ന് ഇവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തിയ ഇവര്‍ കണ്ടത് എഴുന്നേറ്റിരിക്കുന്ന മകന്‍ അര്‍ജുനനെയാണ്. മാനസികാസ്വാസ്ഥ്യമുള്ള അര്‍ജുന്‍ മരിച്ചിരുന്നില്ല. മാനസിക പ്രശ്‌നമുള്ളതിനാല്‍ ഒരു രാത്രി മുഴുവന്‍ അച്ഛന്റേയും അമ്മയുടേയും സഹോദരിയുടേയും ചിതറിത്തെറിച്ച മൃതദേഹങ്ങള്‍ക്ക് കാവലിരുന്നിട്ടും അത് പുറത്തറിയിക്കാന്‍ അര്‍ജുനായില്ല. അര്‍ജുന്‍ മരിച്ചില്ലെന്ന് മനസിലാക്കിയ പ്രതികള്‍ ചുറ്റികകൊണ്ട് അടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ ശേഷം ആട്ടിന്‍ കൂടിനടുത്ത് കുഴിയുണ്ടാക്കി നാലുപേരേയും അതിലിട്ട് മൂടുകയായിരുന്നു.
കൃഷ്ണന്റെ സഹായിയായിരുന്ന അനീഷ് ഇപ്പോള്‍ സ്വന്തമായി മന്ത്രവാദം നടത്തുകയാണ്. എന്നാല്‍ വേണ്ടത്ര ഫലസിദ്ധിയുണ്ടായിരുന്നില്ല. കൃഷ്ണന്റെ സിദ്ധി അപൂര്‍വമായ താളിയോലകളാണെന്ന് കരുതിയ അനീഷ് അത് തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് ലിബീഷ് പൊലീസിനോട് പറഞ്ഞു. അനീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.