തൊടുപുഴ: ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.
വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയിലാണ് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ അര്‍ജുന്‍, ആര്‍ഷ എന്നിവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.
മന്ത്രവാദവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിനു പിന്നിലെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാവിലെ നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ വീടിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു. അകത്തു കടക്കാന്‍ ബലം പ്രയോഗിച്ചതായി സൂചനയില്ല. വീട്ടില്‍ സ്ഥിരമായി വന്നിരുന്നവര്‍ ആരെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന സാധ്യതയും പൊലീസ് പരിശോധിക്കും. തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപാതകമെന്നാണു പ്രാഥമിക സൂചന.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ഇന്നു പൂര്‍ത്തിയാക്കും. മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ടെന്നു പൊലീസ് സൂചന നല്‍കിയതായാണ് വിവരം. നാലംഗ കുടുംബത്തിന്റെ അന്ത്യവിശ്രമം പുരയിടത്തില്‍ത്തന്നെ ഒരുക്കാനാണ് തീരുമാനം. ഒരു വലിയ കുഴിയെടുത്തു മൃതദേഹങ്ങള്‍ മറവുചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി കൃഷ്ണന്റെ മൂത്ത സഹോദരന്‍ ഭാസ്‌കരന്‍ പറഞ്ഞു. കമ്പകക്കാനത്ത് സഹോദരങ്ങങ്ങള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ അരമണിക്കൂറോളം പൊതുദര്‍ശനത്തിനു വച്ച ശേഷം സംസ്‌കാരിക്കാനാണു തീരുമാനം.
തലയിലുള്ള ശക്തമായ അടിയേറ്റ് കൃഷ്ണന്റെയും അര്‍ജുന്റെയും തലയോട്ടി അടക്കം തകര്‍ന്നിട്ടുണ്ട്. സുശീലയുടെ നെഞ്ചിലും വയറിലും ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ആര്‍ഷയുടെ പുറത്താണ് പരിക്ക്.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. രണ്ടുദിവസമായി പാല്‍ വാങ്ങാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസി മരിച്ച കൃഷ്ണന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആരെയും കണ്ടില്ല. തുടര്‍ന്ന് കൂറച്ചുദൂരെ താമസിക്കുന്ന കൃഷ്ണന്റെ സഹോദരങ്ങളെ വിവരം അറിയിച്ചു. ഇവര്‍ നാട്ടുകാരില്‍ ചിലരെയുംകൂട്ടി വീട്ടിലെത്തിയപ്പോള്‍ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു.
വാതില്‍ തുറന്നപ്പോള്‍ ഹാളില്‍ ഒഴിച്ചിരുന്ന വെള്ളത്തിലും ഭിത്തിയിലും രക്തം കണ്ടെത്തി. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലിസ് എത്തി തൊടുപുഴ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാറ്റിയപ്പോഴാണ് വളരെ ചെറിയ കുഴിയില്‍ നിന്ന് നാലുപേരുടെയും മൃതദേഹങ്ങള്‍ അടുക്കിയിട്ട നിലയില്‍ ലഭിച്ചത്.
കാളിയാര്‍ പൊലീസിന്റെ സര്‍ക്കിള്‍ പരിധിയിലുള്ള ഉള്‍പ്രദേശമാണ് മുണ്ടന്‍മുടി കമ്പകക്കാനം പ്രദേശം. വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണനും കുടുംബത്തിനും വളരെകാലമായി അടുത്ത ബന്ധുക്കളുമായോ അയല്‍വാസികളുമായോ കൂടുതല്‍ സമ്പര്‍ക്കം ഇല്ലായിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് ഇരുന്നൂറ് മീറ്ററോളം മാറിയാണ് അയല്‍വാസികള്‍ ഉള്ളത്. അതുകൊണ്ട് തന്നെ ബഹളങ്ങളൊന്നും നാട്ടുകാര്‍ കേട്ടിരുന്നില്ല. രാത്രികാലങ്ങളില്‍ വിലകൂടിയ കാറുകളില്‍ സ്ത്രീകളുള്‍പ്പെടെ കൃഷ്ണന്റെ വീട്ടില്‍ വന്നു പോയിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു. ഇടുക്കി എസ് പി കെ ബി വേണുഗോപാല്‍,തൊടുപുഴ ഡിവൈഎസ്പി കെ പി ജോസ്, കാളിയാര്‍ സി.ഐ പി.കെ യൂനുസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക്ക് വിദഗ്ധര്‍ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലപ്പെട്ട ആര്‍ഷ തൊടുപുഴ ബിഎഡ് കോളജിലെ വിദ്യാര്‍ഥിനിയാണ്. അര്‍ജുന്‍കഞ്ഞിക്കുഴി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.