കൊച്ചി: അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസുകാരന്‍ മരണത്തിനു കീഴടങ്ങി. മര്‍ദനമേറ്റ് ആസ്പത്രിയിലായി പത്താംദിവസമാണ്, നാടിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി കുരുന്നുജീവന്‍ പൊലിഞ്ഞത്. രാവിലെ 11.35ന് മരണം സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മാര്‍ച്ച് 28ന് പുലര്‍ച്ചെ വീട്ടില്‍വച്ചു ക്രൂരമായ മര്‍ദനത്തിന് ഇരയായ കുട്ടിയുടെ തലയോട്ടി നീളത്തില്‍ പൊട്ടിയിരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതു വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. വെന്റിലേറ്ററില്‍ തുടരുകയായിരുന്നെങ്കിലും ഇന്നു രാവിലെ ഹൃദയമിടിപ്പും നിലച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.