2023ല്‍ ഇന്റര്‍നെറ്റിലൂടെ ഏറ്റവുമധികം കണ്ട ഫുട്ബോള്‍ താരമായി ലയണല്‍ മെസ്സി. എഫ്.ബി. റെഫ് സ്റ്റാറ്റ്സ് പുറത്തുവിട്ട കണക്കിലാണ് ലോകം ഏറ്റവുമധികം തിരഞ്ഞ കളിക്കാരനായി മെസ്സി ഇടംപിടിച്ചത്. ലോകകപ്പ് കിരീടം നേടിയതും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യില്‍നിന്ന് ഇന്റര്‍ മയാമിയിലേക്കുള്ള ചുവടുമാറ്റവുമെല്ലാം മെസ്സിയെ കൂടുതല്‍ തിരയുന്നതിന് കാരണമായിട്ടുണ്ട്.
യു.എസിലും ഏറ്റവുമധികം ആളുകള്‍ ഇന്റര്‍നെറ്റിലൂടെ കണ്ടത് മെസ്സിയെയാണ്. യു.എസിലെ 50 സംസ്ഥാനങ്ങളിലും മെസ്സിതന്നെ ഒന്നാമത്. ഇന്ത്യയും ഏറ്റവുമധികം നെറ്റിലൂടെ കണ്ടത് മെസ്സിയെയാണ്. തുര്‍ക്കി, കാനഡ, ബെല്‍ജിയം, ചൈന, ജര്‍മനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അര്‍ജന്റീന, നെതര്‍ലന്‍ഡ്സ്, ഘാന, സ്വീഡന്‍, ഇറ്റലി എന്നീ രാജ്യങ്ങളും മെസ്സിയെയാണ് കൂടുതല്‍ കണ്ടത്.
എന്നാല്‍, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറെ പിറകിലാണ്. പോര്‍ച്ചുഗലില്‍ അദ്ദേഹത്തെയാണ് ഇന്റര്‍നെറ്റിലൂടെ ഏറെ കണ്ടത്. ഇംഗ്ലണ്ടില്‍, എക്വഡോറിയന്‍ ഫുട്ബോളര്‍ മൊയ്സെസ് കെയ്സെഡോയാണ് മുന്നില്‍. ഇപ്പോള്‍ ചെല്‍സിയിലാണ് മധ്യനിരതാരമാണ് കെയ്സെഡോ.
ബ്രസീലില്‍ നെയ്മറും ഫ്രാന്‍സില്‍ കിലിയന്‍ എംബാപ്പെയുമാണ് മുന്നില്‍. എന്നാല്‍, മറ്റുരാജ്യങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ ഇവര്‍ക്കായിട്ടില്ല. വനിതകളില്‍ ഓസ്ട്രേലിയന്‍ ഫുട്ബോളര്‍ സാം കെറും പട്ടികയില്‍ ഇടംപിടിച്ചു.