X

ഈ മുന്നറിയിപ്പ് ഭരണകൂടത്തിനു തന്നെ

ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്ന പരമോന്നത നീതിപീഠത്തിന്റെ കര്‍ശന നിര്‍ദ്ദേശം കൈയ്യേറ്റത്തിന്റെയും കലാപത്തിന്റെയും പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ കുടിയൊയിപ്പിക്കലിനും ജീവിതോപാധികള്‍ നശിപ്പിക്കുന്നതിനുമുള്ള ശക്തമായ മുന്നറിയിപ്പാണ്. രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം, ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് വാസസ്ഥലം, ഏതെങ്കിലും കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ആരും കുറ്റക്കാരാകുന്നില്ല. ആരാണ് തെറ്റുകാരന്‍ എന്ന് സര്‍ക്കാരല്ല തീരുമാനിക്കേണ്ടത്, കുറ്റക്കാരന്‍ ആണെങ്കില്‍ പോലും സ്വത്തില്‍ അവകാശം ഇല്ലാതാകുന്നില്ല, വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്, അര്‍ധരാത്രി പൊളിച്ച വീട്ടില്‍ നിന്നും സ്ത്രീകളും കുട്ടികളും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമായ കാര്യമല്ല തുടങ്ങിയ കോടതിയുടെ പരാമര്‍ശങ്ങള്‍ ഭരണകൂടത്തിനുനേര്‍ക്കുള്ള കോടതിയുടെ അതിതീക്ഷ്ണമായ ശരങ്ങളാണ്.

മുസഫര്‍ നഗര്‍ കലാപാനന്തരം യു.പിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെയാണ് ബുള്‍ഡോസര്‍ തങ്ങളുടെ എതിരാളികളെ ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനും ഭീഷണിപ്പെടുത്താ നുമുപയോഗിക്കുന്ന ഒരു രാഷ്ട്രീയ ആയുധമായി മാറിയത്. മനുഷ്യത്വരഹിതവും ഭയാനകവുമായ ഈ രാഷ്ട്രീയ ആയുധത്തിന് ഏറ്റവും കൂടുതല്‍ ഇരയാകേണ്ടിവന്നവര്‍ രാജ്യത്തെ മുസ്ലിംകളും ദളിതരുമായിരുന്നു. മതിയായ രേഖകളില്ലാതെ, കോടതി ഉത്തരവിന് കാത്തുനില്‍ക്കാതെ, തികച്ചും പക്ഷപാതപരമായി അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ എന്ന പേരില്‍ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെയും പിന്നാക്ക മുസ്ലിംകളുടെയും കടകളും വീടുകളും തകര്‍ക്കുക എന്നതാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജ്. ഏതെങ്കിലും കേസില്‍ പ്രതികളാക്കപ്പെടുന്നവരുടെ, കുറ്റാരോപിതരാവുന്നവരുടെ പ്രതിഷേധിക്കുന്നവരുടെയെല്ലാം വീടുകള്‍ തകര്‍ത്ത് അവരുടെ കുടുംബത്തെ തെരുവിലേക്ക് വലിച്ചെറിയുന്ന ക്രൂരവിനോദമായി, കാര്യമായ പ്രതിഷേധമോ എതിര്‍പ്പോ ഇല്ലാതെ ബുള്‍ഡോസര്‍ രാജ് നിര്‍ബാധം തുടരുകയാണ്. ഉത്തര്‍പ്രദേശിന് ശേഷം ഗുജറാത്തില്‍ ഭൂപേന്ദ്രഭായ് പട്ടേല്‍ സര്‍ക്കാറും മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറും ബുള്‍ഡോസര്‍ രാജില്‍ യോഗിയെ പിന്തുടര്‍ന്നു അത് പിന്നീട് ഹരിയാനയിലേക്കും അസമിലേക്കും കാശ്മീരിലേക്കും തുടങ്ങി അതിന്റെ രാഷ്ട്രീയ സാധ്യത സംഘപരിവാര്‍ വിശാലമാക്കി. 2020 മുതല്‍ 22 വരെയുള്ള രണ്ട് വര്‍ഷത്തെ കണക്കെടുത്താല്‍ മധ്യപ്രദേശില്‍ 332 വസ്തുവകകളാണ് ബുള്‍ഡോസറിംഗില്‍ തകര്‍ന്നടിഞ്ഞത്. ഇതില്‍ 223 എണ്ണവും മുസ്ലിംകളുടേതായിരുന്നു.

കെട്ടിച്ചമച്ച കേസുകളുടെയും കൈയ്യേറ്റങ്ങളുടെയുമെല്ലാം പേരുപറഞ്ഞ്, തലമുറകളായി താമസിച്ച് പോരുന്ന മണ്ണില്‍നിന്നും കുടിയിറക്കുകയും കലാപാന്തരീക്ഷം സ്യഷ്ടിച്ച് ജീവനും ജീവിതവും തകര്‍ക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന നിസ്സഹായതയുടെ ദീനരോധനങ്ങള്‍ നിതിപീഠങ്ങളെ പോലും പ്രകമ്പനംകൊള്ളിക്കുന്ന സാഹചര്യത്തില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് സുപ്രീംകോടതിക്ക് ശക്തവും വ്യക്തവുമായ ഭാഷയില്‍ ഭരണ കൂട ഭീകരതയുടെ ഈ നരനായാട്ടിനെതിരെ മുന്നറിയിപ്പ് നല്‍കേണ്ടിവന്നത്. രാജ്യത്തെ ജനങ്ങളുടെ മൗലികാവകാ ശങ്ങളുടെ സംരക്ഷണം ഭരണകൂടങ്ങളുടെ ബാധ്യതയാണ്. എന്നാല്‍ ഈ അവകാശങ്ങളുടെ കടക്കല്‍ ഭരണകൂടം തന്നെ കുത്തിവെക്കുകയെന്ന വിരോധാഭാസമാണ് ബുള്‍ഡോ സര്‍ രാജിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാനുമെല്ലാമുള്ള അവകാശങ്ങള്‍ തൂത്തെറിയപ്പെടുകയും ഒരായുസിന്റെ അധ്വാനമായ വീടും സ്വന്തം ജീവിതോപാധികളും നിമിശാര്‍ദ്ധംകൊണ്ട് തകര്‍ത്തുതരിപ്പണമാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഭരണഘടനയും അതുറപ്പുനല്‍കുന്ന അവകാശങ്ങളുമാണ് നോക്കുകുത്തിയായി മാറുന്നത്.

അവകാശ ധ്വംസനങ്ങള്‍ക്ക് പിന്നില്‍ ഭരണകുടങ്ങളുടെ തന്നെ കരങ്ങള്‍ തെളിഞ്ഞുവരുമ്പോഴാണ് സുപ്രിംകോടതിക്ക് ഈ മുന്നറിയിപ്പുകള്‍ നല്‍കേണ്ടിവരുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഇത്തരം നീക്കങ്ങള്‍ നടത്തപ്പെടുകയും അതിന് പ്രചോദനവും പ്രോത്സാഹനവുമായി ഭരണാധികാരികള്‍ തന്നെ കളം നിറയുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിതന്നെ നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗിയതയും വിദ്വേഷവും സ്യഷ്ടിക്കുന്ന പ്രസ്താവനകള്‍ ഇതിനുദാഹരണമാണ്. ഭരണവിരുദ്ധ വികാരം മറികടക്കാനും അധികാരത്തുടര്‍ച്ച കൈവരിക്കാനും വിവിധ സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പോളിസി എന്ന നിലയിലാണ് സംഘ്പരിവാര്‍ പച്ചയായ ഈ അധികാര ദുര്‍വിനിയോഗത്തിന് നേത്യത്വം നല്‍കുന്നത്

 

webdesk17: