X

ഇത്തവണ പോകുന്ന അവസാന ഹജ്ജ് സംഘവും യാത്രയായി; ഹജ്ജ് ക്യാമ്പുകൾ സമാപിച്ചു

കേരളത്തിൽ നിന്നുള്ള അവസാന ഹജ്ജ് തീർഥാടകസംഘവും ഇന്ന് പുലർച്ചെ വിശുദ്ധമണ്ണിലേക്ക് യാത്രയായതോടെ സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകൾക്ക് പരിസമാപ്‌തിയായി.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇത്തവണ സംസ്ഥാനത്തുനിന്ന് പുറപ്പെട്ടത്. മൂന്ന് വിമാനത്താവളങ്ങളിൽനിന്നായി 18,200 പേർ. ഇതിൽ 7408 പേർ പുരുഷൻമാരും 10,792 പേർ സ്ത്രീകളുമാണ്. രണ്ടുവയസ്സിനു താഴെയുള്ള ഒൻപത് കുഞ്ഞുങ്ങളുമുണ്ട്.

കരിപ്പൂരിൽനിന്നുള്ള അവസാനവിമാനം ഞായറാഴ്ച രാവിലെ 8.25ന് പുറപ്പെട്ടു. 73 പുരുഷൻമാരും 70 സ്ത്രീകളും ഉൾപ്പെടെ 143 തീർഥാടകരാണ് ഇതിലുണ്ടായിരുന്നത്. കൊച്ചിയിൽനിന്നുള്ള അവസാനവിമാനം ഉച്ചയ്ക്ക് 12.17ന് യാത്രതിരിച്ചു. 114 പുരുഷൻമാരും 99 സ്ത്രീകളും ഉൾപ്പെടെ 213 തീർഥാടകരാണ് ഇതിൽ യാത്രയായത്.

കണ്ണൂരിൽനിന്ന് തിങ്കളാഴ്‌ച പുലർച്ചെ അവസാന വിമാനത്തിൽ 156 പുരുഷൻമാരും 166 സ്ത്രീകളും ഉൾപ്പെടെ 322 പേർ ജിദ്ദയിലേക്ക് പറന്നു. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് യാത്രാക്കൂലിയിൽ 35,000 രൂപ വർധിച്ചെങ്കിലും കരിപ്പൂരിൽനിന്ന് മൊത്തം 64 വിമാനങ്ങളിലായി 10,515 തീർഥാടകരാണ് യാത്രയായത്.

തമിഴ്‌നാട്ടിൽനിന്നുള്ള 14 പേരും ഗോവയിലെ മൂന്നുപേരും കർണാടകയിൽനിന്നുള്ള ഏഴുപേരും ഒഡിഷയിലെ ഒരാളും ഇതിൽപ്പെടും. കേരളീയരല്ലാത്ത 201 പേർ യാത്രയ്ക്കായി കൊച്ചി തിരഞ്ഞെടുത്തു. ലക്ഷദ്വീപിലെ 93 പേരും തമിഴ്നാട്ടിലെ 106 പേരും കർണാടകക്കാരായ രണ്ടുപേരുമാണിവർ. ഒൻപത് വിമാനങ്ങളിലായി 3208 പേർ കണ്ണൂരിൽനിന്ന് ജിദ്ദയിലെത്തി. ജൂലായ് ഒന്നുമുതൽ മദീന വഴിയാണ് തീർഥാടകരുടെ മടക്കയാത്ര. ജൂലായ് 22-ന് മടക്കയാത്ര പൂർത്തിയാകും.

webdesk14: