പ്രമുഖരായ മൂന്ന് നേതാക്കള്‍ക്കെതിരെ സ്വപ്‌നാ സുരേഷ് ഉന്നയിച്ച ലൈംഗികാരോപണത്തില്‍ പകച്ച് സി.പി.എം. ആരോപണം ശരിയല്ലെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കണം എന്ന സ്വപ്‌നയുടെ വെല്ലുവിളിയാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. തെളിവുകള്‍ പുറത്തുവിടുമെന്ന് സ്വപ്‌ന പറഞ്ഞതിനാല്‍ നേതാക്കളെ സംരക്ഷിച്ചുകൊണ്ട് സ്വപ്‌നക്കെതിരെ രംഗത്തുവരാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. സംസ്ഥാന സി.പി.എമ്മിലെ ഏറ്റവും ഉന്നത പദവി വഹിക്കുന്ന മൂന്ന് നേതാക്കള്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങിയത് പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല.
മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സ്വപ്‌ന ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നോ ഇല്ലെന്നോ സി.പി.എം ഇനിയും വ്യക്തമാക്കിയിട്ടില്ല. അതേസമയം അന്വേഷണത്തിന് ‘പാര്‍ട്ടി കമ്മീഷന്‍’ പ്രഖ്യാപിക്കാനുള്ള സാധ്യതയുള്ളതായി അറിയുന്നു. കടകംപള്ളിയുമായി അടുത്ത തലസ്ഥാനത്തെ ചില നേതാക്കളാണ് ഇക്കാര്യത്തില്‍ സൂചന നല്‍കുന്നത്. ആരോപണം പാര്‍ട്ടിതലത്തില്‍ അന്വേഷിച്ചേക്കുമെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മുന്‍പ് പി.കെ ശശിക്കെതിരായ പരാതി അന്വേഷിച്ച എ.കെ ബാലന്‍- പി.കെ ശ്രീമതി കമ്മീഷന് സമാനമായ ഒരു അന്വേഷണം പ്രഖ്യാപിച്ച് തല്‍ക്കാലം തടിയൂരാനാകും സി.പി.എം ശ്രമിക്കുക.
പി.കെ ശശിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ തീവ്രത കുറഞ്ഞ പീഡനമാണ് നടന്നതെന്നായിരുന്നു പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ പി.കെ ശശി പിന്നീട് പാര്‍ട്ടി വേദികളില്‍ തിരിചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. അതുകൊണ്ടുതന്നെ തീവ്രത കുറവാണെന്ന് പറഞ്ഞ് ഒതുക്കിത്തീര്‍ക്കാനും കഴിയില്ല.
മൂവര്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കെ സി.പി.എം കേന്ദ്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ പോലും തയാറാകുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ വിഷവുമായി ബന്ധപ്പെട്ട് ഇനിയും മിണ്ടിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ നിയമനടപടി നേരിടുന്നയാള്‍ എന്നതിനപ്പുറം സ്വപ്‌ന സുരേഷ് എന്ന വ്യക്തിയുടെ സത്രീത്വത്തെ അപമാനിച്ച സംഭവത്തില്‍ സി.പി.എമ്മിന്റെ വനിതാ സംഘടനയും വായ തുറക്കുന്നില്ല. സ്ത്രീപക്ഷക്കാരെന്ന് കൊട്ടിഘോഷിക്കുകയും നവോത്ഥാന മതില്‍ സംഘടിപ്പിക്കുകയും ചെയ്ത പാര്‍ട്ടിയും സര്‍ക്കാരും വളരെ ഗുരുതരമായ ആരോപണത്തിന് മറുപടി നല്‍കാന്‍ തയറാകാത്തത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് കൂടിയാണ് പുറത്താക്കിയത്. സി.പി.എം ഭരിക്കുന്ന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷനും വിഷയം അറിഞ്ഞഭാവം കാട്ടിയിട്ടില്ല. കടകംപള്ളിക്കെതിരെ നേരത്തെ സമാനമായ ആരോപണം ഉണ്ടാവുകയും ഓഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായില്ല. ലൈംഗികാതിക്രമം ഉണ്ടാകുന്ന സമയത്ത് താന്‍ ഉയര്‍ന്ന പദവിയിലായിരുന്നെന്നും തനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും സ്വപ്‌ന സുരേഷ് ചോദിക്കുന്നുണ്ട്. ഇതാണ് വെളിപ്പെടുത്തലിന് വളരെ ഗുരുതര സ്വഭാവം നല്‍കുന്നത്.
എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ ആര്‍ജ്ജവം കാട്ടിയ സര്‍ക്കാര്‍, സമാനപദവിയിലുള്ള കടകംപള്ളിക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എല്‍ദോസിനും കടകംപളളിക്കും നിയമം ഒന്നുതന്നെയല്ലേയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ചോദിച്ചു. സി.പി.എമ്മില്‍ നേരത്തെയും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ ഒന്നാംനിരയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രമുഖര്‍ കുടുങ്ങുന്നത് ഇതാദ്യമാണ്. മൂന്ന് നേതാക്കളുടെയും ഘടകം സംസ്ഥാന കമ്മിറ്റി ആയതിനാല്‍ സി.പി.എം കേന്ദ്രനേതൃത്വം വിഷയത്തില്‍ ഇടപെടാനുള്ള സാധ്യതയുമില്ല.