X

വില മറയ്ക്കാനോ ഈ പോര്‍വിളി

അന്‍വര്‍ കണ്ണീരി അമ്മിനിക്കാട്‌

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാറും ഏറ്റുമുട്ടല്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒക്കച്ചെങ്ങാതിമാരുടെ അന്തര്‍ധാര സജീവമാണെന്ന് ആരോപിക്കുന്നു. ഗവര്‍ണറും സര്‍ക്കാര്‍ മുഖ്യന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉരുളക്കുപ്പേരി കണക്കേ മറുപടിക്ക് മറുപടിയുമായി മാധ്യമങ്ങളെ കാണുന്നു. പക്ഷേ, ചോദ്യം ഒന്നുമാത്രം, ഈ തര്‍ക്കത്തില്‍ കേരളാ ജനതക്ക് എന്ത് നേട്ടം. ഒറ്റനോട്ടത്തില്‍ തന്നെ കേരളീയര്‍ പരിഹസിക്കപ്പെടുകയാണെന്ന് ബോധ്യമാകും.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമായ സമയത്ത് പോലും അതു നിയന്ത്രിക്കാനുള്ള ചര്‍ച്ചകള്‍ രൂപപ്പെടുത്തന്നതിന് പകരം അതില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ മറുപടിക്ക് മറുപടികളുമായി മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ജനങ്ങളെ കബളിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ വിലക്കയറ്റമെന്ന അതിരൂക്ഷമായ ജീവല്‍ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള സര്‍ക്കാറിന്റെ കുതന്ത്രമാണോ ഈ വാക്ക്‌പോരിനു പിന്നിലെന്ന് സംശയിച്ചുപോവുകയാണ്. എന്നാല്‍ പിണറായി സര്‍ക്കാറിന്റെ ഈ ചെപ്പടി വിദ്യ ജനം തിരിച്ചറിഞ്ഞിരിക്കുന്നു എന്നുതന്നെയാണ് നിലവിലെ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.

ഗവര്‍ണര്‍ വി.സിമാരുടെ വിഷയത്തില്‍ എടുക്കുന്ന തീരുമാനത്തെ ബഹുമാനപ്പെട്ട കോടതി കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ വിദ്യാഭാസം മുടങ്ങുന്നതിലെ ആശങ്കപോലുമില്ലേ നിങ്ങള്‍ക്ക് എന്ന് പരോക്ഷമായി ചോദിക്കുന്നു. മുഖ്യമന്ത്രിയാണെങ്കില്‍ ഗവര്‍ണര്‍ക്കെതിരെ എവിടെ വേദി കെട്ടിയിട്ടുണ്ടോ അവിടെയൊക്കെ പലതും വിളിച്ചു പറഞ്ഞു മാധ്യമ ശ്രദ്ധയില്‍ ഉദ്ദേശിച്ച ലക്ഷ്യം ചുളുവിലൂടെ നടപ്പാക്കുന്നു. വാഗ്വാദങ്ങളില്‍ ആര് കേമന്‍ എന്നതിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയനും നിലവില്‍ ശ്രദ്ധയൂന്നുന്നത്. ശ്രദ്ധ തിരിച്ചുവിടാതെ കുറച്ചധികം മുന്നോട്ട് പോവാന്‍ പിണറായി വിജയനും സംഘവും രാജ്ഭവന്‍ മാര്‍ച്ചുള്‍പ്പടെ ലക്ഷക്കണക്കിനാളുകളെ പങ്കെടുപ്പിച്ചു രംഗം കൊഴുപ്പിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഏറെ മാധ്യമ ശ്രദ്ധയും കവറേജും തന്റെ അപാകതകള്‍ മറച്ചുപിടിക്കാന്‍ കൂട്ടുപിടിക്കുന്നു.

എത്ര മുണ്ടുമുറുക്കിയാലും വിദേശ യാത്രയൊക്കെ സമയാസമയങ്ങളില്‍ നടത്തി ‘കേരളാ വികസനം’ ഉറപ്പ് വരുത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന് എന്നും ‘മാതൃക’ തന്നെയാണ്. വിദേശ യാത്ര കഴിഞ്ഞെത്തിയപ്പോള്‍ കേരളത്തില്‍ ഒരു വിലയിരുത്തല്‍ ചര്‍ച്ച സജീവമായിരുന്നു. വിദേശ യാത്രയില്‍ കേരളത്തിന് എന്ത് ലഭിച്ചു എന്നതായിരുന്നു മുഖ്യ വിലയിരുത്തല്‍. പെട്ടെന്ന് മുഖ്യമന്ത്രി പത്രസമ്മേളനം വിളിക്കുകയും മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും വിദേശത്ത് നമ്മുടെ നഴ്‌സുമാര്‍ക്ക് ‘ഒരുക്കിയ’ സേവനങ്ങള്‍ കേട്ടപ്പോള്‍ അത്ഭുതപ്പെടുകയുമാണുണ്ടായത്. എന്തുമാത്രം അവസരങ്ങളാണ് നമ്മുടെ സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് വിദേശത്ത് ഒരുക്കി നല്‍കിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ നാണമില്ലേ സര്‍ക്കാരേ ഇങ്ങനെ വിടുവായത്തം വിളമ്പാന്‍ എന്നാണ് ചോദിക്കാനുള്ളത്. കേരളം ആരോഗ്യ രംഗത്തു ഒന്നാമതാണ് എന്നൊക്കെ തട്ടി വിടുമ്പോഴും ചികിത്സക്ക് മുഖ്യമന്ത്രിക്ക് അമേരിക്കയിലേക്ക് വിമാനം കയറണം. കോവിഡാനന്തരം ലോകം മുഴുവന്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്കി മുന്‍കൂട്ടിയുള്ള ഒരുക്കങ്ങള്‍ സജ്ജീകരിക്കുന്നു. അപ്പോഴും വികസനമെന്ന
‘മിഥ്യാ ധാരണയില്‍’ കേരളത്തില്‍ വിരോധാഭാസമാണ് നടക്കുന്നത്.

എല്ലാ നഴ്‌സുമാരെയും വിദേശത്തു ജോലിക്ക് സൗകര്യം നല്‍കിയിരിക്കുന്നു എന്നാണ് വാര്‍ത്താ സമ്മേളനത്തിലെ പ്രഖ്യാപനം. ഈ കുറിപ്പ് എഴുതുന്ന ദിവസം പോലും ഒരനുഭവമുണ്ടായി. ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ്. ജോലി നിര്‍ത്തി സ്ഥാപനം വിട്ട് പോവുമ്പോള്‍ എല്ലാ ഡിപ്പാര്‍ട്‌മെന്റിലും എത്തി ബാധ്യതകളൊന്നും എവിടെയുമില്ല എന്ന് ഉറപ്പ് വരുത്തി ഒപ്പ് വാങ്ങേണ്ട ഒരു പ്രക്രിയയുണ്ട്. ഇങ്ങനെ ദിവസത്തില്‍ ഒരു നഴ്‌സിംഗ് സ്റ്റാഫെങ്കിലും വരാത്തതില്ല. എവിടേക്ക് പോവുന്നു എന്ന് യാത്രയാശംസകളോടെ ചോദിക്കുമ്പോള്‍ ‘ലണ്ടന്‍, കാനഡ, അയര്‍ലന്‍ഡ്, ദുബായ്, ഓസ്‌ട്രേലിയ’ തുടങ്ങിയ വിദേശത്ത് ജോലിക്ക് പോവാനാണെന്ന് അറിയിക്കും. ഇന്ന് വന്ന് ഒപ്പ് വാങ്ങിയപ്പോള്‍ ഉത്തരം ലണ്ടനായിരുന്നു. ‘നിങ്ങള്‍ എല്ലാവരും ഇവിടെ നിന്ന് പോയാല്‍ നമ്മുടെ നാട്ടിലെ മാതാപിതാക്കളെയും മക്കളേയും നോക്കാന്‍ ഇവിടെയാരാണ് ഉണ്ടാവുക’ എന്ന സ്‌നേഹത്തോടെയുള്ള ചോദ്യത്തിന് നിസഹായതയോടെയുള്ള പുഞ്ചിരിയിലൊതുങ്ങും അവരുടെ മറുപടി.

യഥാര്‍ത്ഥത്തില്‍ മികവുറ്റ നഴ്‌സിംഗ് സ്റ്റാഫുകളെല്ലാം കൂടുതല്‍ അഭയം പ്രാപിക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. വിദേശ രാജ്യങ്ങള്‍ അവരുടെ ആരോഗ്യ രംഗം ഊര്‍ജ്ജിതപ്പെടുത്താന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വേതനം നല്‍കി ആകര്‍ഷിപ്പിക്കുന്നു. അതും പഴയ കണിശതയെല്ലാം ഒഴിവാക്കി പരിചയസമ്പത്തുപോലും വേണ്ടാതെ നേരിട്ട് വിദേശത്തേക്ക് ചില രാജ്യങ്ങള്‍ കൊണ്ടുപോവുന്നു. അഥവാ, ആരോഗ്യ മേഖല ഊര്‍ജ്ജിതപ്പെടുത്താന്‍ രാജ്യത്തിന്റെ കണിശമായ നിയമങ്ങളില്‍പോലും അയവുകള്‍ വരുത്തുന്നു. ഏറ്റവുമധികം ആവശ്യക്കാരേറുന്ന നഴ്‌സിംഗ് സേവനക്കാര്‍ കേരളത്തിലെ നഴ്‌സുമാരാണ്.

പക്ഷേ നമ്മുടെ സ്രോതസിനെ ഉപയോഗപ്പെടുത്താന്‍ നമ്മുടെ നാടിനും സര്‍ക്കാരിനും സാധിക്കുന്നില്ല. അതിന് മുതിരുന്നില്ല. പകരം, ആരോഗ്യ കേരളം ഒന്നാമത് എന്ന ബോര്‍ഡ് സ്ഥാപിക്കുന്ന തിരക്കിലാണ്. ഒരു വര്‍ഷത്തില്‍ ഇറങ്ങുന്ന ആയിരക്കണക്കിന് ബി.എസ്.സി, എ.എന്‍.എം നഴ്‌സുമാരെ നിര്‍ബന്ധിതമായും ഈ നാടിന് സേവനം ലഭിക്കുന്ന രീതിയില്‍ നിയമങ്ങളെ പുതിയതായി രൂപപ്പെടുത്തണം. സര്‍ക്കാര്‍ ആരോഗ്യ പരിചരണം ശക്തമായി രൂപപ്പെടുത്താന്‍ സ്വന്തം നാട്ടില്‍ തന്നെ വേതനം അര്‍ഹിക്കുന്ന തോതില്‍ നല്‍കേണ്ടതുണ്ട്. ഈ നാടിന്റെ ആരോഗ്യം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതില്‍ വീഴ്ച വരുത്തിയാല്‍ ജനം കൃത്യമായി രീതിയില്‍ വിലയിരുത്തും. അത് എത്ര പിപ്പിടി വിദ്യ ഉപയോഗിച്ച് കേരളീയ ജനതയുടെ കണ്ണില്‍ പൊടിയിട്ടാലും വിലപ്പോവില്ല. നിങ്ങളുടെ ഓരോ നിമിഷവും വിലയിരുത്തപ്പെട്ടുകൊണ്ടേയിരിക്കും. കാരണം, കേരളീയ ജനത സാക്ഷരത പൂര്‍ണമായും കൈവരിച്ചവരാണ്. അവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുക്കൊണ്ടേയിരിക്കും. എത്ര മറച്ചുപിടിച്ചാലും ഉത്തരം നല്‍കേണ്ടി വരിക തന്നെ ചെയ്യും.

Test User: