X
    Categories: Health

ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളുടെ രോഗപ്രതിരോധശേഷി അപകടത്തിലാണ്

കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ ശക്തിയെ പറ്റി ആശങ്കപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. നല്ലഭക്ഷണവും, ജീവിതരീതിയും രോഗപ്രതിരോധശേഷിക്ക് വളരെ അത്യാവശ്യമുള്ള ഘടകങ്ങളാണ്. നല്ല ആരോഗ്യശീലങ്ങളുണ്ടായിട്ടും ഈ ലക്ഷണങ്ങളുണ്ടോ, എങ്കില്‍ നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷി കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

1. വിട്ടുമാറാത്ത അണുബാധകള്‍

വര്‍ഷത്തില്‍ മൂന്നില്‍ കൂടുതല്‍ തവണ പിടിപെടുന്ന പനിയും ജലദോഷവും അവ മാറാന്‍ സാധാരണയിലും കൂടുതല്‍ സമയമെടുക്കുന്നതും രോഗപ്രതിരോധശേഷി കുറവാണെന്നതിന്റെ സൂചനയാണ്. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും ഇതേ കാരണം കൊണ്ടാവാം. അമേരിക്കന്‍ അക്കാദമി ഓഫ് അലര്‍ജി, ആസ്ത്മ, ഇമ്മ്യൂണോളജിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഒരു വര്‍ഷത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ആന്റിബയോട്ടിക് മരുന്നുകള്‍കൊണ്ടുള്ള ചികിത്സ എടുക്കുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് രോഗപ്രതിരോധശക്തിയുടെ കുറവാണെന്നാണ്.

2. ഉദരരോഗങ്ങള്‍

നമ്മുടെ പ്രതിരോധശക്തിയും ഉദരവും ആയി വലിയ ബന്ധമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തമാശയല്ല. കാരണം അന്നനാളം മുതല്‍, ആമാശയവും, വന്‍കുടലും ചെറുകുടലും എല്ലാം ഉള്‍പ്പെടുന്ന ദഹനവ്യവസ്ഥയില്‍ ധാരാളം നല്ല ബാക്ടീരിയകളുണ്ട്. ഇവ ദഹനത്തിന് വലിയ സഹായമാണ് ചെയ്യുന്നത്. ഒപ്പം ആന്റിബോഡികളുടെ നിര്‍മാണത്തിലും വലിയ പങ്കുണ്ട്. ആവര്‍ത്തിച്ചു വരുന്ന വയറിളക്കം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ രോഗപ്രതിരോധശക്തിയെയും ബാധിക്കും.

3.. മൗത്ത് അള്‍സര്‍, വായ്പ്പുണ്ണ്

വായില്‍ പല്ലുകൊണ്ടും മറ്റും ഉണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ സമയം കൂടുതലെടുക്കുന്നതും രോഗപ്രതിരോധശേഷിയുടെ കുറവാകാം. പനി പോലുള്ള രോഗങ്ങള്‍ വരുമ്പോള്‍ ചിലര്‍ക്ക് വായ്പ്പുണ്ണ് വരാറുണ്ട്. അതുപോലെ സ്‌ട്രെസ്സ് അധികമാകുന്നതും വായ്പ്പുണ്ണിന് വഴിവക്കും. ഇവയെല്ലാം രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന പ്രശ്‌നങ്ങളുമാണ്.

4. മാറാത്ത ക്ഷീണം

എത്ര ഉറങ്ങിയിട്ടും വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടോ.. അതും രോഗപ്രതിരോധശേഷിയെ ബാധിക്കാം. ചിലപ്പോള്‍ മറ്റ് രോഗങ്ങളോ പോഷകാഹാരക്കുറവോ കൊണ്ടാവാം ഈ ക്ഷീണം. രോഗപ്രതിരോധശക്തി നിലനിര്‍ത്തുന്നതിന് ശരീരം ഊര്‍ജത്തോടെയും ആരോഗ്യത്തോടെയും ഇരിക്കേണ്ടത് അത്യാവശ്യമാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിധം ക്ഷീണമുണ്ടെങ്കില്‍ വേഗം ഡോക്ടറെ കണ്ടോളൂ.

Test User: