ജമ്മു കാശ്മീരിനെ കീറിമുറിച്ചല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, കാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ജമ്മു കശ്മീരിലെ ജനങ്ങളേയും നേതാക്കളേയും തടവിലാക്കി അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ദേശീയോദ്ഗ്രഥനം എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഇത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. രാജ്യമെന്നാൽ ജനമാണ്, കേവലം കുറേ ഭുപ്രദേശം മാത്രമല്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ രഹസ്യ സ്ഥലങ്ങളില്‍ ജയിലിലടച്ചിട്ടുണ്ട്. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചു.
ഈ നടപടി പൊട്ടത്തരവും ദീര്‍ഘ വീക്ഷണമില്ലാത്തതുമാണ്. പ്രമുഖ നേതാക്കളെ കേന്ദ്രം തടവിലാക്കിയതോടെ ആ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് തീവ്രവാദികള്‍ എത്തിപ്പെടാന്‍ കാരണമാവുമെന്നും രാഹുല്‍ കുറിച്ചു. തടവിലാക്കപ്പെട്ട നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം കരുതല്‍ തടങ്കലില്‍ത്തന്നെയാണ്. മുന്‍മുഖ്യമന്ത്രിമാരായ പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ വീട്ടു തടങ്കലിലായിരുന്നു. ഇവരെ തിങ്കളാഴ്ചയോടെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിനെയും സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയെയും ഞായറാഴ്ച തന്നെ വീട്ടു തടങ്കലിലാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധം വകവെക്കാതെയായിരുന്നു അമിത് ഷാ ബില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന നീക്കങ്ങള്‍ക്ക് ഒടുവിലാണ് പാര്‍ലമെന്റിനെ അപ്രസക്തമാക്കി ബില്‍ അവതരിപ്പിച്ചത്.
വന്‍ സൈനിക വിന്യാസമാണ് കശ്മീരില്‍ നടത്തിയത്. പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തു. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി സംസ്ഥാനത്തെ മൊത്തം സൈനിക വലയത്തിനുള്ളിലാക്കിയതിന് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയുമില്ലാതെ ഏകപക്ഷീയമായി ബില്‍ അടിച്ചേല്‍പിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലാണ്.