X

ഈ നരനായാട്ട് എന്തിനുവേണ്ടി-എഡിറ്റോറിയല്‍

കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ വക്താക്കളായ നൂപുര്‍ശര്‍മയും നവീന്‍ ജിന്‍ഡാലും നടത്തിയ പ്രവാചകനെതിരായ വര്‍ഗീയ പ്രസ്താവനകളുടെ ചുവടുപിടിച്ച് രാജ്യത്തെ ഭരണകൂടങ്ങള്‍ അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം അതിനെതിരെ പ്രതിഷേധിച്ച പൗരന്മാരെ അടിച്ചമര്‍ത്താനാണ് തിരിഞ്ഞിരിക്കുന്നതെന്നുവേണം മനസിലാക്കാന്‍. മെയ് 26ന് ടൈംസ്‌നൗ ടി.വി ചാനലില്‍ നൂപുര്‍ശര്‍മ നടത്തിയ വിഷലിപ്തമായ പ്രസ്താവനയുടെ അലയൊലി അന്താരാഷ്ട്ര തലത്തില്‍വരെ വീശിയടിക്കുമ്പോഴും അതിനുത്തരവാദികളായവരെ ശിക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ യാതൊരു താല്‍പര്യവും കാട്ടുന്നില്ല. ആകെ ഉണ്ടായിരിക്കുന്നത് നൂപുറിനെതിരെയും ജിന്‍ഡാലിനെതിരെയും ഇവര്‍ക്കെതിരെ പ്രതികരിച്ചവര്‍ക്കെതിരെയും കേസെടുക്കുക മാത്രമാണ്. അറസ്റ്റില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ഒരാഴ്ചയായി യു.പിയിലും മറ്റും വിശ്വാസികളായ സാധാരണക്കാര്‍ക്കെതിരെ നരനായാട്ട് നടത്തുകയാണ് പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പി ഭരണകൂടങ്ങള്‍. കാണ്‍പൂരില്‍ ജൂണ്‍മൂന്നിന് വെള്ളിയാഴ്ച പ്രസ്താവനയില്‍ പ്രതിഷേധിച്ച് മുസ്്‌ലിം സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനെതുടര്‍ന്ന് അതിനെതിരെ സായുധമായാണ് വര്‍ഗീയവാദികളായ സംഘ്പരിവാരം ചെയ്തത്. ഇതില്‍ നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. പൊലീസാകട്ടെ നിരപരാധികളായ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് മര്‍ദിക്കാനും ജയിലിലടക്കാനുമാണ് താല്‍പര്യം കാട്ടിയത്. ഇതിനകം കാണ്‍പൂരില്‍ മാത്രം 55 പേരെ അറസ്റ്റ് ചെയ്തു. ഇന്നലെയും അറസ്റ്റും മര്‍ദനവും തുടര്‍ന്നു. രാജ്യത്താകെയും ഇതാവര്‍ത്തിക്കപ്പെട്ടു. ഇന്നലെ ജുമുഅ നമസ്‌കാരത്തിന് ശേഷം ഡല്‍ഹി ജമാമസ്ജിദിന് പുറത്ത് തടിച്ചുകൂടിയ വിശ്വാസികള്‍ തങ്ങളുടെ സ്വാഭാവിക പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. യു.പിയിലും ബീഹാറിലും കര്‍ണാടകയിലും കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ പ്രതിഷേധം ഉയര്‍ന്നു. ഇവിടെയെല്ലാം പൊലീസ് നരനായാട്ടാണ് നടത്തിയത്. പ്രകടനക്കാര്‍ ആവശ്യപ്പെടുന്നത് മുഹമ്മദ്‌നബി (സ) ക്കെതിരായ പ്രസ്താവനക്കെതിരെ അറസ്റ്റുണ്ടാകണമെന്നാണ്. ഇതാകട്ടെ ഭരണഘടന അനുവദിക്കുന്ന ന്യായമായ ആവശ്യം മാത്രമാണ്.

കഴിഞ്ഞദിവസം രാത്രി മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ്ബഷീര്‍ കാണ്‍പൂര്‍ സന്ദര്‍ശിക്കുകയും പൊലീസ് പീഡിപ്പിച്ച നിരപരാധികളായ കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിക്കുകയുംചെയ്തു. എന്നാല്‍ മതിയായ യാതൊരു കാരണവുമില്ലാതെ അദ്ദേഹത്തെയും സംഘത്തെയും തടയുകയാണ് പൊലീസ് ചെയ്തത്. ജനാധിപത്യത്തില്‍ പ്രതിഷേധത്തിനുള്ള ജനങ്ങളുടെ മാര്‍ഗങ്ങളിലൊന്നാണ് ഹര്‍ത്താലും പ്രകടനവും. പീഡിപ്പിക്കപ്പെട്ടവരെ കാണുക എന്നത് ഏതൊരു രാഷ്ട്രീയ നേതാവിന്റെയും ഉത്തരവാദിത്തവുമാണ്. എന്നാല്‍ കുടുംബങ്ങളെ ഭീഷണിപ്പെടുത്തി നിരപരാധികളെ അറസ്റ്റുചെയ്യുന്നത് തുടരുകയാണ് യോഗി ആദിത്യനാഥിന്റെ പൊലീസ്. ഇ.ടി മുഹമ്മദ്ബഷീറിനെ കാണ്‍പൂരില്‍നിന്ന് അര്‍ധരാത്രി 35 കിലോമീറ്ററോളം പൊലീസ് അകമ്പടിയോടെ കൊണ്ടുചെന്ന് ഡല്‍ഹിയിലേക്ക് കടത്തിവിടുകയായിരുന്നു യു.പി പൊലീസ്. അതില്‍ പ്രതിഷേധിച്ച് രാത്രി റോഡരികില്‍ കുത്തിയിരിപ്പ് നടത്താനും അദ്ദേഹം നിര്‍ബന്ധിതനായി. മൂന്നു കിലോമീറ്ററകലെ സര്‍ക്കാരിന്റെ അതിഥി മന്ദിരത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യു.പി പൊലീസ് എം.പിയെ തിരിച്ചയച്ചത്. ഇന്നലെ അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് വ്യക്തമാക്കിയെങ്കിലും ഇതേക്കുറിച്ച് വിശദീകരിക്കാന്‍ പൊലീസോ സര്‍ക്കാര്‍ വക്താക്കളോ തയ്യാറായിട്ടില്ല. ഇതിനൊക്കെ പിന്നില്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് വ്യക്തമല്ലേ.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നൊരു ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇതാണോ സത്യത്തില്‍ ഉണ്ടാകേണ്ടത്. മുമ്പ് ഗുജറാത്ത് വംശീയ കലാപസമയത്ത് മുന്‍കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ ഇ. അഹമ്മദ് അഹമ്മദാബാദിലും മറ്റും നടത്തിയ സന്ദര്‍ശനം ഈയവസരത്തില്‍ സ്മരണീയമാണ്. അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയി ഇടപെട്ടാണ് സന്ദര്‍ശനത്തിന് അനുമതി ലഭിച്ചതെങ്കില്‍ ഇന്ന് പ്രധാനമന്ത്രിയെ ഒന്ന് ഫോണ്‍ ചെയ്യാന്‍പോലും അനുവാദമില്ലാത്ത അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത.് പൗരത്വ പ്രക്ഷോഭകാലത്ത് ‘വസ്ത്രം കണ്ടാല്‍ പ്രതിഷേധക്കാരെ തിരിച്ചറിയാ’മെന്നു പറഞ്ഞ പ്രധാനമന്ത്രിയും 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള മല്‍സരമാണ് തിരഞ്ഞെടുപ്പെന്നു പറഞ്ഞ യു.പി മുഖ്യമന്ത്രിയും ഒരേ തൂവല്‍പക്ഷികളായിരിക്കുന്ന കാലത്ത് രാജ്യത്തെ മുസ്‌ലിംകളുടെ അവസ്ഥയെന്തായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. യു.പിയില്‍ റോഡരികില്‍ കച്ചവടം നടത്തുന്ന വയോധികനോട് ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നാക്രോശിക്കുന്ന, പൊലീസിനോടൊപ്പം മുസ്്‌ലിം യുവാവിനെ മര്‍ദിക്കുന്ന ബി.ജെ.പിക്കാരുള്ളപ്പോള്‍ പിന്നെ ആരുടെകൂടെയാണ് ഭരണകൂടങ്ങളെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ‘അരിയും തിന്ന് ആശാരിയെയും കടിച്ച് പിന്നെയും മുറുമുറു’ എന്നതു പോലെയായിരിക്കുന്നു അവയുടെ ഇന്നത്തെ അവസ്ഥ.

Chandrika Web: