X

ഈ മാതൃരക്ഷ അഭിമാനകരം-എഡിറ്റോറിയല്‍

‘ഓരോ ശിശുരോദനത്തിലും കേള്‍പൂ, ഒരു കോടി ഈശ്വര വിലാപം’. എന്നാണ് കവിവാക്യം. അമ്മമാരുടെയും മറ്റേതൊരു മനുഷ്യന്റെയും കാര്യത്തിലും ഇതുതന്നെയാണ് സത്യം. നാടിന്റെയും ജനങ്ങളുടെയും പുരോഗതിയെക്കുറിച്ച് സദാ വായിട്ടടിക്കുന്ന കാലമാണ് നമ്മുടേത്. പുരോഗതിയുടെ അളവുകോലായി കൊണ്ടാടാറുള്ളത് രാജ്യത്തിന്റെ ആളോഹരി വരുമാനവുമായി താരതമ്യപ്പെടുത്തിയാണ്. ഇതുകൊണ്ടൊന്നും സമൂഹത്തിലെ ഏറ്റവും താഴേക്കിടക്കുന്നവന്റെ/അവളുടെ/കുടുംബത്തിന്റെ ജീവിതനിലവാരം കൃത്യമാംവിധം തിട്ടപ്പെടുത്താനാവില്ല. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണവസ്ഥ. എന്നാല്‍ ഓരോ പ്രസവത്തിലും മരണമടയുന്ന ശിശുക്കളുടെയും അമ്മമാരുടെയും കണക്ക് (മാതൃമരണനിരക്ക്) ഒരുനാടിന്റെ ഏകദേശമുഖം വ്യക്തമാക്കുന്നുവെന്ന് നിസ്സംശയം പറയാം. അത്തരമൊരു റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം കേരളത്തെക്കുറിച്ച് പുറത്തുവന്നിരിക്കുന്നത്. 2017-19 ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ഒരു ലക്ഷംപ്രസവത്തില്‍ മരണപ്പെടുന്ന അമ്മമാരുടെ സംഖ്യ 30 ആയി എന്ന വാര്‍ത്തയാണത്. 2015-17ല്‍ ഇത് 43 ആയിരുന്നു. മരണത്തില്‍ ആര്‍ക്കും സന്തോഷിക്കാന്‍ കഴിയില്ലെങ്കിലും, മരണസംഖ്യ കുറഞ്ഞുവന്നതില്‍ തീര്‍ച്ചയായും നമുക്ക് ആഹ്ലാദിക്കാനും അഭിമാനിക്കാനും വകയുണ്ട്. ഐക്യരാഷ്ട്രസംഘടന നിശ്ചയിച്ച സമയപരിധിക്ക് മുമ്പുതന്നെ സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാനായി. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പക്ഷേ നമ്മുടേത് ഇന്നും ഞെട്ടിപ്പിക്കുന്ന തോതില്‍ തന്നെയാണ്-ആയിരം പ്രസവത്തിന് 6 മരണം; ലക്ഷത്തില്‍ 600. ദേശീയശരാശരി ഇത് 2800ഉം!

ആരോഗ്യരംഗത്തെ കഴിഞ്ഞ പത്തു വര്‍ഷത്തിലധികം നീണ്ട തീവ്രപരിശ്രമങ്ങള്‍ക്കൊടുവിലാണ് കേരളം ഈ അഭിമാനനേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആയിരംപ്രസവത്തില്‍ മരണമടയുന്ന അമ്മമാരുടെ എണ്ണം 103 ആണ് എന്നതാലോചിക്കുമ്പോള്‍ കേരളത്തിന്റേത് തീര്‍ച്ചയായും വലിയ നേട്ടം തന്നെയാണ്. ആഗോളതലത്തില്‍ ലക്ഷംപ്രസവത്തില്‍ മാതൃ മരണസംഖ്യ 2019ല്‍ 152 ആണ്. ഓരോ കുടുംബങ്ങളെയും സ്ത്രീകളെയും മുന്നില്‍കണ്ടും നേരില്‍കണ്ടുമുള്ള പരിചരണരീതിയാണ് ഇതിന് വഴിതെളിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിനായി പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയാണ് ഈ ഫലം. പ്രവസവത്തോടനുബന്ധിച്ച് സ്ത്രീകളിലുണ്ടാകുന്ന പക്ഷാഘാതം, അതിരക്തസമ്മര്‍ദം, രക്തദൂഷണം, ജലനിര്‍ഗമനം തുടങ്ങിയവയാണ് അമ്മമാരുടെ മരണത്തിന് കാരണമാകുന്നതെന്ന്പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. യുവതികളില്‍ ഉണ്ടാകാറുള്ള മാനസികസമ്മര്‍ദവും തന്മൂലമുള്ള ആത്മഹത്യകളും മരണനിരക്ക് വര്‍ധിക്കാന്‍ ഒരു കാരണമാണ്. ഇതിനായി സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രത്യേക കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. കേന്ദ്ര ആരോഗ്യവകുപ്പിന്റെ 2012ല്‍ ആരംഭിച്ച ജനനീസുരക്ഷായോജന പദ്ധതി വഴിയാണ് ഇത് സാധിച്ചെടുത്തത്. ഇന്നും കേരളത്തിലെ പ്രസവങ്ങളുടെ 35 ശതമാനവും നടക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണെന്നതാണ് ഇപ്പോഴും നിലനില്‍ക്കുന്ന മാതൃമരണങ്ങളുടെ ഒരു കാരണം. എങ്കിലും സര്‍ക്കാര്‍ ആശുപത്രികള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയെന്ന് പറയാതിരിക്കാനാവില്ല. സ്വകാര്യ ആശുപത്രികളില്‍ പ്രസവത്തിനായി പ്രവേശിക്കപ്പെടുന്നവര്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അഭയംതേടുന്നതാണ് അനുഭവം. ഇതുകൊണ്ടുകൂടിയായിരിക്കാം പൊതുമേഖലയിലെ ആശുപത്രികളില്‍ മരണനിരക്ക് ഏറാനിടയാകുന്നതും. എങ്കിലും സര്‍ക്കാര്‍- സ്വകാര്യം എന്ന രീതിയിലുള്ള കൃത്യമായ കണക്ക് ഇക്കാര്യത്തില്‍ ലഭ്യമല്ല.

ലക്ഷം പ്രസവത്തിലെ മാതൃമരണനിരക്ക് 2020ഓടെ 30 എന്നാക്കി കുറയ്ക്കണമെന്നാണ് ലോകരാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളിലൊന്നായി മുന്നോട്ടുവെച്ചിരുന്നത്. അത് ഒരു വര്‍ഷം മുമ്പുതന്നെ കൈവരിക്കാനായതാണ് പ്രബുദ്ധ കേരളത്തിന്റെ നേട്ടം. ഇതിന് വഴിവെച്ചതിന്് കാരണം ജനങ്ങളുടെ സാമ്പത്തികനിലവാരത്തിന്റെ ഉന്നതിക്കും അതിന് കാരണമായത് ഗള്‍ഫിലേതടക്കമുള്ള പ്രവാസികളുടെ കഠിനാധ്വാനത്തിനുമാണെന്ന് പറയാതെ വയ്യ. വികസിതരാജ്യമെന്ന് വിശേഷിപ്പിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളില്‍പോലും അമ്മമാരുടെ മരണനിരക്ക് വര്‍ധിച്ചുവരികയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റേത് തികച്ചും വ്യതിരിക്തമായ വഴിയാണെന്നതില്‍ സംശയമില്ല. പത്ത് വികസിതരാജ്യങ്ങളില്‍ അമേരിക്കയാണ് മാതൃമരണനിരക്കില്‍ മുന്നില്‍നില്‍ക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. എങ്കിലും അവിടെ പത്തില്‍ താഴെയാണ് മാതൃമരണനിരക്കെന്നതുകൂടി കാണണം. 2030ല്‍ ലോകത്തെ മാതൃമരണനിരക്ക് കുറഞ്ഞത് 70 ആയിരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചിരിക്കുന്നത്. 1990ല്‍ ഇത് 240 ആയിരുന്നു. ലക്ഷ്യം സാധ്യമാകണമെങ്കില്‍ ലോകാരോഗ്യസംഘടന നിശ്ചയിച്ചിരിക്കുന്ന കര്‍മപരിപാടികള്‍ ആസൂത്രിതമായി നടപ്പാക്കിയേതീരൂ. സംസ്ഥാനത്ത് അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകളിലെ വര്‍ധിച്ചുവരുന്ന ശിശു-മാതൃമരണനിരക്കും പോഷകാഹാരക്കുറവും ഈ വെല്ലുവിളി നേരിടുന്നതിന് തടസ്സമാണ്. കോവിഡ് കാലത്ത് കഴിഞ്ഞരണ്ടുവര്‍ഷത്തിനിടയില്‍ 90 അമ്മമാരാണ് പ്രസവത്തിനിടെ കേരളത്തില്‍ മരണമടഞ്ഞത് എന്നത് ഈ കണക്കിനിടയില്‍ ഒട്ടും ആശാസ്യവുമല്ല.

Test User: