മലയാള സിനിമയിൽ ഉയർന്നുവരുന്ന മീടൂ ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
‘‘മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.’’ – സുരേഷ് ഗോപി പറഞ്ഞു.
കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തിൽ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഉയർന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണെന്ന് ചൂണ്ടിക്കാണിച്ച സുരേഷ് ഗോപി മാധ്യമങ്ങളാണോ കോടതിയെന്നും ചോദിച്ചു.