കോഴിക്കോട് : വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത പതിനായിരങ്ങളെ നോക്കി തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാനും മുസ്്‌ലിംലീഗ് തമിഴ്‌നാട് സ്റ്റേറ്റ് പ്രിന്‍സിപ്പിള്‍ വൈസ് പ്രസിഡന്റുമായ എം. അബ്ദുറഹിമാന്‍ പറഞ്ഞു. ഇത് ജന സമുദ്രം, തൊട്ടുടനെ അദ്ദേഹം അറബി കടലിനെ നോക്കി പറഞ്ഞു അത് ജലസമുദ്രം. ഇങ്ങനെയൊരു കാഴ്ച അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. വഖഫ് ബോര്‍ഡിന്റെ അവകാശങ്ങളില്‍ കൈകടത്തുന്നതിനെതിരെ പതിനായിരങ്ങളാണ് ഒന്നിച്ചു കൂടിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ പ്രതിഷേധം കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയിലെ ഒരു സംസ്ഥാനത്തും വഖഫ് ബോര്‍ഡിന്റെ അധികാരത്തെ കവര്‍ന്നെടുക്കുന്ന ഇത്തരത്തിലൊരു നീക്കം ഒരു ഗവണ്‍മെന്റും നടത്തിയിട്ടില്ല. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ പിണറായി വിജയന് എങ്ങിനെ ധൈര്യം വന്നു. കേരള ഗവണ്‍മെന്റിന് എന്ത് നേട്ടമാണ് ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്. യു.പിയിലെ ബി.ജെ.പി ഗവണ്‍മെന്റ് പോലും ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മാണം നടത്തിയിട്ടില്ല. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. വഖഫുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് മുസ്്‌ലിംകളാണെന്നും എം അബ്ദുറഹിമാന്‍ പറഞ്ഞു.
വഖഫ് ബോര്‍ഡിന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായി വകവച്ചു തരുന്ന തമിഴ് സര്‍ക്കാറില്‍ നിന്നും മുഖ്യമന്ത്രി സ്റ്റാലിനില്‍ നിന്നും കേരള മുഖ്യമന്ത്രിക്ക് പഠിക്കാനുണ്ട്. ഭരണ ഘടനാ പരമായ അവകാശങ്ങളുള്ള സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കം പ്രതിഷേധകരമാണ്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് നിയമസഭ വിളിച്ചു കൂട്ടി ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.